Asianet News MalayalamAsianet News Malayalam

'പവ‍ർ ഓഫ് ചാൻസലർ'! അരമണിക്കൂറിൽ വാക്ക് പാലിച്ച് ഗവർണർ; പ്രിയ വർഗീസിൽ ഒതുങ്ങില്ല നടപടി, വിസിക്കും കുരുക്ക്

കുറച്ച് നാളായി ഗവർണറോട് ഇടഞ്ഞു നിൽക്കുന്ന സർക്കാരിന്‍റെ അടുത്ത നടപടിയും കണ്ടറിയേണ്ടതുണ്ട്

kannur university controversy will continue, governor freeze priya varghese rank list, what next, live updates
Author
Thiruvananthapuram, First Published Aug 17, 2022, 7:58 PM IST

തിരുവനന്തപുരം: 'അര മണിക്കൂറിൽ നടപടി' - കണ്ണൂർ സർവകലാശാല വിഷയങ്ങളിൽ വൈകുന്നേരം ആറരയോടെ മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണത്തിന്‍റെ രത്ന ചുരുക്കം അതായിരുന്നു. അരമണിക്കൂറിൽ നടപടിയെന്തായിരിക്കും എന്നറിയാൻ കാത്തിരുന്ന കേരള ജനതയ്ക്ക് മുന്നിൽ ഗവർണറുടെ വാ‍ർത്താക്കുറിപ്പായിരുന്നു പിന്നാലെ എത്തിയത്. കൃത്യം അരമണിക്കൂർ ആകുമ്പോൾ ഗവർണർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടിക 'ചാൻസലറുടെ പവർ' ഉപയോഗിച്ച് മരവിപ്പിക്കുന്നു എന്നാണ് കുറിച്ചത്. അരമണിക്കൂറിൽ വാക്ക് പാലിച്ച്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിന് സ്റ്റേ പ്രഖ്യാപിക്കുമ്പോൾ ഗവർണർ മുന്നോട്ട് വയ്ക്കുന്ന സന്ദേശം സർക്കാരുമായി തുറന്ന പോര് എന്നതാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല.

വിസി നിയമനത്തിലെ പുതിയ ബില്ല് ദുരൂഹമെന്ന് സുധാകരൻ; പി രാജീവ്-എം ബി രാജേഷ്-പി കെ ബിജു-ഷംസീർ-രാഗേഷിനും വിമർശനം

വിവാദം, നടപടി, കാരണം

കണ്ണൂർ സർവകലാശാലയിൽ ചട്ടലംഘനം നടന്നെന്ന് ചൂണ്ടികാട്ടിയാണ് ഗവർണർ പോരിന് കാഹളം മുഴക്കുന്നത്. ഗവർണറുടെ അധികാരത്തിന് വിലങ്ങിടാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കിടെ 'പവർ ഓഫ് ചാൻസലർ' എന്താണെന്ന് കാട്ടുന്നതിനൊപ്പം തുടർ നടപടികൾ എന്താകും എന്നതിലും ഏവ‍ർക്കും ആകാംക്ഷയുണ്ടാകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെയാണ് ഗവർണ‍ർ ആദ്യം നോട്ടമിടുന്നത് എന്നത് വ്യക്തം. മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടികയിൽ ചട്ടലംഘനങ്ങളുണ്ടായെന്ന് ചൂണ്ടികാട്ടിയ ഗവർണർ, വിസിയോട് കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടികയാണ് ഗവർണർ മരവിപ്പിച്ചത്. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. എല്ലാത്തിനുമൊടുവിലാണ് ഗവർണർ മരവിപ്പിക്കൽ നടപടിയിലേക്ക് നീങ്ങിയത്.

പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു; കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടി

വി സിയുടെ നടപടി എന്താകും

ഗവർണറുടെ നടപടിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനും പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് റാങ്ക് പട്ടിക സ്റ്റേ ചെയ്തതെന്ന് വിവരിച്ച് അദ്ദേഹം ഗവ‍ർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാൻ അധികാരം ഇല്ലെന്നും വ്യക്കമാക്കി വി സി രംഗത്തെത്തിയതോടെ പോര് ഇനിയും കനക്കുമെന്നുറപ്പാണ്. അതേസമയം കുറച്ച് നാളായി ഗവർണറോട് ഇടഞ്ഞു നിൽക്കുന്ന സർക്കാരിന്‍റെ അടുത്ത നടപടിയും കണ്ടറിയേണ്ടതുണ്ട്.

സർവകലാശാല പോര് കോടതിയിലേക്ക്; ഗവര്‍ണറുടെ സ്റ്റേ-കാരണം കാണിക്കൽ നടപടികൾക്കെതിരെ കണ്ണൂർ വി സി

Follow Us:
Download App:
  • android
  • ios