Asianet News MalayalamAsianet News Malayalam

ഏത് എടിഎമ്മിൽ നിന്നും പണമെടുക്കാം, മിനിമം ബാലൻസ് വേണ്ട: ആശ്വാസ നടപടികളുമായി കേന്ദ്രം

അടുത്ത മൂന്ന് മാസത്തേക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളിലും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദായനികുതി റിട്ടേണിന്റെ അവസാന തീയതി അടക്കം നീട്ടി.

covid 19 relief measures by central government no minimum balance in accounts
Author
New Delhi, First Published Mar 24, 2020, 4:10 PM IST

ദില്ലി: കൊവിഡ് 19 രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധി കണക്കിലെടുത്ത് ആശ്വാസനടപടികളുമായി കേന്ദ്രസർക്കാർ. ഇന്ന് മുതൽ മൂന്ന് മാസത്തേക്ക് അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴയീടാക്കരുതെന്ന് ബാങ്കുകളോട് ധനകാര്യമന്ത്രാലയം നിർദേശം നൽകി. ഏത് എടിഎമ്മിൽ നിന്നും ഇനി സർവീസ് ചാർജില്ലാതെ പണമെടുക്കാമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, പ്രതിസന്ധികാലത്തെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് ഇപ്പോഴില്ലെങ്കിലും ഭാവിയിൽ പ്രഖ്യാപിക്കുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

ഡെബിറ്റ് കാർഡുള്ളവർക്കാണ് എടിഎം ഇളവുകൾ ലഭിക്കുക. ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാമെന്നിരിക്കേ, ബാങ്കുകളിൽ ആളുകൾ തടിച്ച് കൂടുന്നതും പണം എടുക്കാൻ തിരക്ക് കൂട്ടുന്നതും ഒഴിവാക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. 

ആദായനികുതി റിട്ടേണിന്റെയും ജിഎസ്ടി റിട്ടേണിന്റെയും തീയതികളും കേന്ദ്രസർക്കാർ നീട്ടി നൽകിയിട്ടുണ്ട്. മാർച്ച് 31-നകം ആദായനികുതി റിട്ടേൺ നൽകേണ്ടിയിരുന്നത് ജൂൺ 30-ലേക്ക് നീട്ടി. ആദായനികുതിയുമായി ബന്ധപ്പെട്ട മറ്റ് സെറ്റിൽമെന്റുകളും നോട്ടീസുകളും എല്ലാം ജൂൺ 30-നകം തീർപ്പാക്കിയാൽ മതി. ആദായനികുതി വൈകിയാലുള്ള പിഴ 18 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

ഒപ്പം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും ജൂൺ 30- ആക്കി നീട്ടിയിട്ടുണ്ട്. ഇതിന് മുമ്പ് മാർച്ച് 31-നകം ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണമെന്നാണ് അന്തിമനിർദേശം നൽകിയിരുന്നത്. 

ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 ആക്കി ദീർഘിപ്പിച്ചു. ജിഎസ്ടി റിട്ടേൺ നൽകാൻ വൈകുന്ന ചെറു കമ്പനികൾക്ക്, അതായത് ടേണോവർ അഞ്ച് കോടി രൂപയിൽ താഴെയുള്ള കമ്പനികൾക്ക് ലേറ്റ് ഫീയോ, പിഴയോ, ഇതിന്റെ പലിശയോ ഈടാക്കില്ലെന്നും ധനകാര്യമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ ടേണോവറുള്ള കമ്പനികൾക്ക് പിഴയും ലേറ്റ് ഫീയും ഉണ്ടാകില്ല. പക്ഷേ, ഇതിന്റെ പലിശ നൽകേണ്ടി വരും.

വിവാദ് സെ വിശ്വാസ് പ്രകാരം കേസുകൾ നികുതി അടച്ച് ഒത്തുതീർപ്പാക്കാനും ജൂൺ 30 വരെ സമയം നൽകും. വ്യാപാര ഇടപാടുകൾ ഡിജിറ്റലായി നടത്തുന്നതിന് ഇളവുകളുണ്ടാകും. 

അതേസമയം, കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ നിർമലാ സീതാരാമൻ തയ്യാറായില്ല. നിലവിൽ അത്തരമൊരു പാക്കേജിന്റെ പണിപ്പുരയിലാണെന്നും, വൈകാതെ പാക്കേജ് പ്രഖ്യാപിക്കാമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി. എന്നാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം രാജ്യത്തില്ലെന്നും, അത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും നിർമലാ സീതാരാമൻ പറയുന്നു. 

ലോക്ക് ഡൌൺ പ്രഖ്യാപിച്ചാൽ മാത്രം പോരാ, ഇത് നേരിടാൻ വേണ്ട സാമ്പത്തിക സഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുകയും വേണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയിരുന്നതാണ്. ക്ഷേമപെൻഷനുകൾക്ക് അടക്കം സാമ്പത്തിക സഹായം നൽകേണ്ട അത്യാവശ്യമുണ്ട്. ദിവസക്കൂലിക്കാരായ ജനങ്ങൾക്ക് അടിയന്തര ധനസഹായം എത്തിക്കേണ്ടതുണ്ട്. ഒരു നാടിനെ പട്ടിണിയിലിടാനാകില്ലെന്നും തോമസ് ഐസക് ലോക്ക് ഡൌണിന്റെ ഒന്നാം ദിനം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios