ദില്ലി: കേരള സര്‍ക്കാറിന്‍റെ ടൂറിസം വകുപ്പ് ട്വിറ്ററില്‍ ബീഫ് ഫ്രൈയുടെ ചിത്രം പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഗോഭക്തരെ അപമാനിക്കുന്നതാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത് രംഗത്ത്. ബീഫിനെയാണോ ടൂറിസത്തെയാണോ കേരളം പ്രോത്സാഹിപ്പിക്കുന്നതെന്നും വിഎച്ച്പി ചോദിച്ചു. 'ഇത് ടൂറിസത്തെയാണോ ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്. കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇത്. ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഇത്തരമൊരു ട്വീറ്റ് വന്നത്'-വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ ട്വീറ്റ് ചെയ്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെയും വിനോദ് ബന്‍സാല്‍ ടാഗ് ചെയ്തു. കേരള ടൂറിസം വകുപ്പിനെ 'ഉപദേശിക്കണ'മെന്നും അദ്ദേഹം ഇവരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ വിനോദ സഞ്ചാരികളില്‍ കോടിക്കണക്കിന് പേര്‍ ഗോ ഭക്തരാണെന്നു അവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യരുതെന്ന് മനസ്സിലാക്കണമെന്നും മറ്റൊരു ട്വീറ്റിലൂടെ വിനോദ് ബന്‍സാല്‍ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തായിരുന്നു ഈ ട്വീറ്റ്. 

ബീഫ് ഉലര്‍ത്തിയതിന്‍റെ പാചകക്കൂട്ട് പരിചയപ്പെടുത്തുന്ന കേരള ടൂറിസം വകുപ്പിന്‍റെ ട്വീറ്റാണ് വിവാദത്തിലായത്. ട്വീറ്റിനെതിരെ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി കമന്‍റുകളുമായി ഒരു സംഘമെത്തി. ബീഫ് കേരളത്തിന്‍റെ സംസ്കാരം അല്ല, കാലാവസ്ഥ വൃതിയാനത്തിന് കാരണം ബീഫാണ്, ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് നിരോധിക്കുക, ഇനി കേരളം സന്ദര്‍ശിക്കില്ല, പന്നിയിറച്ചി കൂടെ പ്രചരിപ്പിക്കുക തുടങ്ങിയ കമന്‍റുകളാണ് പോസ്റ്റിന്‍റെ താഴെ വന്നിരിക്കുന്നത്.

കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് വിമര്‍ശന കമന്‍റുകളുമായി എത്തിയവരില്‍ ഏറെയും. ബീഫ് ഉലര്‍ത്തിയതിന്‍റെ കൂടെ പൊറോട്ടയും കഴിക്കുന്നതിന്‍റെ സ്വാദ് വിശദമാക്കുന്ന കമന്‍റുകളും ഒപ്പം വന്നിട്ടുണ്ട്. സുഗന്ധവ്യജ്ഞനങ്ങളുടെ നാട്ടില്‍ നിന്നുള്ള വിശിഷ്‌ടമായ വിഭവം എന്ന് കുറിച്ചാണ് കേരള ടൂറിസം ബീഫ് ഉലര്‍ത്തിയതിന്‍റെ പാചക്കൂട്ട് ട്വീറ്റ് ചെയ്തത്.