10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന ആളുകൾക്ക് പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 143,592 പേരിൽ പഠനം നടത്തുകയായിരുന്നു. ​​​ദീർഘനേരം ജോലി ചെയ്യുന്നവർക്ക് പക്ഷാഘാതം മാത്രമല്ല  ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടാകാമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ട്രോക്ക് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

 പഠനത്തിൽ പങ്കെടുത്തവരിൽ 1,224 പേർക്ക് ഹൃദയാഘാതം സംഭവിച്ചതായി പറയുന്നു. 10 ശതമാനം അല്ലെങ്കിൽ 14,481 പേർ  ദീർഘനേരം ജോലി ചെയ്യുന്നതായി പഠനത്തിൽ പറയുന്നു.  ദീർഘനേരം ജോലി ചെയ്യുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 45 ശതമാനം കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. 

പാർട്ട് ടൈം തൊഴിലാളികളെയും ദീർഘനേരം ജോലിചെയ്യുന്നതിന് മുമ്പ് ഹൃദയാഘാതം നേരിട്ടവരെയും പഠനത്തിൽ നിന്ന് ഒഴിവാക്കി.​ ദീർഘ നേരം ജോലി ചെയ്യുന്നവരിൽ 50 വയസിന് താഴെയുള്ളവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പാരീസ് ഹോസ്പിറ്റലിലെയും ഫ്രാൻസിലെ ഏഞ്ചേഴ്സ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകനായ അലക്സിസ് ഡെസ്കാത്ത പറയുന്നു. 

ഈ വിഷയത്തിൽ ഇനിയും കൂടുതൽ ​ഗവേഷണം വേണമെന്നും അദ്ദേഹം പറയുന്നു. സ്ഥിരമായി നെെറ്റ് ഷിഫറ്റ് ജോലി ചെയ്യുന്നവരിലും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.