കൊവിഡ്  ലോകമെമ്പാടും പടർന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് എല്ലാവരും. ജനങ്ങൾ പലതരം ആശങ്കകളിലേക്ക് പോകുന്ന ഈ അവസരത്തിൽ കമ്യൂണിറ്റി ട്രാൻസ്മിഷനേക്കുമെത്തിയോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. വരുന്ന രണ്ടാഴ്ചക്കാലം ഏറ്റവും ജാഗ്രത പുലർത്തേണ്ട സമയം ആണെന്നാണ് ഡോ. മനോജ് വെള്ളനാട്, ഡോ. നെൽസൺ ജോസഫ്, ഡോ. പി. എസ് ജിനേഷ് എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫോക്ലിനിക്കിന്‍റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം...

ആകെ മരണസംഖ്യ 10,000 കടന്നു, ഇന്നലെ മാത്രം ആയിരത്തിലധികം മരണങ്ങൾ. ലോകമാകെ അവലോകനം ചെയ്താൽ ഇതുവരെ ആകെ 240000 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 25000 ൽ കൂടുതൽ കേസുകൾ.

മരണ സംഖ്യയുടെ എണ്ണത്തിൽ ഇറ്റലി ചൈനയെ മറികടന്നു. ഇറ്റലിയിൽ ഇതുവരെ 3405 മരണങ്ങൾ, ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 427 മരണങ്ങൾ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 5300 ലധികം കേസുകൾ അടക്കം ആകെ കേസുകൾ 41000 കവിഞ്ഞു.

യൂറോപ്പിലെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3300 ലധികം കേസുകളും 197 മരണങ്ങളും. ഇതോടെ സ്പെയിനിൽ ഇതുവരെ ആകെ പതിനെണ്ണായിരത്തോളം കേസുകളും 837 മരണങ്ങളും. ജർമ്മനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2933 കേസുകൾ, മരണങ്ങൾ 16. ഇതുവരെ ആകെ 15320 ഓളം കേസുകളിൽ നിന്ന് 44 മരണങ്ങൾ.

ഫ്രാൻസിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആയിരത്തിഎണ്ണൂറിലധികം കേസുകളും 108 മരണങ്ങളും. ഇതുവരെ ആകെ 11000 ഓളം കേസുകളും 372 മരണങ്ങളും. യുകെയിൽ ഇന്നലെ മാത്രം 643 കേസുകളും 40 മരണങ്ങളും. ഇതുവരെ ആകെ 3200 ലധികം കേസുകളിൽ നിന്നും 144 മരണങ്ങൾ.

സ്വിറ്റ്സർലണ്ടിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1100 ലധികം കേസുകൾ, 10 മരണങ്ങൾ. ഇതുവരെ ആകെ 4200 ലധികം കേസുകളിൽ നിന്ന് 43 മരണങ്ങൾ. നെതർലൻഡ്സ്, ഓസ്ട്രിയ, ബെൽജിയം എന്നിവിടങ്ങളിൽ ഇന്നലെ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ ഇന്നലെ മാത്രം 4400 ലധികം കേസുകളും 39 മരണങ്ങളും, ഇതുവരെ ആകെ പതിമൂവായിരത്തിചില്വാനം കേസുകളിൽനിന്ന് 189 മരണങ്ങൾ.

ഇറാനിൽ ഇന്നലെ മാത്രം 1000 ലധികം കേസുകൾ, 149 മരണങ്ങൾ. ആകെ കേസുകൾ 18400 കടന്നു, മരണം 1284. തെക്കൻ കൊറിയയിൽ ഇന്നലെ പുതുതായി കണ്ടു പിടിച്ചത് 152 കേസുകൾ, ഇന്നലെ മരണസംഖ്യ 7. അവിടെ 8565 ഓളം കേസുകളിൽ നിന്ന് 91 മരണങ്ങൾ.

ചൈനയിൽ നിന്നും പുതിയ കേസുകളുടെ റിപ്പോർട്ടുകൾ വളരെ കുറവാണ്. ഹുബൈ-വുഹാൻ പ്രവിശ്യയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എൺപതിനായിരത്തിലധികം കേസുകളിൽ നിന്ന് 3245 മരണങ്ങൾ. ചൈനയിൽ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 70000 കടന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണം 2300 ൽ താഴെയായി.

ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 16, നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം 64. ലക്സംബർഗ്, ചിലി, തുർക്കി, മലേഷ്യ, പോർച്ചുഗൽ, നോർവേ, ഓസ്ട്രേലിയ, പാകിസ്ഥാൻ, അയർലണ്ട്, ബ്രസീൽ, ഇസ്രയേൽ, ചെക്ക് റിപ്പബ്ലിക്ക്, കാനഡ, സ്വീഡൻ, നോർവേ എന്നിവിടങ്ങളിൽ ഇന്നലെ മാത്രം നൂറിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ടിൽ ലഭിക്കുന്ന വിവരങ്ങൾ പതിനേഴാം തീയതി രാത്രി (00.00 CET 18.03.2020) വരെ ഉള്ളത് മാത്രമായതിനാൽ വിവരങ്ങൾ മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ചതാണ്.

പെറുവിൽ രാജ്യാതിർത്തികൾ അടച്ചതിന് പുറമേ മാർച്ച് 30 വരെ രാജ്യവ്യാപകമായി പകൽ പുറത്തിറങ്ങുന്നത് നിരോധിക്കുകയും രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. കൊളംബിയ രാജ്യാന്തര അതിർത്തി അടച്ചു, 30 ദിവസ കാലത്തേക്ക് പൗരന്മാർക്ക് പോലും പ്രവേശനമില്ല. മാർച്ച് 31 വരെ അർജൻറീന ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയിൽ 281000 പേർ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നൽകി.

കാർ നിർമ്മാണ കമ്പനികളോട് വെൻറിലേറ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ട് യുകെ. യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണറുടെ അഭ്യർത്ഥനയെ തുടർന്ന് യൂറോപ്പിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് സ്പീഡ് കുറച്ചു. മൊണാക്കോയിൽ പ്രിൻസ് ആൽബർട്ട് രണ്ടാമന് കൊറോണ സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏപ്രിൽ 30 വരെ നീട്ടി വച്ചു.

ജോർദാൻ ലോക്ക് ഡൗൺ ശക്തമാക്കി, തലസ്ഥാനമായ അമാൻ സൈന്യത്തിൻറെ നിയന്ത്രണത്തിലാക്കി. ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങരുതെന്ന് ഇസ്രയേൽ നിർദ്ദേശം നൽകി. ഏപ്രിൽ 25ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ശ്രീലങ്ക മാറ്റിവെച്ചു. ഈജിപ്ത് എല്ലാ വിമാനത്താവളങ്ങളും അടച്ചു. എല്ലാ വിമാന സർവീസുകളും നിരോധിച്ചു.

ഇന്ത്യയിൽ ഹെൽത് ആൻഡ് ഫാമിലി വെൽഫെയർ സ്ഥിരീകരിച്ച 173 കേസുകളാണ് അവസാനം വിവരം കിട്ടുമ്പോൾ ഉള്ളത് എങ്കിലും ആകെ കേസുകളുടെ എണ്ണം 200 നോട് അടുക്കുന്നുവെന്നാണ് മറ്റ് സോഴ്സുകൾ സൂചിപ്പിക്കുന്നത്.

നാലാമത്തെ മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു എന്നതാണ് ഇന്നലത്തെ പ്രത്യേകത. പഞ്ചാബിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. 72 വയസ് പ്രായമുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് കോവിഡിന് കീഴടങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ.

പുതുതായി ഗുജറാത്തും ഛത്തീസ്ഘട്ടും പോലെയുള്ള സംസ്ഥാനങ്ങളിൽക്കൂടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ പത്തൊൻപത് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കമ്യൂണിറ്റി ട്രാൻസ്മിഷനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നിട്ടുണ്ട്. ഐ.സി.എം.ആർ നടത്തിയ സെൻ്റിനൽ സർവെയിലൻസ് അത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസ് സംശയങ്ങൾ ഉയർത്തുകയാണു ചെയ്തിട്ടുള്ളത്.

ഡൽഹിയിൽ നിന്ന് ജോലി അന്വേഷിച്ച് തമിഴ്നാട്ടിലെത്തിയ യുവാവിൽ ഇക്കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പതിനാറാം തിയതിയാണ് യുവാവ് ചികിൽസ തേടിയത്. രണ്ട് ദിവസം ട്രെയിൻ യാത്രയ്ക്ക് ശേഷം പന്ത്രണ്ടാം തിയതിയാണ് യുവാവ് ഡൽഹിയിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയത്.

