മഴക്കാലം എന്ന് പറയുന്നത് പനിയുടെയും രോ​ഗങ്ങളുടെയും കാലമാണ്. അത് കൊണ്ട് തന്നെ മഴക്കാലത്ത് കുട്ടികളെ രോ​ഗങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ശ്രദ്ധിക്കേണ്ടത്. പനിയാണ് മഴക്കാലത്ത് കൂടുതലായി കണ്ട്  വരാറുള്ള അസുഖം. ഈ മഴക്കാലത്ത് കുട്ടികൾക്ക് പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

ഒന്ന്...

കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിക്കുന്നതാണ് നല്ലത്.

രണ്ട്...
 
പനിയുള്ള സാഹചര്യങ്ങളിൽ കുട്ടികൾക്ക് വേണ്ടത്ര വിശ്രമം നൽകേണ്ടത് അത്യാവശ്യമായ കാര്യമാണ്. പനിയുള്ളപ്പോൾ പുറത്തു നിന്നുമുള്ള അണുബാധ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള സമയങ്ങളിൽ കുട്ടികളെ സ്കൂളുകളിൽ വിടാതിരിക്കുകയാണ് ഉത്തമം. 

മൂന്ന്...
 
 പനിക്കായി നൽകുന്ന മരുന്നുകളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. ചില മരുന്നുകൾ കുട്ടികളിൽ അലർജ്ജി ഉണ്ടാക്കാറുണ്ട്. കുട്ടികൾക്ക് ഇടവിട്ട് തിളപ്പിച്ചാറ്റിയ വെള്ളം നൽകുക.
 
നാല്...

പനിയുള്ളപ്പോൾ തണുത്തവെള്ളത്തിലോ അധികം ചൂടുള്ള വെള്ളത്തിലോ കുട്ടികളെ കുളിപ്പിക്കരുത്. ചെറു ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നതാണ് നല്ലത്. കുളിച്ചതിന് ശേഷം ഉടൻ തന്നെ ശരീരം നന്നായി തുടച്ച് ഉണക്കുക.
 
അഞ്ച്...

 ഭക്ഷണം അൽപം അൽപമായി ഇടവിട്ട നേരങ്ങളിൽ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന തരത്തിലുള്ള  ആഹാരങ്ങൾ  വേണം പനിയുള്ളപ്പോൾ കുട്ടികൾക്ക് നൽകാൻ. മാംസാഹാരം ഇത്തരം സമയങ്ങളിൽ കുട്ടികൾക്ക് നൽകാതിരിക്കുക. 

ആറ്...

പനിയുള്ളപ്പോൾ കുട്ടികൾക്ക് കഞ്ഞി വെള്ളം, ​ചെറു ചൂടുവെള്ളം, ജീരക വെള്ളം എന്നിവ നൽകുക. ഉച്ചയ്ക്ക് ചോറിന് പകരം കഞ്ഞിയായി തന്നെ ഭക്ഷണം നൽകുക.