Asianet News MalayalamAsianet News Malayalam

കാൻസറിനെ കണ്ടെത്താം, പുതിയ റേഡിയോളജി സാങ്കേതിക വിദ്യകളിലൂടെ

വളരെ നേരത്തെ തന്നെ കാൻസർ കണ്ടെത്തി കൂടുതൽ ഫലപ്രദമായി നേരിടാൻ ഇന്ന് പല സാങ്കേതിക വിദ്യകളുമുണ്ട്. നിലവിൽ ലക്ഷണമൊന്നും ഇല്ലെങ്കിലും കാൻസർ ഉണ്ടാകാൻ സാധ്യതയുള്ളവർക്കിടയിൽ സ്‌ക്രീനിങ് നടത്താറുണ്ട്. കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർക്ക് കാൻസറിനുള്ള സാധ്യത വളരെ കൂടുതലാണ്. 

how to prevent cancer and know the screening test rse
Author
First Published Feb 4, 2023, 3:41 PM IST

ഇന്നത്തെ കാലത്ത് കാൻസർ എന്നത് ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. നമ്മുടെ അടുത്ത ആരെയെങ്കിലുമൊക്കെ എപ്പോഴും രോഗ ബാധിതരായി കണ്ടുമുട്ടുന്നു. കാൻസറിൽ നിന്നും ആരും പൂർണമായും സംരക്ഷിതരല്ല. എന്നാൽ ചില വിഭാഗം ആളുകൾ കാൻസർ വരാൻ കൂടുതൽ സാധ്യതയുള്ളവരാണ്. അവർ എപ്പോഴും ആരോഗ്യത്തിൽ ജാഗ്രത പാലിച്ചേ മതിയാകൂ. 

വളരെ നേരത്തെ തന്നെ കാൻസർ കണ്ടെത്തി കൂടുതൽ ഫലപ്രദമായി നേരിടാൻ ഇന്ന് പല സാങ്കേതിക വിദ്യകളുമുണ്ട്. നിലവിൽ ലക്ഷണമൊന്നും ഇല്ലെങ്കിലും കാൻസർ ഉണ്ടാകാൻ സാധ്യതയുള്ളവർക്കിടയിൽ സ്‌ക്രീനിങ് നടത്താറുണ്ട്. കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർക്ക് കാൻസറിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ കാൻസർ ബാധിക്കാൻ സാധ്യതയുള്ള കെമിക്കലുകൾ, റേഡിയേഷൻ, ബയോളജിക്കൽ ഉപയോഗങ്ങളുള്ള വ്യവസായങ്ങളിൽ ജോലി ചെയ്യുന്നവർ, പുകവലി, മദ്യപാനം, മയക്കുമരുന്ന് പോലുള്ള ശീലങ്ങൾ ഉള്ളവർ എന്നിവരിലെല്ലാം കാൻസർ അപകട സാധ്യത കൂടുതലാണ്.  

പല രാജ്യങ്ങൾക്കും ദേശീയ സ്‌ക്രീനിങ് പരിപാടികളുണ്ട്. ഉദാഹരണത്തിന്, ആമാശയ അർബുദം വളരെ സാധാരണമായ ജപ്പാനിൽ, കാൻസർ സ്‌ക്രീനിങ് പ്രോഗ്രാം 1983ൽ ആരംഭിച്ചതാണ്. ഒരുപാട് ജീവനുകൾ രക്ഷിക്കാനുമായിട്ടുണ്ട്. ഇന്ത്യയിൽ കാൻസർ സ്‌ക്രീനിങ് പരിപാടി ആരംഭിച്ചത് 2016ലാണ്. ഈ പരിപാടിയിലൂടെ ഇന്ത്യയിലെ 100 ജില്ലകളിൽ 30 കഴിഞ്ഞവരിൽ ഓറൽ, ബ്രെസ്റ്റ്, സെർവിക്കൽ കാൻസർ സ്‌ക്രീനിങ് നടക്കുന്നു. 

കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ആലോചനയുണ്ട്. അത് ദേശീയ തലത്തിൽ നടപ്പാക്കാത്തിടത്തോളം സുരക്ഷിതമായി നിലനിൽക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമായി തുടരും. അതിവേഗം വളരുന്ന ഇന്നത്തെ ലോകത്ത്  ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന രണ്ട് രോഗങ്ങളാണ് സ്തനാർബുദവും ശ്വാസകോശ അർബുദവും. സാധാരണ റേഡിയോളജി സ്‌കാനുകളിലൂടെ ഈ രണ്ട് കാൻസറുകളും കണ്ടെത്താം. 

സ്തനാർബുദം നേരത്തെ കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗം മാമോഗ്രാമാണ്. സ്തനങ്ങളുടെ ലളിതമായ എക്സ്-റേയാണിത്. ഏറ്റവും അടുത്തുള്ള ഏതെങ്കിലും സ്‌കാനിങ് സെന്ററിൽ ഈ പരിശോധന വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടത്താം. സാധാരണ മാമോഗ്രാമിൽ 87 ശതമാനം അസാധാരണതകളും കണ്ടെത്താനാകും. പുതിയ ഡിജിറ്റൽ മാമോഗ്രാമിൽ ഇത് 97 ശതമാനവുമാണ്. 