ഇയാൾക്ക് വിദേശ ട്രാവൽ ഹിസ്റ്ററിയോ അങ്ങനെയുള്ളവരുമായി സമ്പർക്കത്തിൻ്റെ ഹിസ്റ്ററിയോ ഇല്ല എന്നതാണ് കമ്യൂണിറ്റി ട്രാൻസ്മിഷൻ നടക്കുന്നുണ്ട് എന്ന സംശയം ഉയർത്താൻ കാരണം. പക്ഷേ ഇയാളുടെ കോണ്ടാക്റ്റ് ട്രേസിങ്ങ് അതേപോലെ ദുഷ്കരമാണ്. വിവിധ സംസ്ഥാനങ്ങളും എയർപോർട്ട് പോലെ ട്രേസ് ചെയ്യാൻ എളുപ്പമല്ലാത്ത റെയിൽ ഗതാഗതവും രോഗം എവിടെനിന്ന് കിട്ടിയെന്നും ആർക്കൊക്കെ ബാധിച്ചേക്കാമെന്നുമൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരം കൂടുതൽ പ്രയാസമേറിയതാക്കുന്നു.

ആ ചോദ്യങ്ങൾക്ക്‌ എല്ലാം കൃത്യമായ ഉത്തരം കിട്ടാതെ കമ്യൂണിറ്റി ട്രാൻസ്മിഷനെക്കുറിച്ച്‌ ഉറപ്പ്‌ പറയാനാവില്ല. ജനങ്ങളെ പരിഭ്രാന്തരാക്കിയേക്കാം എന്ന കാരണം പറഞ്ഞ്‌ പൊതുജന പങ്കാളിത്തത്തോടെയുള്ള കോണ്ടാക്റ്റ്‌ ട്രേസിങ്ങിൽ നിന്ന് സംസ്ഥാനങ്ങൾ വിട്ടുനിൽക്കുന്ന അവസ്ഥയുമുണ്ട്‌

ഇന്ത്യയുടെ ടെസ്റ്റുകളുടെ എണ്ണം ജനസംഖ്യയ്ക്ക് ആനുപാതികമായി കുറവാണെന്നും കേസുകൾ റിപ്പോർട്ട് ചെയ്തതിലുമധികം ഉണ്ടാവാമെന്നും സംശയങ്ങൾ പലവഴിക്ക് ഉയരുന്നുണ്ടെങ്കിലും ഉറപ്പിച്ച് പറയാവുന്നത് ഒന്നേയൊന്നാണ്, അതീവ ജാഗ്രത പുലർത്തേണ്ടുന്ന സമയമാണിതെന്ന്.

കേരളത്തിൽ 17-ഉം 18-ഉം തീയതികളിൽ ഒരു പുതിയ രോഗി പോലുമുണ്ടാവാത്തതിൻ്റെ ആശ്വാസം, അതുവരെ തുടർന്നുപോന്ന പ്രതിരോധപ്രവർത്തനങ്ങളെ ലാഘവത്തോടെ കാണാൻ ജനങ്ങളെ പ്രേരിപ്പിച്ചോ എന്ന് സംശയമുണ്ട്. പൊതുഗതാഗത സംവിധാനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും സാധാരണ പോലുള്ള തിരക്കുണ്ടായിരുന്നു കഴിഞ്ഞ ദിവസം.

അത്രയ്ക്കങ്ങ് റിലാക്സ് ചെയ്യാനുള്ള സമയമായില്ലെന്ന് മാത്രമല്ലാ, ഏറ്റവും ജാഗ്രത പുലർത്തേണ്ട സമയവും കൂടിയാണീ വരുന്ന രണ്ടാഴ്ചക്കാലം. ഇത്രയും നാൾ നമ്മൾ കാണിച്ച വലിയ ജാഗ്രതയുടെ ഗുണമാണ്, ദിവസേന ഒന്നും രണ്ടും രോഗികൾ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത്. ഇത് കൃത്യം ഇങ്ങനെ തന്നെ തുടർന്നാൽ, രണ്ടാഴ്ചകൊണ്ട് ഭീതിയുടെ ഒരു കടമ്പ നമ്മൾ കടന്നുവെന്ന് പറയാം.

