Asianet News MalayalamAsianet News Malayalam

World Leprosy Day 2023 : ലോക കുഷ്ഠരോഗ ദിനം; അറിയാം രോഗലക്ഷണങ്ങൾ, പ്രതിരോധം...

മറ്റുള്ള പല രോഗങ്ങളെ അപേക്ഷിച്ചു കാര്യമായ ശാരീരികാസ്വാസ്ഥ്യമോ ചർമ്മത്തിൽ ചൊറിച്ചിലോ വേദനയോ ഇല്ലാത്തതിനാൽ കുഷ്ഠരോഗലക്ഷണങ്ങൾ നിസാരവത്കരിക്കപ്പെടാനും രോഗനിർണയം വൈകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്

World Leprosy Day 2023 signs and symptoms of Leprosy
Author
First Published Jan 28, 2023, 8:56 PM IST

ജനുവരി 30ന് ആണ് ലോക കുഷ്‌ഠരോഗ നിര്‍മാര്‍ജന ദിനം. കുഷ്ഠ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണ് കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്തെ പ്രധാന വെല്ലുവിളി.അതുകൊണ്ടുതന്നെ ആളുകളില്‍ കുഷ്‌ഠരോഗത്തെ പറ്റി അവബോധം ഉണ്ടാക്കുക എന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. കൈകാലുകളില്‍ വിരലുകള്‍ നഷ്ടപ്പെട്ട വ്രണങ്ങളോടു കൂടിയ വിരൂപമാണ് കുഷ്ഠം എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. സ്പര്‍ശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും, ബലക്ഷയവും, വേദന ഉളളതും വീര്‍ത്ത് തടിച്ചതുമായ നാഡികള്‍ എന്നിവയുമൊക്കെ കുഷ്ഠരോഗ ലക്ഷണങ്ങള്‍ ആകാം.

മറ്റുള്ള പല രോഗങ്ങളെ അപേക്ഷിച്ചു കാര്യമായ ശാരീരികാസ്വാസ്ഥ്യമോ ചർമ്മത്തിൽ ചൊറിച്ചിലോ വേദനയോ ഇല്ലാത്തതിനാൽ കുഷ്ഠരോഗലക്ഷണങ്ങൾ നിസാരവത്കരിക്കപ്പെടാനും രോഗനിർണയം വൈകുവാനുമുള്ള സാധ്യത വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ കടന്നു വർഷങ്ങൾക്കു ശേഷം മാത്രമേ പലപ്പോഴും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളു. കുഷ്ഠരോഗം മൂലം മരണം സംഭവിക്കുന്നത് വളരെ വിരളമാണ്.

എന്താണ് കുഷ്ഠരോഗം?

മൈക്കോബാക്റ്റീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ദീർഘകാല സാംക്രമിക രോഗമാണ് കുഷ്ഠം അഥവാ ലെപ്രസി(leprosy). ബാക്റ്റീരിയയെ രോഗകാരണമായി കണ്ടെത്തിയ ഡോക്ടർ ഹാൻസെന്റെ സ്മരണയിൽ ഹാൻസെൻസ് ഡിസീസ് എന്നും ഈ രോഗം അറിയപ്പെടുന്നു.

ക്ഷയരോഗമുണ്ടാക്കുന്ന മൈക്കോബാക്റ്റീരിയം ട്യൂബെർക്കുലോസിസ് എന്ന ബാക്റ്റീരിയക്ക് സമാനമാണ് മൈക്കോബാക്റ്റീരിയം ലെപ്ര. മൈകോബാക്റ്റീരിയം ലെപ്രയ്ക്കിഷ്ടം തണുത്ത ശരീരഭാഗങ്ങളോടാണ്, അതിനാൽ തന്നെ ത്വക്കിനെയും, പുറമെയുള്ള നാഡിവ്യൂഹത്തെയും (peripheral nervous system), കണ്ണുകളെയും പ്രധാനമായും ഇത് ബാധിക്കുന്നു. വളരെ പതിയെ പെരുകുന്ന ബാക്ടീരിയ ആയതിനാൽ ഇവ ശരീരത്തിൽ കടന്നതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ രണ്ടു മുതൽ അഞ്ചു വർഷങ്ങൾ വരെ എടുത്തേക്കാം.

എങ്ങനെ പകരുന്നു?

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. രോഗിയുടെ നാസാരന്ധ്രങ്ങളിലെ സ്രവങ്ങളിലൂടെയും ഉച്ഛ്വാസവായുവിലൂടെയുമാണ് രോഗാണു മറ്റുള്ളവരിലേക്കെത്തുന്നത്. എന്നാൽ രോഗാണുക്കൾ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചു എന്നത് കൊണ്ട് കുഷ്ഠരോഗം വരണം എന്നു നിർബന്ധമില്ല. അതിനു കാരണം മൈക്കോബാക്റ്റീരിയം ലെപ്രെക്കെതിരെ ആ വ്യക്തിക്കുള്ള പ്രത്യേക(specific) പ്രതിരോധശേഷിയാണ്.

