ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ മീരാന്‍ ഹൈദര്‍(35) ആണ് അറസ്റ്റിലായത്. ആര്‍ ജെ ഡി യൂത്ത് വിംഗ് ദില്ലി യൂണിറ്റ് പ്രസിഡന്റാണ് മീരാന്‍.

'ബുധനാഴ്ച രാവിലെ പത്തിന് ലോധി കോളനി ഓഫിസിലേക്ക് മീരാനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.  മീരാന്റെ അറസ്റ്റില്‍ ആര്‍ജെഡി പ്രതിഷേധം അറിയിച്ചു. കാര്യങ്ങള്‍ ചോദിച്ചറിയാനാണ് മീരാനെ വിളിപ്പിച്ചത്. പിന്നീട് മുകളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊവിഡ് 19 സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു മീരാന്‍'-ആര്‍ജെഡി രാജ്യസഭ എംപി മനോജ് ഝാ ട്വീറ്റ് ചെയ്തു.

മീരാനെ മോചിപ്പിക്കണമെന്ന് ഛത്ര ആര്‍ജെഡി യൂണിറ്റ് ആവശ്യപ്പെട്ടു. പൊലീസ് ജനങ്ങളോട് സൗഹാര്‍ദപരമായി പെരുമാറണമെന്നും ഭയപ്പെടുത്തരുതെന്നും ആര്‍ജെഡി ആവശ്യപ്പെട്ടു. അറസ്റ്റില്‍ ജാമിഅ കോ ഓഡിനേഷന്‍ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി. മീരാനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ ആരോപിച്ചു. ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.