ദില്ലി: കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പണിമുടക്ക് ജനുവരി എട്ടിന് നടക്കും. മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരായാണ് സമരം. പത്ത് ട്രേഡ് യൂണിയൻ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയവയാണ് പണിമുടക്കുന്ന പ്രധാന സംഘടനകൾ.

മിനിമം വേതനം, സാർവത്രികമായ സാമൂഹ്യസുരക്ഷ, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം. 44 കേന്ദ്ര തൊഴിൽ നിയമങ്ങൾ ഉപേക്ഷിച്ച് തൊഴിലുടമകൾക്ക് അനുകൂലമായി നാല് തൊഴിൽ നിയമങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമായും ശ്രമം.