രോഗാണുവുമായി സമ്പർക്കത്തിൽ വന്ന ഭൂരിഭാഗം ആളുകൾക്കും രോഗം വരില്ല. ചുരുക്കം ആളുകളിൽ അവരവരുടെ പ്രതിരോധശേഷിക്കനുസൃതമായി ട്യൂബർക്കലോയ്ഡ് (tuberculoid), ലെപ്രോമാറ്റസ് ( lepromatous) എന്നിങ്ങനെ പല തരത്തിൽ കുഷ്ഠരോഗം പ്രകടമാകാം. താരതമ്യേന പ്രതിരോധശേഷി കൂടുതലുള്ളവർക്ക് ട്യൂബർക്കലോയ്ഡ് ഇനം രോഗമാണ് ഉണ്ടാവുക, ഇവരുടെ ശരീരത്തിൽ അണുക്കൾ താരതമ്യേന കുറവാണ് (paucibacillary) എന്നു മാത്രമല്ല, മറ്റുള്ളവർക്ക് ഇവരിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയും കുറവാണ്. ചർമത്തിലെ പാടുകളും തടിച്ച നാഡികളും എണ്ണത്തിൽ കുറവായിരിക്കും.

പ്രതിരോധശേഷി കുറവുള്ളവരിൽ രോഗാണു രക്തത്തിലൂടെ ശരീരമാസകലം പടരുന്നു, ചർമത്തിൽ നിരവധി പാടുകളുണ്ടാവുകയും, അനവധി നാഡികൾക്കു തടിപ്പുണ്ടാകുകയും ചെയ്യുന്നു. ശരീരത്തിൽ രോഗാണുക്കളുടെ എണ്ണം വളരെ കൂടുതലായതു( multibacillary) കൊണ്ടു തന്നെ, ഇവരിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്.

രോഗലക്ഷണങ്ങൾ....

ചർമ്മത്തിൽ നിറം മങ്ങിയതോ ചുവന്നതോ ആയ സ്പർശന ശേഷിക്കുറവുള്ള പാടുകൾ. പാടുകൾക്ക് ചൊറിച്ചിൽ ഉണ്ടാകാറില്ല. നാഡികളുടെ വീക്കം, തടിപ്പ്, ഒപ്പം സ്പർശനശേഷിക്കുറവ്, പേശികളുടെ ബലക്കുറവ് കൈകാലുകളുടെ മരവിപ്പ്, ഉണങ്ങാത്ത വേദനയില്ലാത്ത വൃണങ്ങൾ അംഗവൈകല്യങ്ങൾ- കൈ കാൽ വിരലുകൾ വളഞ്ഞു പോവുക (claw hand, claw toes), കാല്പാദം മുകളിലേക്കു നിവർത്താനാകാത്ത അവസ്ഥ (foot drop), മുഖത്തെ പേശികളുടെ ബലക്കുറവ് (facial palsy), മുഖത്തും ചെവിക്കുടയിലും കണ്ടു വരുന്ന ചെറിയ മുഴകളും തടിപ്പുകളും, പുരികം കൊഴിഞ്ഞു പോകൽ എന്നിങ്ങനെ പലതരം പൂർവസ്ഥിതിയിലേക്കു മാറ്റാൻ കഴിയാത്ത വൈരൂപ്യങ്ങളും വൈകല്യങ്ങളും പ്രാരംഭഘട്ടത്തിൽ ചികിത്സ ലഭിക്കാത്തതിന്റെ അനന്തരഫലങ്ങളാണ്...

ലെപ്ര റിയാക്ഷൻ - ചികിത്സയിലിരിക്കുമ്പോൾ, ചികിത്സക്കു മുൻപ്, ചികിത്സക്കു ശേഷം ഇങ്ങനെ എപ്പോൾ വേണമെങ്കിലും കുഷ്ഠരോഗികളിൽ പ്രതിരോധശേഷിയിലുള്ള ഏറ്റ കുറച്ചിൽ മൂലം ഇത്തരം റിയാക്ഷനുകൾ ഉണ്ടാകാം.

രണ്ടു തരത്തിൽ ലെപ്ര റിയാക്ഷൻ കണ്ടു വരുന്നു

1.ടൈപ്പ് 1 റിയാക്ഷൻ

ഇവിടെ ചർമ്മത്തിലെ പാടുകൾ വേദനയോടെ തടിച്ചു പൊന്തുന്നു. നാഡികൾക്കു വേദനയും, പെട്ടന്നുള്ള പെരുപ്പ്, ബലക്കുറവ് എന്നിവയും സംഭവിക്കാം. നേരത്തെ രോഗിയുടെ ശ്രദ്ധയിൽ പെടാതിരുന്ന പാടുകൾ ഇത്തരത്തിൽ ശ്രദ്ധയിൽ പെടുന്നത് രോഗനിർണയത്തിന് സഹായകമായേക്കാം.

