മോദിയുടെ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടൽ, ബിജെപിയോട് വിശദീകരണം തേടി; രാഹുലിനും നോട്ടീസ്
കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദില്ലി: രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്. 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ബിജെപി പരാതിയിൽ രാഹുൽ ഗാന്ധിക്കും കമ്മീഷൻ നോട്ടീസ് നൽകി. കേരളത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗമാണ് നടപടികൾക്ക് ആധാരം. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നുമുളള പ്രധാനമന്ത്രിയുടെ പരാമർശമാണ് വിവാദമായത്.
പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ കോൺഗ്രസ്, പ്രകടന പത്രിക കൂട്ടത്തോടെ മോദിക്ക് അയച്ചു
കേരളത്തിലടക്കം വെച്ച് നടത്തിയ ചില പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്. ഭാഷയുടെ പേരിൽ ബിജെപി രാജ്യത്തെ വിഭജിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപത്തിയേഴാം വകുപ്പ് അനുസരിച്ചാണ് ഇരുവർക്കുമെതിരായ നടപടി.