ദില്ലി: വിദ്യാര്‍ഥികളും, അധ്യാപകരും, രക്ഷിതാക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും. പരീക്ഷ പേ ചര്‍ച്ച 2020 ന്‍റെ ഭാഗമായാണ് സംവാദം. ദില്ലിയിലെ തല്‍കടോര സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. പരീക്ഷ ഭയം, പരീക്ഷ സമയത്തെ സമ്മര്‍ദ്ദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. 

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള രണ്ടായിരത്തില്‍ അധികം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. 9മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വിഷയങ്ങളില്‍ ലഘു പ്രബന്ധ മത്സരം നടത്തിയാണ് പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 1050 വിദ്യാര്‍ഥികളേയും ഇത്തരത്തിലാണ് തെരഞ്ഞെടുത്തിട്ടുള്ളത്. 

പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച നിയന്ത്രിക്കുന്നതും വിദ്യാര്‍ഥികള്‍ ആവും. കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലുപേരാണ് ചര്‍ച്ച നിയന്ത്രിക്കുക. പരീക്ഷാ പേ ചര്‍ച്ചയുടെ മൂന്നാമത്തെ എഡിഷനാണ് ഇന്നി ദില്ലിയില്‍ നടക്കുക. അതേസമയം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.