ദില്ലി: ദില്ലിയില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഓഫീസർ അങ്കിത് ശർമ്മയെ വധിച്ചത് ആംആദ്മി പാർട്ടിയെന്ന് ബിജെപി നേതാവ് കപിൽ മിശ്ര. ആപ്പ് കൗൺസിലർ താഹിർ ഹുസൈൻറെ വീട്ടിൽ നിന്നെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് കപിൽമിശ്രയുടെ ട്വീറ്റ്. ദില്ലി രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയാണ് സംഘർഷനത്തിനിടെ കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായിരുന്ന ചാന്ദ് ബാഗിലെ അഴുക്കുചാലിലാണ് മരിച്ച ഐബി ഉദ്യോഗസ്ഥന്‍ അങ്കിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. കല്ലേറില്‍ പരിക്കേറ്റാണ് ഐബി ഉദ്യോഗസ്ഥന്‍റെ മരണമെന്നാണ് പ്രാഥമിക വിവരം.

രണ്ട് ദിവസത്തിനകം സിഎഎ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കിൽ പിന്നെയെന്താണെന്ന് പ്രസംഗിച്ച നേതാവാണ് ആംആദ്മിക്കെതിരെ രംഗത്തെത്തിയ കപില്‍ മിശ്ര. ഇതിന് ശേഷമാണ് ദില്ലിയില്‍ കലാപമാരംഭിച്ചത്. സിഎഎ വിരുദ്ധസമരം നടക്കുന്നയിടമെല്ലാം ''മിനി പാകിസ്ഥാൻ'' ആണെന്ന് പറഞ്ഞ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിലക്ക് വാങ്ങിയതും കപില്‍ മിശ്രയായിരുന്നു. അതേ സമയം ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ദില്ലിയിലെ അക്രമസംഭവങ്ങളിൽ ദില്ലി പൊലീസിനെ സുപ്രീംകോടതി വിമർ‍ശിച്ചു. കൺമുന്നിൽ നടക്കുന്നത് തടയാത്ത പൊലീസ് ഇംഗ്ളണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്ന് സുപ്രീം കോടതി പരാമർശിച്ചു.