Asianet News MalayalamAsianet News Malayalam

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പരിരക്ഷ എവിടെവരെ; കാരുണ്യം പേരിലൊതുങ്ങുന്നോ? സംഭവിക്കുന്നതെന്ത്? തുറന്ന പരിശോധന

വർഷം തോറും 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ്. സർക്കാർ സ്വകാര്യ ഭേദമന്യേ ചികിത്സ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം എങ്കിലും...

Karunya arogya suraksha project Facts and realities
Author
Thiruvananthapuram, First Published Aug 17, 2022, 8:07 PM IST

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് കാരുണ്യം കുറയുന്നുണ്ടോ ? ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചില വസ്തുതകൾ. വർഷം തോറും 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ്. സർക്കാർ സ്വകാര്യ ഭേദമന്യേ ചികിത്സ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം എങ്കിലും പല സ്വകാര്യ ആശുപത്രികളും പദ്ധതിയോട് ഇപ്പോഴും സഹകരിക്കുന്നില്ല. ഒരു വർഷം അഞ്ച് ലക്ഷം രൂപയുടെ പരിപൂര്‍ണ്ണമായ ചികിത്സ ഈ പദ്ധതിയിലൂടെ നൽകും. പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മുന്‍പുള്ള 3 ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും ഈ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടുന്നതായിരിക്കും. ഈ ക്ലൈമില്‍ മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടര്‍ ഫീസ്, മുറി വാടക, ഓപ്പറേഷന്‍ തീയറ്റര്‍ ചാര്‍ജുകള്‍, ഐ സി യു ചാര്‍ജ്, ഭക്ഷണം, ഇംപ്ലാന്‍റ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും. കേൾക്കുമ്പോൾ ആരായാലും കയ്യടിച്ചുപോകും. എന്നാൽ കിടത്തി ചികിൽസയിലുള്ള രോഗിക്ക് പോലും ചെലവേറിയ പരിശോധനകൾക്ക് പണം കിട്ടില്ലെന്നറിയുമ്പോഴാണ് ഇൻഷുറൻസ് പദ്ധതിയുടെ പ്രശ്നങ്ങൾ മനസിലാകുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ കരൾ രോഗത്തിന് കിടത്തി ചികിത്സയിലുളള രോഗിക്ക് TACE എന്ന പരിശോധനയ്ക്ക് ഡോക്ടർമാർ നിർദേശിച്ചു. ഇതിന് ചെലവ് 80000 രൂപ. കാരുണ്യ ഇൻഷുറൻസ് വഴി ചെയ്യാൻ എത്തിയപ്പോഴാണ് പരിശോധന നടത്താനാകില്ലെന്ന് അറിയുന്നത്. കിടത്തി ചികിത്സയിലുള്ള രോഗി ആണെങ്കിലും ഇത്രയും വില ഏറിയ പരിശോധനക്ക് ഇൻഷുറൻസിൽ പണം അനുവദിക്കില്ലത്രേ. പരമാവധി 5000 രൂപ വരെമാത്രമേ പരിശോധനക്കായി കിട്ടുവെന്നും മറുപടി കിട്ടി. അതായത് തുടർ ചികിൽസ വേണമെങ്കിൽ സ്വന്തം കീശയിൽ നിന്ന് പണം എടുത്ത് പരിശോധന നടത്തണം. ഇത്രയും തുക എടുക്കാനില്ലാത്തവരാണ് ഭൂരിപക്ഷം പേരും എന്നതിനാൽ പലരുടേയും ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്.

വനിതകൾക്കുള്ള തൊഴിൽ സംരംഭങ്ങൾ; വനിത വികസന കോർപറേഷന് ചരിത്രനേട്ടം: മന്ത്രി വീണാ ജോർജ്

