അതിതീവ്രമഴയ്ക്ക് പിന്നാലെ പ്രളയം; പാകിസ്ഥാനില്‍ മരണം 1,500
കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും പല തരത്തിലാണ് അനുഭവപ്പെടുന്നത്. വടക്കന്‍ യുഎസിലും തെക്കന്‍ യൂറോപ്പിലും വടക്കന്‍ ചൈനയിലും അത് ഉഷ്ണതരംഗമായി അനുഭവപ്പെടുമ്പോള്‍ തെക്കന്‍ അമേരിക്കയിലും വടക്കന്‍ യൂറോപ്പിലും തെക്കന്‍ ചൈനയിലും അതിശക്തമഴ അനുഭവപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാന്‍ മേഖലകളിലും അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പ്രദേശത്തെ ഏതാണ്ട് 33 ദശലക്ഷം മനുഷ്യരെ മഴ വിനാശകരമായ തരത്തില്‍ ബാധിച്ചു. മഴയ്ക്ക് പിന്നാലെ അനുഭവപ്പെട്ട പ്രളയം പാകിസ്ഥാന്‍റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വേൾഡ് വെതർ ആട്രിബ്യൂഷന്‍റെ വിശകലനമനുസരിച്ച്, ചൂട് കുറവുള്ള പ്രദേശത്ത് ഉണ്ടാകുമായിരുന്നതിനേക്കാൾ 75 % കൂടുതൽ തീവ്ര മഴയാണ് ഈ മേഖലകളില്‍ അനുഭവപ്പെട്ടതെന്നാണ്.
പാകിസ്ഥാനില്‍ ഇതുവരെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഏകദേശം 1,500 ആയി ഉയർന്നു. രാജ്യത്തിനുണ്ടായ നാശനഷ്ടം ഏതാണ്ട് 30 ബില്യൺ ഡോളർ കവിഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദശലക്ഷത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആയിരക്കണക്കിന് സ്കൂളുകളും ആരോഗ്യ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു.
“മഴയുടെ അളവ് ഞെട്ടിപ്പിക്കുന്നതാണ്, ഇത് അഭൂതപൂർവമായ ദുരന്തമായിരുന്നു,” കേംബ്രിഡ്ജ് സർവകലാശാലയിലെ ഭൂമിശാസ്ത്ര അസിസ്റ്റന്‍റ് പ്രൊഫസർ ആയിഷ സിദ്ദിഖി പറഞ്ഞു. "അതേ സമയം, നിരവധി വർഷങ്ങളായി നിർമ്മിച്ച കേടുപാടുകളുടെ ഫലമാണ് ഇപ്പോഴത്തെ ദുരന്തം." എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനിലെ നിർമ്മിത പരിസ്ഥിതിയും സാമൂഹിക സാഹചര്യങ്ങളും മൺസൂണിന്‍റെ ആഘാതത്തെ വർദ്ധിപ്പിച്ചു. വെള്ളപ്പൊക്ക സാധ്യതയുണ്ടായിരുന്ന സമതലങ്ങളിലാണ് ഏറ്റവും കൂടുതല്‍ നിര്‍മ്മാണങ്ങള്‍ ഉണ്ടായത്. അടിസ്ഥാന സൗകര്യങ്ങളും ഫാമുകളും എല്ലാം സമതലങ്ങളിലായിരുന്നു. ഇവയെല്ലാം തന്നെ പ്രളയത്തില്‍ മുങ്ങി.
