ലഖ്നൗ: നിയമ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവ് ചിന്മായനന്ദിന് ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് അറസ്റ്റിലായി നാല് മാസത്തിന് ശേഷം ചിന്മയാനന്ദിന് ജാമ്യം അനുവദിക്കുന്നത്. ഏറെ വിവാദമായ കേസില്‍ സെപ്റ്റംബര്‍ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലാകുന്നത്. ഷാജഹാന്‍പുരില്‍ സ്വാമി ചിന്മായന്ദിന്‍റെ ആശ്രമമാണ് എസ്എസ് കോളേജ് നടത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. 

നേരത്തെ തന്‍റെ പ്രായാധിക്യം പരിഗണിച്ച് തനിക്ക് പരോള്‍ അനുവദിക്കണമെന്ന് ചിന്മയാനന്ദ് ആവശ്യപ്പെട്ടിരുന്നു. ചിന്മായനന്ദ് തന്നെ പീഡിപ്പിച്ചെന്ന് ആഗസ്റ്റ് 23ന് പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ചിന്മായനന്ദില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാതായി. ആഗസ്റ്റ് 30നാണ് പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയത്.

തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്ന ചിന്മയാനന്ദിന്‍റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തി അഞ്ച് കോടി പെണ്‍കുട്ടിയും സുഹൃത്തും ആവശ്യപ്പെട്ടെന്നാണ് ചിന്മയാനന്ദ് പരാതിപ്പെട്ടത്. പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി ചിന്മയാനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.