രാജ്യസഭാ എംപിമാരുടെ സസ്പെൻഷൻ: പ്രതിപക്ഷത്തെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ, കടുത്ത നിലപാടിൽ വെങ്കയ്യ നായിഡു
പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷത്തെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് നിർദ്ദേശം.

ദില്ലി: പന്ത്രണ്ട് രാജ്യസഭ എംപിമാരുടെ (Rajyasabha MPs) സസ്പെൻഷനെ ചൊല്ലി പ്രതിപക്ഷത്തിനും രാജ്യസഭ അദ്ധ്യക്ഷനും ഇടയിലുണ്ടായ തർക്കം തുടരുന്നു . സഭയുടെ വിശുദ്ധി കെടുത്തിയവരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു (venkaiah naidu) വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഇരുസഭകളിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷം സമ്മേളനം ബഹിഷ്ക്കരിക്കുന്നത് പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കാൻ പ്രതിപക്ഷത്തെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാം എന്നാണ് നിർദ്ദേശം.
എംപിമാരുടെ സസ്പെൻഷനെക്കുറിച്ച് ചർച്ച ചെയ്യാം എന്ന സർക്കാർ നിർദേശം പ്രതിപക്ഷത്തിൻ്റെ പരിഗണനിയിലുണ്ട്. പ്രതിപക്ഷം ഇല്ലാത്തതിനാൽ ബില്ലുകൾ പരിഗണിക്കാതെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 11 മണിക്ക് വീണ്ടും ചേരും.
എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്പെൻഷൻ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. രാവിലെ 16 പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്ന ശേഷം വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. സസ്പെൻഷൻ പിൻവലിക്കണം എന്ന് ആശ്യപ്പെടുമ്പോഴും ഖേദം പ്രകടിപ്പിക്കില്ല എന്ന നിലപാടിൽ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്.
വെങ്കയ്യ നായിഡുവിൻറെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ നിന്നും ഇറങ്ങി പോയി. തുടർന്ന് അവർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ്ണ നടത്തി. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമ്മേളനം ബഹിഷ്ക്കരിക്കണോ എന്ന് ആലോചനയുണ്ട്. സർക്കാരിൻറെ നിലപാട് നോക്കി ഇക്കാര്യം തീരുമാനിക്കും. മല്ലികാർജ്ജുൻ ഖർഗെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് തൃണമൂൽ കോൺഗ്രസ് എത്തിതിരുന്നത് ശ്രദ്ധേയമായി. എന്നാൽ തൃണമൂൽ കോൺഗ്രസും ഇന്ന് സഭാ നടപടികൾ ബഹിഷ്ക്കരിച്ചു. ഏറ്റുമുട്ടൽ കടുക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ നിന്നും അംഗങ്ങളുടെ സസ്പെൻഷൻ വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കാൻ സർക്കാരിനായി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം തണ്ണുപ്പിക്കാൻ ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള മുൻകൈയ്യെടുത്ത് കക്ഷി നേതാക്കളുടെ പ്രത്യേക ചർച്ച നടത്തുന്നുണ്ട്. പ്രതിപക്ഷ നിസ്സഹകരണത്തെ തുടർന്ന് വൈകിട്ട് മൂന്ന് മണി വരെ ലോക്സഭാ നിർത്തിവച്ചിരുന്നു.
പീയൂഷ് ഗോയലിൻ്റെ വാക്കുകൾ -
പാർലമെന്റിൻ്റെ അവസാന മണ്സൂണ് സെഷനിൽ നമ്മൾ കണ്ടത് ഇതിനു മുൻപൊരിക്കലും കാണാത്ത തരത്തിലുള്ള നിലവിട്ട പെരുമാറ്റമാണ്. പാർലമെൻ്റിലെ എൽഇഡി സ്ക്രീൻ അടിച്ചു തകർക്കാൻ ഒരു എംപി ഒരുമ്പെട്ടു. വനിതാ മർഷൽമാരെ ചില എംപിമാർ കൈയേറ്റം ചെയ്തു. സഭയടെ അന്തസ് ഉയർത്തി പിടിക്കുന്ന തരത്തിലുള്ള നടപടികൾ ഇവിടെ അത്യാവശ്യമാണ്. പാർലമെൻ്റിൻ്റെ നടപടികൾ അട്ടിമറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭൂരിപക്ഷം ഇല്ലാത്തതിനാലാണ് സസ്പെൻഷൻ ലഭിച്ചതെന്ന വാദം അടിസ്ഥാനരഹിതമാണ്.
എളമരം കരീമിൻ്റെ വാക്കുകൾ -
രാജ്യസഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. പാർലമെൻറിൻ്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയാണ് സർക്കാർ തുടരുന്നത്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയുണ്ടായാൽ പ്രവിലേജ് കമ്മറ്റിക്കാണ് വിടേണ്ടത്. സസ്പെൻഷനിൽ പ്രതിഷേധിച്ച് നാളെ രാവിലെ പത്തു മണി മുതൽ സസ്പെൻഷനിലായ എം പിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ധർണ്ണ ഇരിക്കും. തൃണമൂൽ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേരും. തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ല ,പിന്നെ എന്തിനാണ് മാപ്പ് ചോദിക്കുന്നത്? സഭാ അധ്യക്ഷന് നൽകിയ പരാതികൾ പോലും ഇതുവരെ പരിഗണിച്ചില്ല. തന്നെ മർദ്ദിച്ച മാർഷൽമാർക്കെതിരെ നടപടി എടുത്തില്ല. പ്രധാനമന്ത്രി പറയുന്നതല്ല പ്രവർത്തിക്കുന്നത്.
ജോൺ ബ്രിട്ടാസിൻ്റെ വാക്കുകൾ -
ആഗസ്റ്റ് 11-ലെ ബുള്ളറ്റിനിൽ പ്രതിഷേധിച്ചവരുടെ പേരുകൾ ഉണ്ട്. എന്നാൽ അതിൽ എളമരം കരീമിന്റെ പേരില്ല. എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ എളമരം കരീമുണ്ട്. എങ്ങനെയാണ് കരീമിനെതിരെ അവർ നടപടിയെടുത്തത്.
ബിനോയ് വിശ്വത്തിൻ്റെ വാക്കുകൾ -
വൈരാഗ്യബുദ്ധിയോടെയാണ് പ്രതിപക്ഷ അംഗങ്ങളോട് പെരുമാറുന്നത്. മാപ്പ് പറയാൻ ഞങ്ങൾ സവർക്കർ അല്ല. ഏകപക്ഷീയമായ നടപടികളെ
പ്രതിപക്ഷം നിയമപരമായി നേരിടും.കോടതിയെ സമീപിക്കാൻ കഴിയുമോയെന്ന് ആലോചിക്കുന്നുണ്ട്.