കിടത്തി ചികിത്സയിൽ ഉള്ള രോഗിക്ക് വില കൂടിയ മരുന്നെടുക്കേണ്ടി വന്നാലും ഇൻഷുറൻസ് കിട്ടണമെന്നില്ല. ചികിത്സ മാത്രമാണ് ഇൻഷുറൻസിലുള്ളതെന്നാണ് വിശദീകരണം. കൃത്യമായ ചികിത്സ എടുക്കണമെങ്കിൽ പരിശോധന നടത്തി രോഗ കാരണം നിർണയിക്കണം, അതിന് മരുന്നും നൽകണം. ഇത് ചികിത്സയുടെ ഭാഗമല്ലേ എന്നു ചോദിച്ചാൽ കേന്ദ്ര നയം അങ്ങനെയാണെന്നാണ് വിശദീകരണം. രോഗിയെ സഹായിക്കാൻ സ്റ്റേറ്റ് ഹെൽത് ഏജൻസി പരിശോധനക്ക് പച്ചക്കൊടി കാട്ടിയാലും കേന്ദ്രം നിരസിക്കുമെന്ന് മുൻ അനുഭവങ്ങൾ നിരത്തി സംസ്ഥാനം വിശദീകരിക്കുന്നുണ്ട്. ചുരുക്കത്തിൽ പ്രഖ്യാപനത്തിലെ 5 ലക്ഷം പലപ്പോഴും രോഗിക്ക് ഗുണകരമാകാത്ത സാഹചര്യം.

ഇക്കാര്യത്തിൽ അടിമുടി മാറ്റം ഉണ്ടായില്ലെങ്കിൽ പല രോഗിളുടേയും തുടർ ചികിത്സ നിലയ്ക്കും. 2020 ജൂലൈ1 മുതല്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സംസ്ഥാന ആരോഗ്യ ഏജന്‍സി ( എസ്എച്ച്എ ) വഴി നേരിട്ട് ആണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.

സൗജന്യം നൽകുന്നതിൽ മാത്രമല്ല കുടിശിക തീർക്കാനും കടമ്പകൾ

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ കോടികളുടെ കുടിശികയുണ്ടിപ്പോൾ. ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള സൗജന്യ ചികിത്സക്ക് ആവശ്യമായ മരുന്നും സർജിക്കൽ ഉപകരണങ്ങളും ഇംപ്ലാന്‍റുകളും നൽകിയ വകയിൽ എച്ച് എൽ എല്ലിനും കാരുണ്യ ഫാർമസിക്കും എച്ച് ഡി എസിനും അടക്കം കിട്ടാനുള്ളത് കോടികളുടെ കുടിശികയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയാണ് കുടിശിക വരുത്തിയതിൽ മുന്നിലുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത് ഏജൻസിയിൽ നിന്ന് പണം കിട്ടാൻ കാലതാമസം നേരിടുന്നതാണ് കുടിശിക പെരുകാൻ കാരണമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ പരമാവധി പണം നൽകിയിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ഹെൽത് ഏജൻസിയുടെ പ്രതികരണം.

സർക്കാർ മേഖലയിലാകട്ടെ പല മരുന്നുകളും ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങളും ലഭ്യമല്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ എച്ച് എൽ എൽ, കാരുണ്യ ഫാർമസി, ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള സ്ഥാപനങ്ങൾ, ആശുപത്രിയുമായി ടെണ്ടറിലേർപപെട്ടിട്ടുള്ള കമ്പനികൾ എന്നിവരെ സമീപിക്കും. അവരിൽ നിന്ന് മരുന്നും ഇംപ്ലാന്‍റുകളും വാങ്ങും. അതിനുശേഷം തുക നൽകുന്നതാണ് പതിവ്. എന്നാൽ കുറച്ചു നാളായി നൽകിയ മരുന്നിനും ഉപകരണങ്ങൾക്കും ചികിത്സയുടെ ഭാഗമായി ചെയ്ത് നൽകിയ പരിശോധനകൾക്കും പണം കിട്ടുന്നില്ലെന്ന പരാതി കാരുണ്യ ഫാർമസിയും എച്ച് എൽ എല്ലും എച്ച് ഡി എസും ഉന്നയിക്കുന്നുണ്ട്. കുടിശിക കൂടിയാൽ അത് ഇവരുടെ കൂടി ദൈനംദിന പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ആശുപത്രി അധികൃതരെ രേഖാമൂലം വിവരം അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയാണ് ഭീമൻ കുടിശിക വരുത്തിയ ആശുപത്രി. മരുന്നു ഉപകരണങ്ങളും വാങ്ങിയ വകയിൽ ആശുപത്രി നൽകാനുള്ളത് 35 കോടി രൂപയിൽ അധികം. എച്ച് എൽ എല്ലിന് മാത്രം കൊടുക്കാനുണ്ട് 20 കോടി രൂപ
ആശുപത്രി വികസന സമിതിക്ക് നൽകാനുള്ളത് 9 കോടി രൂപ. മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ കാരുണ്യ ഫാർമസിക്ക് നൽകാൻ ഉള്ളത് 5 കോടി രൂപ.