അതിനകം മറ്റുരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടി രോഗവ്യാപനം നിയന്ത്രണ വിധേയമാകുക കൂടി ചെയ്താൽ മാത്രം നമുക്കും ആശ്വസിക്കാനുള്ള വകയായി. പക്ഷെ, അതിനിടയിൽ നമ്മുടെ നാട്ടിലും അപ്രതീക്ഷിതമായി ഉയർന്നതോതിൽ രോഗികളുണ്ടായാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിയും. അതൊഴിവാക്കാൻ വേണ്ടിയാണ് ആൾക്കൂട്ടങ്ങൾ ഉണ്ടാക്കരുതെന്നും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീണ്ടും വീണ്ടും പറയുന്നത്.

ഇന്നലെ ഒരു പുതിയ രോഗി കൂടി നമ്മുടെ സംസ്ഥാനത്തുണ്ടായി, കാസർഗോട്ട്. അയർലണ്ടിൽ നിന്നും വന്ന ഒരാളായിരുന്നു അത്. ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഇപ്പോൾ 25 ആയി. 31173 പേർ നിരീക്ഷണത്തിലുമുണ്ട്.

ജനങ്ങൾ പലതരം ആശങ്കകളിലേക്ക് പോകുന്ന ഈ അവസരത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പൊതുജനക്ഷേമ പദ്ധതികളുടെ 'കൊറോണ പാക്കേജ്' വലിയ കൈയടി അർഹിക്കുന്നുണ്ട്. ദുരന്തവേളയിൽ മനുഷ്യൻ്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും വെള്ളവും വൈദ്യുതിയുമൊക്കെ ക്ഷാമമില്ലാതെ ലഭിക്കുമെന്നത് തന്നെ വലിയൊരാശ്വാസം പകരും.

അത്തരം പ്രത്യാശ പകരുന്ന വാർത്തകൾക്കിടയിലും സർക്കാരെന്തിനാണ് പരീക്ഷകളുടെ കാര്യത്തിൽ ഇങ്ങനെ കടുംപിടുത്തം പിടിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിരവധി കുട്ടികൾ വളരെ ദൂരെ നിന്നുവരെ ബസിലൊക്കെ സഞ്ചരിച്ചാണ് പരീക്ഷയ്ക്ക് വരുന്നത്. അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷയെഴുതുന്ന സ്കൂളുകൾ വരെയുണ്ട്. അവിടെയെങ്ങനെയാണ് ഫിസിക്കൽ ഡിസ്റ്റൻസിംഗ് പ്രാവർത്തികമാകുന്നത്? നമ്മൾ കൈക്കൊണ്ട മറ്റു പ്രതിരോധ പ്രവർത്തനങ്ങളെയെല്ലാം ഒറ്റയടിക്ക് റദ്ദ് ചെയ്യാൻ അതുതന്നെ മതിയല്ലോ. സന്ദർഭത്തിനൊത്ത ഉചിതമായ തീരുമാനം സർക്കാർ ഇക്കാര്യത്തിൽ കൈക്കൊള്ളണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

കേരള ആരോഗ്യ വകുപ്പിൻറെ ഉത്തരവുപ്രകാരം ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് വിദേശരാജ്യങ്ങളിൽ നിന്നും വന്നവരുടെ ക്വാറന്റൈൻ തീരുമാനിക്കുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷൻ റിപ്പോർട്ട് വൈകുന്നു എന്നത് ഒരു പ്രശ്നമാണ്. ഇത് പ്രതിരോധനടപടികളെ ബാധിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

കൊവിഡ് രോഗത്തെ പറ്റി വ്യക്തമായ ധാരണയും പ്രതിരോധിക്കാൻ ആവശ്യത്തിന് സമയവും ലഭിച്ച പ്രദേശമെന്ന നിലയിൽ ഇന്ത്യയും നമ്മുടെ കേരളവും രോഗവ്യാപനത്തിൻ്റെ തീവ്രമായ മൂന്നാം ഘട്ടത്തെ ശക്തമായി തന്നെ പ്രതിരോധിക്കേണ്ടതാണ്. അതങ്ങനെ തന്നെയായിരിക്കുമെന്ന് പ്രത്യാശിക്കാം. സർക്കാരും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ അത് നടക്കൂ... ഓർക്കുക, നമുക്ക് മറ്റൊരു ഓപ്ഷനില്ല.