ഹൃദയത്തിന്റെ വേ​ഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾപ്പെടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ​ഗ്രന്ഥിയാണ് തെെറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന് താഴെയായാണ് ഈ ​ ​ഗ്രന്ഥി കാണുന്നത്.

തെെറോയ്ഡ് ​ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വെെകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന
ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും.

ഇങ്ങനെ രക്തത്തിലെ തെെറോയ്ഡ് ഹോർണിന്റെ അളവ് കുറഞ്ഞ് പോകുന്ന അവസ്ഥയാണ് ഹെെപ്പോതെെറോയിഡിസം. തെെറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹെെപ്പർതെെറോയിഡിസം.

 പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

 അമിത ക്ഷീണം...

ദിവസം എട്ട് മണിക്കൂറാണ് ആരോ​ഗ്യകരമായ ഉറക്കത്തിനുള്ള സമയം.എന്നാൽ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോൾ തെെറോയ്ഡിന്റെ തകരാറുകൾ മൂലമായിരിക്കാം.തെെറോയ്ഡ്  ഹോർമോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. എന്നാൽ അപൂർവ്വമായി ഹെെപ്പർതെെറോയിഡിസം ഉള്ള ചിലർ പതിവിലേറെ ഊർജ്ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്. 

ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ...

നന്നായി വ്യായാമം ചെയ്തിട്ടും ഭക്ഷണത്തിൽ ക്യത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കിൽ തെെറോയ്ഡ് ഹോർമോണിന്റെ സാന്നിദ്ധ്യത്തിലെ ഏറ്റക്കുറച്ചിലുകളാകാം. തെെറോയ്ഡ് ​ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയുകയും ​ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടുകയും ചെയ്യും.

അമിതമായ ഉത്കണ്ഠം, വിഷാദം...

അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തെെറോയ്ഡ് ഹോർമോണുകൾ സ്വാധീനിക്കാറുണ്ട്. ഹെെപ്പോതെെറോയ്ഡ് ഉള്ളവരിൽ വിഷാദവും ഹെെപ്പർതെെറോയിഡിസമുള്ളവരിൽ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.

കൊളസ്ട്രോൾ...  

ആഹാരവും വ്യായാമവുമെല്ലാം ക്യത്യമായി പരിപാലിച്ചിട്ടും കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ തെെറോയ്ഡിനെ സംശയിക്കണം. ഹെെപ്പോതെെറോയിഡ് ഉള്ളവരിൽ ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലും ട്രെെ​ഗ്ലിസറെെഡുകളും ഉയർന്നു നിൽക്കും. നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കുറയുകയും ചെയ്യും. ചെറുപ്രായത്തിലെ കൊളസ്ട്രോൾ വർധന ശ്രദ്ധയിൽ പെട്ടാലും തെെറോയ്ഡ് പരിശോധിക്കാം.

പാരമ്പര്യം...

തെെറോയ്ഡ് സംബന്ധമായ അസുഖങ്ങൾക്ക് പാരമ്പര്യം ഒരു കാരണമാണ്. കുടുംബത്തിൽ പിതാവ്, മാതാവ്, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും തെെറോയ്ഡ് അസുഖങ്ങൾ ഉണ്ടെങ്കിൽ മുൻകരുതലെടുക്കേണ്ടത് അത്യാവശ്യമാണ്.