"ദരിദ്രരെ ഇത്തരത്തിലുള്ള സമയത്ത് സഹായിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പ്രശംസനീയമാണ്. മറ്റുള്ളവരെ സഹായിക്കാൻ ഇത് കൂടുതൽ ആളുകളെ പ്രേരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്ന് വിവാഹത്തിൽ പങ്കെടുത്ത ഡെപ്യൂട്ടി കളക്ടർ പ്രവീൺ മെങ്ഷെട്ടി പറഞ്ഞു.

മുംബൈ: മകളുടെ വിവാഹത്തിന് സ്വരൂക്കൂട്ടി വച്ചിരുന്ന പണം കൊവിഡ് പോരാട്ടത്തിന് സംഭാവന നൽകി ഒരു കുടുംബം. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന സംഭവം നടന്നത്. പണത്തോടൊപ്പം അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകളും കുടുംബം സംഭാവനയായി നൽകി.

സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഉദ്ഗീർ നിവാസിയായ വിലാസ് ബോക്ക് മകൾ ​ഗീതാനാജ്‍ലിയുടെ വിവാഹം നടത്തിയത്. ഏതാനും ചിലർ മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നതെങ്കിലും സാമൂഹിക അകലം പാലിച്ചായിരുന്നു ആഘോഷങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു സ്വാപ്നിൽ റെഡ്ഡിയുടെയും ഗീതാനാജ്‍ലിയുടെയും വിവാഹം. 

വിവാഹത്തിനായി കരുതിയിരുന്ന 51,000 രൂപയും 125 അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുമാണ് കൊവിഡ് പോരാട്ടത്തിനായി വിലാസ് പ്രാദേശിക ഭരണകൂടത്തിന് നൽകിയത്. പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോ​ഗസ്ഥരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

"ദരിദ്രരെ ഇത്തരത്തിലുള്ള സമയത്ത് സഹായിക്കാനുള്ള കുടുംബത്തിന്റെ തീരുമാനം പ്രശംസനീയമാണ്. മറ്റുള്ളവരെ സഹായിക്കാൻ ഇത് കൂടുതൽ ആളുകളെ പ്രേരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്ന് വിവാഹത്തിൽ പങ്കെടുത്ത ഡെപ്യൂട്ടി കളക്ടർ പ്രവീൺ മെങ്ഷെട്ടി പറഞ്ഞു. ഏപ്രിൽ 9 നാണ് ഗീതാനാജ്‍ലിയുടെ വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.