Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു; ഇന്നലെ 13 മരണം

മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു.

covid 19 cases rise to 700 plus in maharashtra
Author
Mumbai, First Published Apr 6, 2020, 7:35 AM IST

മുംബൈ:  മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുന്നു.

ചേരി പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിലൊരാള്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതില്‍ വ്യക്തത ഇല്ല. അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തിയേഴായി.

രാജ്യത്തെ 274 ജില്ലകളെ കൊവിഡ് ബാധിച്ച് കഴിഞ്ഞു. തീവ്രബാധിത മേഖലകളെ ബഫര്‍സോണുകളായി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങളും സംരക്ഷണവും ഏര്‍പ്പെടുത്തും.കൊവിഡ് തീവ്രബാധിത മേഖലകളിലും രോഗ ബാധ സംശയിക്കുന്നിടങ്ങളിലും റാപ്പിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയോടെ പരിശോധനക്കുള്ള കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കും. കൊവിഡ് സ്ഥിരീകരിച്ചാല്‍ ലാബുകള്‍ക്ക് നേരിട്ട് ഐസിഎംആറിനെ വിവരം അറിയിക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ വേഗത കൂടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകള്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക് 4.1 ദിവസമായി വര്‍ദ്ധിച്ചു. നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇത് 7.4 ദിവസമായിരുന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


 

Follow Us:
Download App:
  • android
  • ios