Asianet News MalayalamAsianet News Malayalam

ദില്ലി കലാപം; അതിര്‍ത്തി കാക്കുന്ന ജവാന്‍റെ വീടും കലാപകാരികള്‍ തകര്‍ത്തു, തീയിട്ടു

വീടിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. ഇറങ്ങിവാ പാകിസ്ഥാനി, നിനക്ക് പൗരത്വ രേഖകള്‍ നല്‍കാം എന്നായിരുന്നു അക്രമികളുടെ ആക്രോശം. വീടിന് പുറത്ത് മകന്‍റെ പേരും ബിഎസ്എഫിലാണ് ജോലിയെന്നും രേഖപ്പെടുത്തിയിരുന്നു ഇത് കണ്ടാല്‍ അക്രമികള്‍ തങ്ങളുടെ വീട് വെറുതെവിടുമെന്നായിരുന്നു കരുതിയിരുന്നതെന്ന് അനീസിന്‍റെ പിതാവ് 

delhi riot muslim bsf jawans house set on fire parents gets a narrow escape
Author
Khazoori Khas, First Published Feb 29, 2020, 2:58 PM IST

ദില്ലി: ദില്ലി കലാപത്തിന് ഇടയില്‍ മുസ്‍ലിമായ ബിഎസ്എഫ് ജവാന്‍റെ വീടും കലാപകാരികള്‍ തകര്‍ത്തു. ബിഎസ്എഫ് ജവാനായ മുഹമ്മദ് അനീസിന്‍റെ വടക്കുകിഴക്കന്‍ ദില്ലിയിലെ വീടാണ് കലാപത്തിനിടെ അക്രമികള്‍ അഗ്നിക്ക് ഇരയാക്കിയത്. വീടിന് പുറത്ത് വച്ചിരുന്ന വിലാസവും മകന്‍റെ ചിത്രവും കാണിച്ച് കലാപകാരികളോട് അനീസിന്‍റെ രക്ഷിതാക്കള്‍ അപേക്ഷിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഫെബ്രുവരി 25നാണ് ഘാസ് ഖജൂരി തെരുവിലുള്ള അനീസിന്‍റെ ഇരുനില വീട് അക്രമികള്‍ തകര്‍ത്ത്, തീ കൊളുത്തിയത്. 

വീടിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. ഇറങ്ങിവാ പാകിസ്ഥാനി, നിനക്ക് പൗരത്വ രേഖകള്‍ നല്‍കാം എന്നായിരുന്നു അക്രമികളുടെ ആക്രോശം. വീടിന് പുറത്ത് മകന്‍റെ പേരും ബിഎസ്എഫിലാണ് ജോലിയെന്നും രേഖപ്പെടുത്തിയിരുന്നു ഇത് കണ്ടാല്‍ അക്രമികള്‍ തങ്ങളുടെ വീട് വെറുതെവിടുമെന്നായിരുന്നു കരുതിയിരുന്നതെന്ന് അനീസിന്‍റെ പിതാവ് മുഹമ്മദ് മുനിസ്  പിന്നീട് പറഞ്ഞു. വീടിന് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ച ശേഷം കലാപകാരികള്‍ വീടിനുള്ളിലേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു. ഇതിന് ശേഷമായിരുന്നു വീടിന് തീവച്ചതെന്ന് അനീസിന്‍റെ പിതാവ് പറയുന്നു.

പ്രായമായ രക്ഷിതാക്കള്‍ക്കും അമ്മാവനും കുടുംബവും ഈ ഇരുനില വീട്ടിലായിരുന്നു താമസം. അമ്മാവന്‍റെ മകളുടെ വിവാഹവും അനീസിന്‍റെ വിവാഹവും നടത്താനായി കരുതി വച്ച മുഴുവന്‍ സമ്പാദ്യവും അഗ്നിബാധയില്‍ നഷ്ടമായി. വീട്ടില്‍ തീ പടര്‍ന്നതോടെ പുറത്തേക്ക് ഓടിയ അനീസിന്‍റെ ബന്ധുക്കളെ പാരാമിലിട്ടറി സേനയാണ് രക്ഷപ്പെടുത്തിയത്. അനീസിന്‍റെ വീടിന് സമീപമുണ്ടായിരുന്ന 35ാളം വീടുകള്‍ കലാപകാരികള്‍ തകര്‍ത്ത് അഗ്നിക്കിരയാക്കി. 

അടുത്ത അവധിക്ക് വീട്ടിലെത്തുമ്പോള്‍ അനീസിന്‍റെ വിവാഹം നടത്താനിരിക്കുകയായിരുന്നു. അനീസിന്‍റെ ബന്ധുവായ പര്‍വ്വീണിന്‍റെ വിവാഹത്തിനായി കരുതി വച്ച ആഭരണങ്ങളും അഗ്നിക്കിരയായി. മാസം തോറും പണം നല്‍കി ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍ സ്വരൂപിച്ച് വച്ച ആഭരണങ്ങളാണ് അഗ്നിബാധയില്‍ നഷ്ടമായത്. ഘാസ് ഖജൂരി ഹിന്ദു ഭൂരിപക്ഷമുള്ള മേഖലയാണ്. എന്നാല്‍ തങ്ങളെ ആക്രമിച്ചവരില്‍ ഒരാള്‍പ്പോലും അയാല്‍ക്കാരില്ലെന്നും പുറത്ത് നിന്നുള്ളവരാണ് അക്രമത്തിന് ചുക്കാന്‍ പിടിച്ചതെന്നും അനീസിന്‍റെ കുടുംബാംഗങ്ങള്‍  ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 2013ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന അനീസ് മൂന്ന് വര്‍ഷം ജമ്മു കശ്മീരില്‍ സേവനം ചെയ്തിട്ടുണ്ട്. 

ചിത്രങ്ങള്‍ക്ക് കടപ്പാട് : ന്യൂസ് 18

 

Follow Us:
Download App:
  • android
  • ios