രാജ്യത്തെ വടക്കൻ പർവതങ്ങളില്‍ പെയ്ത റെക്കോർഡ് മൺസൂൺ മഴയും അതോടൊപ്പം ഹിമാനികൾ ഉരുകുകയും ചെയ്തതോടെ വെള്ളപ്പൊക്കം അതിരൂക്ഷമായി. രാജ്യത്തെ 220 ദശലക്ഷം ജനസംഖ്യയിൽ 33 ദശലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചു. കൃഷിയിടങ്ങളും വീടുകളും കന്നുകാലികളും റോഡുകളും നഷ്ടപ്പെട്ടതടക്കം ഏതാണ്ട് 30 ബില്യൺ ഡോളറിന്‍റെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
മരണ സംഖ്യ 1,486 ആണെന്നാണ് ഔദ്ധ്യോഗിക അറിയിപ്പ്. ഇതില്‍ 530 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. സെപ്തംബർ 9 ന് ശേഷം രാജ്യത്തുടനീളമുള്ള ആദ്യത്തെ മൊത്തം മരണക്കണക്കുകള്‍ കൂടി ചേര്‍ത്തുമ്പോള്‍ 90 പേര്‍ കൂടി മരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പാക്കിസ്ഥാനിൽ 391 മില്ലിമീറ്റർ (15.4 ഇഞ്ച്) മഴയാണ് ലഭിച്ചത്. ഇത് 30 വർഷത്തെ ശരാശരിയേക്കാൾ 190 % കൂടുതലാണ്. മഴ ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ സിന്ധ് പ്രവിശ്യയിൽ ഈ കണക്ക് 466 % മായി ഉയര്‍ന്നു.
വേനല്‍ക്കാലത്ത് രാജ്യം റെക്കോഡ് ചൂടിനെ നേരിടുമ്പോള്‍ തന്നെ പ്രളയ ജലത്താല്‍ ആയിരക്കണക്കിന് പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് റോഡ് വക്കിലെ ടെന്‍റുകളിലും തുറസായ പ്രദേശങ്ങളിലും താമസിപ്പിക്കേണ്ടിവന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് സര്‍ക്കാറും ഐക്യരാഷ്ട്രസഭയും അറിയിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും യുഎസിൽ നിന്നുമുള്ള സഹായ വിമാനങ്ങൾ ഇന്നലെ പാകിസ്ഥാനിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പുനർനിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലാണ്.
മഴയുടെ തീവ്രതയിൽ സിന്ധു നദി കരകവിഞ്ഞൊഴുകി. വ്യപകമായി ഉണ്ടായ മണ്ണിടിച്ചിലുകളും നഗരങ്ങളിലെ വെള്ളപ്പൊക്കവും പല പ്രദേശങ്ങളും മുക്കി. മൺസൂൺ മേഖലയുടെ അരികിലാണ് പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ വർഷാവർഷം മഴയുടെ അളവ് വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു.
2010 ലാണ് പാകിസ്ഥാനില്‍ അവസാനമായി പ്രളയം റിപ്പോര്‍ട്ട് ചെയ്തത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രദേശത്ത് വരും വര്‍ഷങ്ങളില്‍ അതിതീവ്ര മഴയ്ക്കും പ്രളയത്തിനുമുള്ള സാധ്യത വര്‍ദ്ധിച്ചെന്നും കാലാസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ വേനൽക്കാലത്ത് 60 ദിവസത്തെ കാലയളവിൽ ഏറ്റവും ശക്തമായ മഴ ലഭിച്ച സിന്ധ് നദീതടത്തില്‍ പതിവിനേക്കാൾ 50% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളില്‍ മഴ ഏറ്റവും കൂടുതല്‍ പെയ്തിറങ്ങിയ അഞ്ച് ദിവസങ്ങളിൽ മാത്രം ഏകദേശം 75 % മാണ് മഴയുടെ വർദ്ധനവ് രേഖപ്പെടുത്തിയത്. പാകിസ്ഥാനില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സംഭാവനയെക്കുറിച്ച് കൃത്യമായ കണക്ക് സ്ഥാപിക്കാൻ പ്രയാസമാണെങ്കിലും, ദുരന്തങ്ങളില്‍ ആഗോളതാപനത്തിന്‍റെ വിരലടയാളം വളരെ വ്യക്തമാണെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള ഫ്രെഡറിക് ഓട്ടോ ചൂണ്ടിക്കാട്ടുന്നു.