Asianet News MalayalamAsianet News Malayalam

മീടൂ: 'ഒന്നും ഓർമയില്ലെ'ന്ന് എം ജെ അക്ബർ; പ്രിയാ രമാണിയുടെ അഭിഭാഷകയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല

മാധ്യമപ്രവർത്തക പ്രിയാ രമാണിയുൾപ്പടെ നിരവധി സ്ത്രീകൾ എംജെ അക്ബറിനെതിരെ ലൈംഗികാരോപണവും, മോശമായി പെരുമാറിയെന്ന ആരോപണങ്ങളും ഉന്നയിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശേഷം എം ജെ അക്ബർ പ്രിയാ രമാണിക്കെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. 

i dont remember anything mj akbar responds to priya ramanis counsels questions
Author
New Delhi, First Published May 4, 2019, 3:08 PM IST

ദില്ലി: ലൈംഗികപീഡനാരോപണം ഉന്നയിച്ചതിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ മുൻ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിന്‍റെ മൊഴി ദില്ലി പട്യാല ഹൗസ് കോടതി രേഖപ്പെടുത്തി. ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്യുന്നതിനിടെ തന്നെ എം ജെ അക്ബർ ലൈംഗികമായി പല തവണ പീഡിപ്പിച്ചെന്ന് മാധ്യമപ്രവർത്തകയായ പ്രിയാ രമാണി തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ഒരു കാലത്ത് അക്ബറിന്‍റെ സഹപ്രവർത്തകരായിരുന്ന നിരവധി സ്ത്രീകളാണ് സമാനമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് പ്രിയാ രമാണിക്ക് പിന്തുണയുമായെത്തിയത്. 

ഇതേത്തുടർന്ന് എം ജെ അക്ബറിന് വിദേശകാര്യസഹമന്ത്രിസ്ഥാനം നഷ്ടമായിരുന്നു. 2018 ഒക്ടോബർ 17-ന് രാജി വച്ചതിന് പിന്നാലെ പ്രിയാ രമാണിക്കെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം ജെ അക്ബർ മാനനഷ്ടക്കേസ് നൽകി.

അഡ്വ. റെബേക്ക ജോണാണ് കേസിൽ പ്രിയാ രമാണിക്ക് വേണ്ടി ഹാജരായത്. ഇന്ന് കേസിലെ വിചാരണ നടക്കുന്നതിനിടെ പ്രിയാ രമാണിയുടെ അഭിഭാഷകയുടെ ഒരു ചോദ്യങ്ങൾക്കും എം ജെ അക്ബർ മറുപടി നൽകാൻ തയ്യാറായില്ല. 'എനിക്കൊന്നും ഓർമയില്ല' എന്ന് മാത്രമായിരുന്നു റെബേക്ക ജോണിന്‍റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള അക്ബറിന്‍റെ മറുപടി. 

ഏഷ്യൻ ഏജിൽ പ്രിയാ രമാണി അക്ബറിന്‍റെ ജൂനിയർ ആയി ജോലി ചെയ്യാനെത്തിയ കാലത്തെക്കുറിച്ച് ചോദിച്ചതിനും 'ഓർമയില്ലെ'ന്ന് അക്ബറിന്‍റെ മറുപടി. 

പ്രിയാ രമാണിക്ക് പിന്തുണയുമായി നിരവധി വനിതാ മാധ്യമപ്രവർത്തകരും ഇന്ന് കോടതിയിലെത്തിയിരുന്നു. വാദത്തിനിടെ പല തവണ ഇടപെട്ടുകൊണ്ടിരുന്ന അക്ബറിന്‍റെ അഭിഭാഷകനോട്, എന്നെ പറയാൻ അനുവദിക്കാതെ തടസ്സപ്പെടുത്തരുതെന്ന് പ്രിയാ രമാണിയുടെ അഭിഭാഷക റെബേക്ക ജോൺ ആവശ്യപ്പെട്ടു. 'വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കരുതെ'ന്നായിരുന്നു അക്ബറിന്‍റെ അഭിഭാഷകന്‍റെ മറുപടി. 'ഇത് തീർത്തും വ്യക്തിപരമായ അനുഭവങ്ങളുടെ പുറത്തുള്ള പോരാട്ടമാണെന്നും അതിൽ വ്യക്തിപരമായ ചോദ്യങ്ങളുണ്ടാകുമെന്നും അവർ മറുപടി നൽകി. 

അഡീ. ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിന് മുൻപാകെ നൽകിയ മൊഴിയിൽ എം ജെ അക്ബർ തനിക്കെതിരെ ഉയർന്ന മീടൂ ആരോപണങ്ങളെയെല്ലാം, അപകീർത്തികരമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞു. താൻ പറഞ്ഞതെല്ലാം സത്യസന്ധമാണെന്നും മൊഴിയിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രിയാ രമാണിയും കോടതിയെ അറിയിച്ചു. കേസിൽ ഇനി മെയ് 20-ന് വാദം തുടരും. 

Follow Us:
Download App:
  • android
  • ios