കുടിശിക കിട്ടാതെ മരുന്നും ഉകരണങ്ങളും പരിശോധനയുമൊന്നും നടത്താനാകില്ലെന്ന് എച്ച് എൽ എൽ അടക്കം അറിയിച്ചെങ്കിലും സർക്കാർ കാര്യം മുറപോലെ എന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ നിലപാട്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്ന് പണം കിട്ടുന്നില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ഒരു വർഷം 60 കോടി രൂപയ്ക്ക് മുകളിൽ ചികിത്സ നൽകുന്നുണ്ടെന്നും പണം സമയത്ത് കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു

എന്നാൽ  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ വാദങ്ങൾ സ്റ്റേറ്റ് ഹെൽത് ഏജൻസി അംഗീകരിക്കുന്നില്ല. കണക്കുകൾ നിരത്തിയാണ് പ്രതിരോധം. 19 കോടി രൂപ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് നൽകാനുണ്ടായിരുന്നു. ഇതിൽ 10 കോടി കൊടുത്തു. പിന്നെങ്ങനെ ഇത്രയും വലിയ തുക കുടിശിക വരുമെന്നും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ചോദിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സയെ ബാധിക്കാതിരിക്കാൻ പരമാവധി വേഗത്തിൽ കുടിശിക തീർക്കാറുണ്ടെന്നും അതിനുള്ള തുക നിലവിൽ ഏജൻസിയിലുണ്ടെന്നുമാണ് വിശദീകരണം.

'പവ‍ർ ഓഫ് ചാൻസലർ'! അരമണിക്കൂറിൽ വാക്ക് പാലിച്ച് ഗവർണർ; പ്രിയ വർഗീസിൽ ഒതുങ്ങില്ല നടപടി, വിസിക്കും കുരുക്ക്

സംസ്ഥാന സർക്കാർ ഇൻഷുറൻസ് പദ്ധതിക്കായി 500 കോടി വകയിരുത്തി. 425 കോടി രൂപ അനുവദിച്ചു. കേന്ദ്രം അനുവദിച്ച 138 കോടി രൂപയിൽ 69 കോടി രൂപ കിട്ടി. 69 കോടി രൂപ കൂടി ഈ ആഴ്ച കിട്ടും. ഇതുവരെ 220 കോടി രൂപ വിതരണം ചെയ്തു. നിലവിൽ പണത്തിന് ക്ഷാമമില്ലെന്നും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി പറഞ്ഞു.

അങ്ങനെ എങ്കിൽ എവിടെ ആണ് വീഴ്ച എന്നതാണ് അറിയാനുള്ളത്. പണം നൽകിയെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കിട്ടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും നിലപാട് എടുക്കുമ്പോൾ സർക്കാരിനെ വിശ്വസിച്ച് പദ്ധതിയുമായി സഹകരിച്ചവരാണ് ഇപ്പോൾ പണം കിട്ടാതെ വലയുന്നത്. ഇവർ മരുന്നടക്കം ചികിത്സക്ക് ആവശ്യമായവ നൽകില്ലെന്ന് എച്ച് എൽ എല്ലും കാരുണ്യയും അടക്കം നിലപാട് എടുത്താൽ സാധാരണക്കാരായ രോഗികളുടെ ചികിത്സ തന്നെ മുടങ്ങും.

ആദ്യഘട്ടത്തിൽ ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പ് ചുമതല സ്വകാര്യ ഇൻഷുറൻസ് കമ്പനിക്കായിരുന്നു. ചെറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി വരെ തുക നിരസിക്കുന്ന കമ്പനി വർഷാവസാനം പോലും പണം നൽകാറുമില്ലായിരുന്നു. കുടിശിക കുമിഞ്ഞു. പരാതി പ്രവാഹം. തുടർന്നാണ് സ്റ്റേറ്റ് ഹെൽത് ഏജൻസി രൂപീകരിച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ചുമതല നൽകിയത്.

Follow Us:
Download App:
  • android
  • ios