ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ട്രംപിനും കുടുംബത്തിനും പ്രധാനമന്ത്രി പുതുവത്സരാശംസകൾ നേർന്നതായും സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്തോ എന്ന് വ്യക്തമാക്കിയില്ല. 

ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം നടന്ന നയതന്ത്ര ഇടപെടലുകളും സഹകരണവും ഈ വർഷവും തുടരുന്നതിനെ സംബന്ധിച്ച് ചർച്ചയായി. ഇന്ത്യയിലെ ജനങ്ങൾക്ക് ട്രംപ് പുതുവർഷ ആശംസകൾ നൽകി. ‘വിശ്വാസം, പരസ്പര ബഹുമാനം, ധാരണ എന്നിവയിൽ അധിഷ്ഠിതമായ ഇന്ത്യ-യുഎസ് ബന്ധം ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുന്നതിൽ കഴിഞ്ഞ വർഷം കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറയുകയും വർഷവും തുടരേണ്ട സഹകരണവും ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇറാനും അമേരിക്കയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോദി - ട്രംപ് സംഭാഷണം.