ദില്ലി: തബ്‍ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വര്‍ഗീയ ചുവയുള്ള പരാമര്‍ശം നടത്തിയ ഗുസ്തിതാരവും ബിജെപി നേതാവുമായ ബബിത ഫോഗോട്ട് വിവാദത്തില്‍. ബുധനാഴ്ച ബബിത ട്വിറ്ററില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊറോണ വൈറസ് എന്ന മഹാമാരിയല്ല ഇന്ത്യ അഭിമുഖീകരിക്കുന്ന രണ്ടാമത്തെ പ്രശ്നമാണ്. പ്രധാന പ്രശ്നം സംസ്കാരമില്ലാത്ത ജമാഅത്ത് കൂട്ടങ്ങള്‍ ആണെന്നായിരുന്നു ബബിതയുടെ ട്വീറ്റ്. 

സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ് വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് ബബിത നേരിട്ടത്. ഇതിനിടെ തബ്‍ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ പരമാര്‍ശത്തിന് ബോളിവുഡ് നടി കങ്കണ റണൌട്ടിന്‍റെ സഹോദരി രംഗോലിയുടെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതിനെതിരെയും ബബിത നിലപാട് എടുത്തിരുന്നു.

ഇതോടെ ബബിതയുടെ ട്വിറ്റര്‍ അക്കൌണ്ട് പൂട്ടിക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ആവശ്യം. സത്യം പറയുന്നവര്‍ക്കെതിരെയാണ് ട്വിറ്റര്‍ എന്നായിരുന്നു രംഗോലിയെ പിന്‍തുണച്ച് ബബിത ട്വീറ്റ് ചെയ്തത്. ഇതിനോടകം '#SupendBabitaPhogat' എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗിലായിട്ടുണ്ട്. എന്നാല്‍ താന്‍ തെറ്റായിട്ടൊണ്ടും പറഞ്ഞിട്ടില്ലെന്നാണ് ബബിതയുടെ നിലപാട്.

വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായാണ് താരം പ്രതികരിക്കുന്നത്. നിങ്ങളുടെ ഭീഷണിയില്‍ ഭയന്നുപോകാന്‍ താന്‍ സൈറ വസീം അല്ലെന്ന കാര്യം നിങ്ങള്‍ക്ക് ഓര്‍മ്മ വേണം. താന്‍ രാജ്യത്തിന് വേണ്ടിയാണ് പോരാടിയിട്ടുള്ളത്. അത് ഇനിയും തുടരും. താന്‍ ട്വിറ്ററില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. താന്‍ കൊറോണ വൈറസ് പടര്‍ത്തിയവര്‍ക്കെതിരായാണ് പറഞ്ഞതെന്നും ബബിത പറയുന്നു. ബബിതയെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ്ടാഗും ട്വിറ്റര്‍ ട്രെന്‍ഡിംഗിലെത്തിയിട്ടുണ്ട്.