മണല്‍ ഡ്രഡ്ജിങ്ങ് ; നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോവളത്ത് കട്ടമരം കടലിലിറക്കി ചിപ്പിതൊഴിലാളികളുടെ പ്രതിഷേധം
വിഴിഞ്ഞം ഹാര്‍ബറിന്‍റെ ആവശ്യത്തിനായി മണല്‍ ഡ്രഡ്ജിങ്ങ് മൂലം കോവളത്ത് തൊഴില്‍ നഷ്ടമായ ചിപ്പി തൊഴിലാളികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തീരപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ സമരം. ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം തീരദേശമായ ലീല ബീച്ച് മുതല്‍ വിഴിഞ്ഞം ഹാര്‍ബര്‍ വരെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം തീര്‍ക്കാനായെത്തിയത്. എന്നാല്‍, മത്സ്യത്തൊഴിലാളികളെ ഹാര്‍ബറിന് സമീപത്തേക്ക് കടത്തിവിടാന്‍ പൊലീസ് തയ്യാറായില്ല. സ്ത്രീകളും പുരുഷന്മാരുമായി നൂറുകണക്കിന് പേര്‍ സമരത്തില്‍ പങ്കെടുത്തു.
വാണിജ്യ ഹാര്‍ബര്‍ നിര്‍മ്മാണത്തിന് വേണ്ടി നടത്തുന്ന മണല്‍ ഡ്രഡ്ജ്ജിംഗിന്‍റെ ഭാഗമായി കോവളം പ്രദേശത്ത് പരമ്പരാഗതമായി പാറക്കൂട്ടങ്ങളില്‍ നിന്ന് ചിപ്പിയെടുത്ത് ഉപജീവനം നടത്തുന്ന 200 -ഒളം ചിപ്പി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു.
അമിതമായ മണല്‍ വാരല്‍ മൂലം തീരദേശത്തെ ചിപ്പികളുടെ ആവസ്യ വ്യവസ്ഥ തകരുകയും ഇവയുടെ പ്രജനനം ഇല്ലാതാവുകയും ചെയ്തു. ഇതോടെ ചിപ്പി തൊഴിലാളികളുടെ വരുമാന മാര്‍ഗ്ഗം അടയുകയായിരുന്നു. (കൂടുതല്‍ ചിത്രങ്ങള്‍ക്കായി Read More -ല്‍ ക്ലിക്ക് ചെയ്യുക)
മുഖ്യമന്ത്രി, ഫീഷറീസ് മന്ത്രി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നെങ്കിലും പരിഹാര നടപടികളാകാത്തതിനാലാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് സമരസമിതി അറിയിച്ചു.
ഹാര്‍ബര്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന അധികാരികളുടെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ചിപ്പി തൊഴിലാളികള്‍ കടലില്‍ കട്ടമരം തുഴഞ്ഞ് ഉപരോധിച്ചത്.
വിഴിഞ്ഞം പദ്ധതി ആരംഭിച്ചപ്പോള്‍ പൂവ്വാറ് ഭാഗത്തുള്ള ഏതാണ്ട് 249 ചിപ്പി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നായിരുന്നു സര്‍ക്കാര്‍ കണക്ക് ഇവരുടെ പുനരധിവാസത്തിനായി പണം ചെലവാക്കിയിരുന്നു.
എന്നാല്‍ അടുത്തിടെ തുടങ്ങിയ ശക്തമായ മണല്‍ലൂറ്റ് കാരണം കോവളം പ്രദേശത്തും ഇപ്പോള്‍ ചിപ്പിക്ക് ധൌര്‍ലഭ്യം നേരിടുകയാണ്. ഇവരുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമരസമിതി ആരോപിച്ചു.
തങ്ങളുടെ ധ്യായമായ ആവശ്യത്തിന് വേണ്ടിയാണ് ഈ പോരാട്ടമെന്നും ലക്ഷ്യം നേടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളി നേതാവായ ആന്‍റോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ഇന്നത്തെ സമരം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വേളി മുതല്‍ പൂന്തുറ വരെയുള്ള മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് തലസ്ഥാനത്ത് കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
ബഹുരാഷ്ട്രാ കുത്തകള്‍ക്ക് സര്‍ക്കാര്‍ എല്ലാം തീരെഴുതുകയാണെന്നും പരമ്പരാഗത മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ആന്‍റോ പറഞ്ഞു.
കോവളത്തെ 200 ഓളം പേര്‍ക്ക് നേരിട്ടും അത്രതന്നെ പേര്‍ക്ക് പരോക്ഷമായും ചിപ്പി തൊഴിലിലൂടെ വരുമാനം ഉണ്ടായിരുന്നു. ഇത് ഇന്ന് നഷ്ടമായി. എന്നാല്‍ പകരം മറ്റൊരു വരുമാനമാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും ആന്‍റോ ആരോപിച്ചു.