ദില്ലി: സംസ്ഥാനാന്തര യാത്രങ്ങളും, അന്തര്‍ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടയരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചത്. ലോക്ക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് 3 നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. 

വിവിധ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളില്‍ സംസ്ഥാനാന്തര യാത്രങ്ങളും, അന്തര്‍ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടഞ്ഞുകൊണ്ടുള്ള ഉത്തരവുകള്‍ ഇറക്കിയ പാശ്ചത്തലത്തിലാണ് ഇത്തരം ഒരു നിര്‍ദേശം കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. രാജ്യം 'തുറക്കല്‍' പ്രക്രിയയിലേക്ക് പോകുന്നഘട്ടത്തില്‍ ഇതില്‍ നിന്നും മാറിനില്‍ക്കുന്ന നിലപാട് സംസ്ഥാനങ്ങളില്‍ നിന്നും ഉണ്ടാകരുത് എന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നല്‍കുന്നത്.

ആണ്‍ലോക്ക് 3.0 യിലെ അഞ്ചാം പാരാഗ്രാഫ് ഉദ്ധരിച്ച കേന്ദ്ര അഭ്യന്തര സെക്രട്ടറിയുടെ സര്‍ക്കുലര്‍. ആളുകളുടെയോ, ചരുക്കുകളുടെയോ നീക്കത്തിന് പ്രത്യക അനുമതിയോ ഇ-പെര്‍മിറ്റോ ആവശ്യമില്ലെന്ന് സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. 

കേന്ദ്രത്തിന്‍റെ നിര്‍ദേശം മറികടന്നും ഇത്തരം നിയന്ത്രണങ്ങള്‍ സംസ്ഥാനതലത്തില്‍ കൊണ്ടുവരുകയാണെങ്കില്‍, അത് ദുരന്ത നിവാരണ ആക്ട്  2005 പ്രകാരം കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമായിരിക്കുമെന്നാണ് കേന്ദ്ര അഭ്യന്തര സെക്രട്ടറി അയച്ച കത്തില്‍ പറയുന്നത്.