ദില്ലി: ദിവസങ്ങളായി ദില്ലിയിലെ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി സാമൂഹിക രാഷ്ട്രീയ സിനിമാ സാംസ്കാരികരം​ഗത്തെ നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ഇതിനിടെ പഞ്ചാബിലെ ഒരു കുടുംബം മുഴുവൻ തങ്ങൾ കർഷകർക്കൊപ്പമാണെന്ന് അറിയിച്ചിരിക്കുകയാണ്. 

വീട്ടിൽ നടക്കാനിരിക്കുന്ന വിവാഹത്തിൽ സമ്മാനങ്ങൾക്ക് പകരം, കർഷകരെ പിന്തുണക്കാൻ സംഭാവനകൾ നൽകണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് പഞ്ചാബിലെ കുടുംബം. സംഭാവന സ്വീകരിക്കാൻ ഇവർ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന തുക കർഷകർക്ക് പുതപ്പും, ഭക്ഷണസാധനങ്ങളും വാങ്ങാൻ ഉപയോഗിക്കുമെന്നാണ് ഈ കുടുംബം പറയുന്നത്. 

''വിവാഹ സമ്മാനങ്ങൾ നൽകുന്നതിന് പകരം ദില്ലിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് സംഭാവനകൾ നൽകൂ. ഈ പണം കർഷകർക്ക് അത്യാവശ്യമുള്ള ഭക്ഷണം, തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ ഉപയോ​ഗിക്കും'' - വിവാഹ സൽക്കാരത്തിനിടെ അനൗൺസർ പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ വൈറലാണ്. ചണ്ഡിഖഡിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള മുക്സ്തറിലാണ് കർഷകർക്കായി സംഭാവനപ്പെട്ടിയുമായി ഈ വിവാഹം നടന്നത്.