നമ്മളില്‍ പലര്‍ക്കും തൊഴിലിടങ്ങളില്‍, മുതലാളിമാരുടെ മുന്‍പില്‍, കൂടെ ജോലി ചെയ്യുന്നവരുടെ മുന്‍പില്‍, ഇടപാടുകാരുടെ മുന്‍പില്‍ പലപ്പോഴും ചിരി അഭിനയിക്കേണ്ടി വരുന്നു. കൂടെ ജോലി ചെയ്യുന്ന എല്ലാവരുമായും അല്ലെങ്കില്‍ എല്ലാ  ഇടപാടുകാരുമായും നല്ലൊരു ബന്ധം ഉണ്ടാകണമെന്നില്ല. എങ്കിലും അവരുടെ മുന്‍പില്‍ നമ്മുക്ക് ചിരി അഭിനയിക്കേണ്ടി വരാറുണ്ട്. അതിന് തൊഴില്‍പരമായ കഴിവ്‌ എന്നോ ഉദ്യോഗസംബന്ധമായ നിലനില്‍പ്പെന്നോ വിളിക്കാം. 

നമ്മുടെ വികാരങ്ങള്‍ എപ്പോഴും തൊഴിലിടങ്ങളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല.  അത് കടിച്ചമര്‍ത്തി തന്നെ ജീവിക്കേണ്ടിവരുന്നു. ചിലപ്പോള്‍ വ്യക്തിപരമായ പല വിഷമങ്ങളും നിങ്ങള്‍ക്കുണ്ടാകാം. അതൊക്കെ മനസ്സില്‍ അടക്കിപിടിച്ച് മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്തു വേണം ജോലി ചെയ്യാന്‍. എന്നാല്‍ ഇത് നിങ്ങളില്‍  അമിത മദ്യപാനത്തിന് കാരണമാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പെൻ സ്റ്റേറ്റിലെ ഗവേഷകരും യൂണിവേഴ്സിറ്റി ഓഫ് ബഫലോയും ചേര്‍ന്നാണ് പഠനം നടത്തിയത്.

കൂടെ ജോലി ചെയ്യുന്നവരോട് കപടമായി പെരുമാറുകയും ചിരി അഭിനയിക്കുകയും ചെയ്യുന്നവര്‍ കൂടുതലായി മദ്യപാനത്തിന് അടിമകളാകുന്നുവെന്നാണ് പഠനം പറയുന്നത്. ഇത്തരത്തില്‍ മുതലാളിമാരുടെ മുന്‍പിലും കൂടെ ജോലി ചെയ്യുന്നവരുടെ മുന്‍പിലും ഇടപാടുകാരുടെ മുന്‍പിലും കൃത്രിമമായി ചിരിക്കുന്നവര്‍ ജോലി സമയം കഴിഞ്ഞാല്‍ അമിതമായി മദ്യപിക്കുന്ന ശീലക്കാരണെന്നും പഠനം സൂചിപ്പിക്കുന്നു. ജേണല്‍ ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് സൈകോളജിയിലാണ് പഠനം നടത്തിയത്. 

നെഗറ്റീവ് വികാരങ്ങളെ അടിച്ചമര്‍ത്തുമ്പോഴാണ് ഇത്തരത്തില്‍ മദ്യപാനത്തിലേക്ക് കടക്കുന്നത്  അതുപോലെ  തന്നെ മാനസിക പിരിമുറുക്കങ്ങള്‍ക്കും ഇത് കാരണമാകും. തൊഴില്‍ സംബന്ധമായ മാനസിക പിരിമുറുക്കങ്ങളും മദ്യപാനത്തിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു.