ദില്ലി: അയോധ്യ കേസില്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിക്കുമ്പോള്‍ നീണ്ട തര്‍ക്കത്തിനാണ് പൂര്‍ണ വിരാമമാവുന്നത്. സംഘര്‍ഷഭരിതമായ ചരിത്രമാണ് സരയൂ നദിക്കരയിലെ അയോധ്യ തര്‍ക്കത്തിനുള്ളത്. കാബൂള്‍ വഴി ഇന്ത്യയിലെത്തിയ മുഗൾ ചക്രവര്‍ത്തി ബാബര്‍ 1528 ൽ നിര്‍മ്മിച്ചെന്നു കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയെന്ന അവകാശവാദമുയര്‍ന്നതോടെ 1859 ല്‍ തർക്ക പരിഹാരത്തിനായി ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങൾ വേലികെട്ടിതിരിച്ചു. മസ്ജിദിന്‍റെ അകത്തളം മുസ്ലീങ്ങൾക്കും പുറംഭാഗം ഹിന്ദുക്കൾക്കും അനുവദിച്ചു.  

ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍

1885 ല്‍ മഹന്ത് രഘുവർദാസ് ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വ്യവഹാരങ്ങളുടെ തുടക്കം. ഹര്‍ജി ഫൈസാബാദ് കോടതി തള്ളി. അപ്പീലുകള്‍ 1886 മാര്‍ച്ച് 18 ന് ജില്ലാ കോടതിയും നവംബറിലും ജ്യുഡീഷ്യല്‍ കമ്മീഷ്ണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് അന്ത്യം. 1949 ഡിസംബര്‍ 22ന് രാത്രി ബാബറി മസ്ജിദില്‍ രാമവിഗ്രഹം കാണപ്പെട്ടു.  ഇരുപക്ഷവും കേസുകൊടുത്തതോടെ തർക്കഭൂമിയായി പ്രഖ്യാപിച്ച് പ്രധാനകവാടം താഴിട്ടുപൂട്ടി. 1950 - ഗോപാല്‍ സിങ് വിശാരദ്, മഹന്ത് പരംഹന്ത് രാമചന്ദ്ര എന്നിവര്‍ ആരാധന നടത്താന്‍ അനുവാദം ചോദിച്ച് ഫൈസാബാദ് കോടതിയെ സമീപിച്ചു. മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും പ്രത്യേകം ആരാധനാ സമയം കോടതി അനുവദിച്ചു. 1959 ല്‍ തർക്കസ്ഥലം രാമജന്മഭൂമിയാണെന്ന് അവകാശമുന്നയിച്ച് നിർമോഹി അഖാഢ വീണ്ടും കോടതിയെ സമീപിച്ചു. 

1961 - മസ്ജിദിന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സുന്നി സെൻട്രല്‍ ബോർഡ് ഓഫ് വഖഫ് ഹർജി നൽകി. 1984 രാമജന്മഭൂമിയിൽ രാമക്ഷേത്രം പണിയാനായി ഹിന്ദുസംഘടനകൾ ചേർന്ന് സമിതി രൂപീകരിച്ചു. 1986 മസ്ജിദില്‍ പൂജനടത്താന്‍ ഹിന്ദുക്കൾക്ക് അയോധ്യാ ജില്ലാ ജഡ്ജിയുടെ അനുമതി ലഭിച്ചു. ഇതിൽ പ്രതിഷേധിച്ച് മുസ്ലീങ്ങൾ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. 1989 ല്‍ തർക്കഭൂമിയില്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ശിലാന്യാസം. മസ്ജിദ് മറ്റെങ്ങോട്ടെങ്കിലും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി.  1990 ല്‍ വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മസ്ജിദ് തകർക്കാന്‍ ശ്രമം.

ബിജെപിയുടെ ഉദയത്തിന് വഴിയൊരുക്കിയ രാമക്ഷേത്ര പ്രക്ഷോഭം; 'അയോധ്യ'യിലെ രാഷ്ട്രീയം

1990 സെപ്തംബറില്‍ എൽ.കെ അദ്വാനി രാമക്ഷേത്രം പണിയാൻ പിന്തുണ നേടാനായി രഥയാത്ര നടത്തി.അയോധ്യയിലെത്തുന്നതിനു മുമ്പെ അദ്വാനിയെ അറസ്റ്റുചെയ്തു. 1991 - ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തി. രാമക്ഷേത്ര നിർമ്മാണാവശ്യം കുടുതൽ കരുത്താർജ്ജിച്ചു. 1992 ഡിസംബര്‍ 6 ന് കർസേവകർ ബാബ്റി മസ്ജിദ് തകർത്തു. തുടർന്നുണ്ടായ വർഗീയ കലാപത്തില്‍ നിരവധിപ്പേര്‍ മരിച്ചു.

1992 ഡിസംബര്‍ 16 -ന് മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസർക്കാര്‍ ലിബറാന്‍ കമ്മിഷന്‍ രൂപീകരിച്ചു.  2002 ഫെബ്രുവരിയില്‍ ഗോധ്രയില്‍ ഒരു സംഘം തീവണ്ടിക്കു തീയിട്ടു. 2 ബോഗികൾ കത്തി 58 കർസേവക‌ർ മരിച്ചു. തുടർന്ന് ഗുജറാത്തിൽ വർഗീയ കലാപം. രണ്ടായിരത്തോളം മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക കണക്ക്.  2009 ജൂണ്‍ 30 ന്  ഉളളടക്കം പുറത്തുവിടാതെ ജസ്റ്റിസ് ലിബറാന്‍ കമ്മിഷൻ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.  

2010 സെപ്തംബര്‍ 30 ന് തർക്കഭൂമിയെ മൂന്നായി ഭാഗിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതി 4 കേസുകൾക്കും തീർപ്പുണ്ടാക്കി. മൂന്നിലൊന്ന് ഭൂമി ഹിന്ദുമഹാസഭയ്ക്ക് രാമക്ഷേത്രം പണിയാനും, ഒരു ഭാഗം മസ്ജിദിനും, ഒരു ഭാഗം നിർമോഹി അഖാരയ്ക്കും നൽകാൻ ഹൈക്കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭയും സുന്നി വഖഫ് ബോർഡും സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2011 മേയ് 9 ന് ഭൂമിയുടെ അവകാശവാദം സംബന്ധിച്ച അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 

2019 ജനുവരി 25  ന് ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചു. പുതിയ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, ഡി വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍. 2019 മാര്‍ച്ച് 8.അയോദ്ധ്യ തര്‍ക്കം മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാൻ റിട്ട. ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപം നൽകി. 2019 ഓഗസ്റ്റ് 2.മധ്യസ്ഥ നീക്കങ്ങൾ പരാജയം, കേസിൽ വാദം കേൾക്കാൻ ഭരണഘടന ബെഞ്ച് തീരുമാനിച്ചു.2019 ഓഗസ്റ്റ് 7.കേസിൽ അന്തിമവാദം കേൾക്കൽ തുടങ്ങി.2019 ഒക്ടോബര്‍ 16.40 പ്രവര്‍ത്തി ദിനങ്ങൾ തുടര്‍ച്ചയായി വാദം കേട്ട ശേഷം അയോദ്ധ്യ ഭൂമി തര്‍ക്ക കേസ് വിധി പറയാനായി മാറ്റി. സുപ്രീം കോടതി പരിശോധിച്ചത് 13426 പേജ് രേഖകള്‍. 54 ഇരുമ്പ് പെട്ടികളിലായാണ് രേഖകൾ കോടതിയിൽ കൊണ്ടുവന്നത്.