ദില്ലി: മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മോറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് കോടതികൾ വിട്ടുനിൽക്കുന്നതാണ് നല്ലത്. സർക്കാർ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. സാമ്പത്തിക പാക്കേജും സാമ്പത്തിക പദ്ധതികളും വിശദമായ പഠനത്തോടെ സർക്കാർ തന്നെയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും ഒരു മേഖലയിൽ പ്രശ്നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളിൽ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബാങ്കുകൾക്ക് നിക്ഷേപകർക്കും പലിശ നൽകേണ്ടതാണ്. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും  കോടതി  നിരീക്ഷിച്ചു.