ബിആർസിഎ മ്യൂട്ടേഷൻ (സ്തനാർബുദ ജീൻ) ഗണത്തിലുള്ളവർ, കുടുംബത്തിൽ കാൻസർ ചരിത്രമുള്ളവർ, നെഞ്ചിൽ വളരെ നേരത്തെ റേഡിയഷൻ ഏറ്റിട്ടുള്ളവർ അതുമല്ലെങ്കിൽ കുടുംബ ചരിത്രത്തെ അടിസ്ഥാനമാക്കി 20 ശതമാനം കാൻസർ സാധ്യത ജന്മനാ ഉള്ളവർ തുടങ്ങിയ വിഭാഗത്തിൽ വരുന്ന സ്ത്രീകൾ അപകട സാധ്യത ഏറിയവരാണ്. 

അപകട സാധ്യത ചരിത്രമൊന്നും ഇല്ലാത്ത സ്ത്രീകൾ 50 വയസു കഴിഞ്ഞാൽ രണ്ടു വർഷം കൂടുമ്പോൾ ഒരിക്കല്ലെങ്കിലും മാമോഗ്രാം നടത്തണം. മാമോഗ്രാം സ്‌ക്രീനിങ് നേരത്തെയുള്ള ട്യൂമർ കണ്ടെത്താൻ സഹായിക്കും. സ്തനങ്ങൾ പൂർണമായും നീക്കം ചെയ്യേണ്ട സ്ഥിതി ഒഴിവാക്കാൻ ഇത് ഉപകാരപ്പെടും. 50 വയസ്സ് മുതൽ സ്‌ക്രീനിൽ കണ്ടെത്താൻ കഴിയുന്ന ക്യാൻസർ രോഗികളുടെ 4.3 ശതമാനം ജീവൻ മാമോഗ്രാഫി രക്ഷിക്കുന്നു. 

 പുകവലി അല്ലെങ്കിൽ റാഡോൺ, ആസ്ബെസ്റ്റോസ് അലെങ്കിൽ കാൻസറിന് കാരണമായേക്കാവുന്ന വസ്തുക്കളുമായി ഇടപഴകുന്നവരിൽ സാധാരണയായി കണ്ടു വരുന്നതാണ് ശ്വാസകോശ അർബുദം. സ്ഥിരമായി ശ്വാസകോശ രോഗമുള്ളവർക്കും ശ്വാസകോശ അർബുദ കുടുംബ ചരിത്രമുള്ളവർക്കും അപകട സാധ്യത ഏറെയാണ്. നെഞ്ചിന്റെ എക്സ്-റേയാണ് ഏറ്റവും ലളിതമായ മാർഗമെങ്കിലും സിടി സ്‌കാനിന്റെ അത്ര മികവ് ലഭിക്കില്ല.

സിടി സ്‌കാൻ ത്രിമാന കാഴ്ച നൽകുന്നു. അതുകൊണ്ട് തന്നെ എക്സ്-റേയേക്കാൾ കൂടുതൽ വ്യക്തമായി നേരത്തെ ട്യൂമർ കണ്ടെത്താൻ സഹായിക്കുന്നു. റേഡിയേഷൻ ഏൽക്കുന്നു എന്നതാണ് സ്ടി സ്‌കാന്റെ ഏറ്റവും വലിയ ആശങ്ക. ലോ ഡോസ് കമ്പ്യൂട്ടഡ് ടോമോഗ്രാഫി (എൽഡിസിടി) എന്ന പുതിയ സാങ്കേതിക വിദ്യ ശ്വാസകോശ കാൻസർ നേരത്തെ കണ്ടെത്തുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണ്. 

എൽഡിസിടിയിലൂടെ ശോസകോശ അർബുദം കണ്ടെത്തിയവരിൽ മരണ നിരക്ക് 15 മുതൽ 20വരെ ശതമാനം കുറവാണെന്ന് ദേശീയ ശ്വാസ കോശ സ്‌ക്രീനിങ് ട്രയൽ വെളിപ്പെടുത്തുന്നു. വർഷം 20 പാക്കറ്റ് പുകvaലി ചരിത്രമുള്ളവരും നിലവിൽ പുകവലിക്കുന്നവരും 15 വർഷത്തിനുള്ളിൽ പുകവലി ഉപേക്ഷിച്ചവരും വർഷം തോറും എൽഡിസിടി പരിശോധന നടത്തണമെന്ന് നിർദേശിക്കുന്നു. 

മാമോഗ്രാമിലോ എൽഡിസിടിയിലോ അസാധാരണമായി എന്തെങ്കിലും കണ്ടെത്തിയാൽ കാൻസർ സംശയിക്കണം. ഇത്  ബയോപ്സി പരിശോധനയിലൂടെ ഉറപ്പിച്ച് വേണ്ട ചികിൽസ തേടണം. സ്‌ക്രീനിങ് ജിവനുകളെ രക്ഷിക്കുന്നു. നിങ്ങളിലെ കാൻസർ രോഗ സാധ്യതയെ തിരിച്ചറിഞ്ഞ് അവബോധത്തോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകുക.

തയ്യാറാക്കിയത്:
ഡോ.വെസ്ലി എം.ജോസ്, 
അസോസിയേറ്റ് പ്രൊഫസർ
മെഡിക്കൽ ഓങ്കോളജി,
അമൃത ആശുപത്രി, കൊച്ചി. 

'ലോക ക്യാൻസര്‍ ദിനം'; അനുഭവത്തിന്‍റെ കരുത്തില്‍ നിന്ന് മംമ്ത പറയുന്നു...

 

Follow Us:
Download App:
  • android
  • ios