Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു; പൗരത്വ ബില്ലിലെ നിലപാടില്‍ മലക്കംമറിഞ്ഞ് ശിവസേന

ലോക്സഭയില്‍ ഇന്നലെ അർദ്ധരാത്രി പൗരത്വ ബിൽ പാസ്സാക്കിയപ്പോൾ ശിവസേന അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. കടുത്ത അതൃപ്തി ഇക്കാര്യത്തിൽ കോൺഗ്രസ് ഉദ്ധവ് താക്കറയെ അറിയിച്ചിരുന്നു

Shiv Sena changed their stand in cab
Author
Delhi, First Published Dec 10, 2019, 5:54 PM IST

ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിൽ നിലപാട് മാറ്റി ശിവസേന. കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചതോടെ ബില്ലിനെ രാജ്യസഭയിൽ അനുകൂലിക്കില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ബില്ലിനെതിരെ  വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏർപ്പെടുത്തി. ലോക്സഭയില്‍ ഇന്നലെ അർദ്ധരാത്രി പൗരത്വ ബിൽ പാസ്സാക്കിയപ്പോൾ ശിവസേന അനുകൂലിച്ച് വോട്ട് ചെയ്തു. കടുത്ത അതൃപ്തി ഇക്കാര്യത്തിൽ കോൺഗ്രസ് ഉദ്ധവ് താക്കറയെ അറിയിച്ചു. പ്രധാനവിഷയങ്ങളിൽ കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്ന് പൊതു മിനിമം പരിപാടിയിൽ വ്യക്തമാക്കിയതാണ്. ഇത് ലംഘിച്ചെന്നും സർക്കാരിൽ തുടരണോ എന്ന് ആലോചിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

രാഹുൽഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു കോൺഗ്രസ് നീക്കം. ബില്ലിനെക്കുറിച്ച് ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നും അതിനാൽ രാജ്യസഭയിൽ പിന്തുണ ഇല്ലെന്നും ശിവസേന പിന്നീട് നിലപാട് തിരുത്തി. ബില്ലിനെതിരെ എൻഇഎസ്ഒ, എഎഎസ്‍യു എന്നീ വിദ്യാർത്ഥി സംഘടനകള്‍ അസമിൽ ആഹ്വാനം ചെയ്ത ബന്തിനിടെ പലയിടത്തും അക്രമം നടന്നു. ത്രിപുരയിലും മണിപ്പൂരിലും ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചിലസ്ഥലങ്ങളിൽ വിഘടനവാദി സംഘടനയായ ഉൾഫയും പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി പതാക ഉയർത്തി. അസമിലെ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു.  മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻന സമിതി വിഷയത്തിൽ ഇടപെട്ടത് അനാവശ്യമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബില്ല് നാളെ രാജ്യസഭ പാസ്സാക്കിയാലും അന്തിമ തീരുമാനം  സുപ്രീംകോടതിയുടേതാവും.

Follow Us:
Download App:
  • android
  • ios