2. ടൈപ്പ് 2 റിയാക്ഷൻ

കയ്യിലും മുഖത്തും രണ്ടു മൂന്നു ദിവസം നിലനിൽക്കുന്ന ചുവന്ന തടിപ്പുകൾ ഉണ്ടാകുന്നു, ഒപ്പം ശരീരോഷ്മാവ് വർധിക്കുകയും, ക്ഷീണം, കണ്ണിൽ ചുവപ്പ്, സന്ധി വേദന, വൃഷണവീക്കം, വൃക്ക, കരൾ വീക്കം എന്നിവയും ഉണ്ടാകാം.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഒപ്പം, ചികിത്സയിലുള്ള രോഗികൾ മരുന്നുകൾ തുടരേണ്ടതും അനിവാര്യമാണ്.

രോഗനിർണയം

സ്പർശനശേഷി പരിശോധന -ചൂടും തണുപ്പും തിരിച്ചറിയാനുള്ള കഴിവ്, സ്പർശനം, വേദന എന്നീ സംവേദനശേഷി നിർണയിക്കുക,
നാഡികളുടെ തടിപ്പ് നിശ്ചയിക്കുക.

സ്ലിറ്റ് സ്കിൻ സ്മിയർ (Slit skin smear)- ത്വക്കിൽ നേരിയ മുറിവുണ്ടാക്കി കിട്ടുന്ന സ്രവം മൈക്രോസ്കോപ്പി പരിശോധന നടത്തിയാൽ ബാക്ടീരിയയെ നേരിട്ട് കാണാൻ സാധിക്കും. ചെവിയിൽ നിന്നും (ear lobe smear ) ചർമ്മത്തിലെ പാടിൽ നിന്നും ഈ പരിശോധന ചെയ്യാവുന്നതാണ്.

ബയോപ്സി- ത്വക്കിലെ പാടിൽ നിന്നോ നാഡികളിൽ നിന്നോ ഒരു ചെറിയ സാമ്പിൾ എടുത്ത് ബയോപ്സി പരിശോധനക്കു വിധേയമാക്കി രോഗം സ്ഥിരീകരിക്കാം. നെർവ് കണ്ടക്‌ഷൻ സ്റ്റഡി.

(Nerve conduction study) - നാഡികളുടെ പ്രവർത്തനം വിലയിരുത്താനുള്ള പരിശോധന നാഡികളുടെ അൾട്രാ സൗണ്ട് സ്കാൻ നാഡികളിൽ നിന്നും കുത്തി എടുത്തു കോശങ്ങളെ പരിശോധിക്കുന്ന fine needle aspiration cytology (FNAC).

ചികിത്സ

എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി കുഷ്ഠരോഗത്തിനുള്ള മരുന്നുകൾ ലഭ്യമാണ്. 28 ദിവസത്തിനായുള്ള ബ്ലിസ്റ്റർ കലണ്ടർ പാക്കുകളിൽ ആണ് മരുന്ന് ലഭിക്കുക. 6 മുതൽ 12 മാസം വരെയാണ് ചികിത്സാ കാലയളവ്. ആദ്യ ദിനത്തിലെ മരുന്നുകൾ കഴിക്കുന്നതോടെ തന്നെ രോഗിയുടെ മറ്റൊരാൾക്ക്‌ രോഗം പരത്താനുള്ള കഴിവ് ഇല്ലാതാകുന്നു. പ്രാരംഭവസ്ഥയിൽ തന്നെ രോഗനിർണയം നടത്തി ശരിയായ ചികിത്സ നിർദിഷ്ട കാലയളവിൽ സ്വീകരിക്കുന്ന ഒരു രോഗിക്ക് മറ്റേതൊരാളെയും പോലെ സാധാരണ ജീവിതം നയിക്കാവുന്നതാണ്.
 
പ്രതിരോധം

ഗുളിക- രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന വ്യക്തികൾക്ക് ഒരു ഡോസ് റിഫാമ്പിസിൻ ഗുളിക പ്രതിരോധാർത്ഥം നൽകാവുന്നതാണ്. വാക്‌സിൻ- കുഷ്ഠരോഗത്തിനെതിരെയുള്ള MIP - Mycobacterium indicus pranii (മൈക്കോബാക്റ്റീരിയം ഇൻഡിക്കസ് പ്രാനി ) എന്ന ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത വാക്‌സിനേഷൻ നിലവിലുണ്ട്.

Follow Us:
Download App:
  • android
  • ios