Asianet News MalayalamAsianet News Malayalam

അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പടിയിറങ്ങുന്നു, ഇനിയെന്ത്?

'സാമ്രാജ്യങ്ങളുടെ  ശവപ്പറമ്പ്' എന്ന അഫ്ഗാനിസ്ഥാന്റെ കുഖ്യാതിക്ക് അന്ത്യം കുറിക്കുന്നതിൽ അമേരിക്കയും പരാജയപ്പെട്ടു കഴിഞ്ഞു

america  retreats from afganisthan gen syed ata hasnain column
Author
Kabul, First Published Jul 12, 2021, 4:49 PM IST
  • Facebook
  • Twitter
  • Whatsapp

റിട്ട. ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ എഴുതിയ ലേഖനം

രണ്ടു പതിറ്റാണ്ടു കാലമായി അഫ്‌ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, വരും വർഷങ്ങളിൽ വിവിധ വീക്ഷണ കോണുകളിൽ നിന്ന് വിലയിരുത്തപ്പെടാൻ പോവുന്ന ഒന്നാണ്. മിക്കവാറും, അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുക, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഒരു പാളിച്ച എന്ന നിലയ്ക്കാവും. 'സാമ്രാജ്യങ്ങളുടെ  ശവപ്പറമ്പ്' എന്ന അഫ്‌ഗാനിസ്ഥാന്റെ കുഖ്യാതിക്ക് അന്ത്യം കുറിക്കുന്നതിൽ അമേരിക്കയും പരാജയപ്പെട്ടു കഴിഞ്ഞു. അവിടേക്ക് സമാധാനമെത്തിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ വേണ്ടിയിരുന്ന സഹകരണത്തിന്റെയും നേതൃശേഷിയുടെയും തന്ത്രങ്ങളുടെയും പരാജയം എന്നുതന്നെയാണ് ഈ പിന്മടക്കത്തെയും ലോകം കാണുക. 

വിയറ്റ്നാമിൽ അമേരിക്ക പരാജയപ്പെട്ടതും, അഫ്‌ഗാനിസ്ഥാനിൽ റഷ്യക്ക് തോൽവി അറിയേണ്ടി വന്നതും ശീതയുദ്ധകാലത്ത് നടന്ന സംഗതികളാണ്. അന്ന് പ്രസിഡന്റ് നിക്‌സൺ വിയറ്റ്നാമിൽ തങ്ങളുടെ നയതന്ത്രപരമായ ലക്ഷ്യങ്ങൾ ഒക്കെയും നിറവേറ്റപ്പെട്ടു കഴിഞ്ഞു എന്നാണ് അവകാശപ്പെട്ടത്. പക്ഷേ, അഫ്‌ഗാനിലെ സൈനിക നടപടികളിൽ അമേരിക്കയ്ക്ക് രുചിക്കേണ്ടി വന്ന പരാജയം, ഒരു ലോകശക്തിക്ക് പരിമിതമായ വിഭവങ്ങൾ മാത്രം കയ്യിലുള്ള ഭീകരർക്ക് മുന്നിൽ തോറ്റു പിന്മാറേണ്ടി വന്നതിന്റെ ഏറ്റവും നല്ല  ഉദാഹരണമാണ്. അതേപ്പറ്റിയുള്ള വിശദമായ വിശകലനം സൈനികപിന്മാറ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നടത്തപ്പെടുന്നതാണ്. 

കഴിഞ്ഞ ഏഴെട്ടു വർഷങ്ങളായി,ദേശീയ ഐക്യ സർക്കാരിന്റെ താലിബാൻ വിരുദ്ധ സേനകളെ ശക്തിപ്പെടുത്തി ഭരണത്തിന്റെ നിയന്ത്രണം നിലനിർത്താനുള്ള പരിശ്രമങ്ങളാണ്, അഫ്‌ഗാനിസ്ഥാനിൽ നടന്നുകൊണ്ടിരുന്നത്. 'അഫ്‌ഗാനികൾ നയിക്കുന്ന, അഫ്‌ഗാനികളുടെ സ്വന്തം മുന്നേറ്റം' എന്നാണ് അതിനെപ്പറ്റി പല സംവാദങ്ങളിലും പറഞ്ഞു കേട്ടിരുന്നത്. അവയിൽ ഒന്നുപോലും ഇതുവരെ പൂർണ വിജയമാണ് എന്ന് പറയാനാവില്ല എങ്കിലും പ്രതീക്ഷ കൈവെടിയേണ്ടതില്ല. അഫ്‌ഗാനിസ്ഥാൻ നാഷണൽ ആർമി(ANA), നാഷണൽ പോലീസ് എന്നിവ ചേർന്നാൽ ഏകദേശം മൂന്നുലക്ഷത്തോളം വരുന്ന ഒരു സേനയുണ്ട് അഫ്‌ഗാനിസ്ഥാനിൽ. അവർക്ക് ധൈര്യത്തിന് ഒരു കുറവുമില്ല. ഭീകരവിരുദ്ധപോരാട്ടത്തിനിടെ, അവർക്ക് വർഷാവർഷം ഏകദേശം 8000 ആൾനാശങ്ങൾ എങ്കിലും ഉണ്ടാകുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിൽ തുടർന്നുകൊണ്ട് അമേരിക്ക നൽകിപ്പോരുന്ന വ്യോമസേനാ പിന്തുണ ഉണ്ടായിരുന്നിട്ടു പോലും അത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അഫ്‌ഗാനിലെ നാഷണൽ ആർമിക്ക് ഇനിയങ്ങോട്ടുള്ള പോരാട്ടങ്ങൾ സ്വന്തമായി നടത്തിക്കൊണ്ടു പോകാനുള്ള ത്രാണിയുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. അതിനുള്ള ഉത്തരം 2013 -ൽ പോലും 'ഇല്ല' എന്ന് തന്നെ ആയിരുന്നു. അവർക്കായി വിഭാവനം ചെയ്യപ്പെട്ട ശേഷി ആർജിക്കാൻ അവരെ പ്രാപ്തരാക്കാതിരുന്നത് എന്തിന്റെപേരിലായിരുന്നു?  അത്യാധുനിക പടക്കോപ്പുകൾ  അനുവദിച്ചു നൽകിയാൽ  അവ ഫലപ്രദമായി വിനിയോഗിച്ച് പോരാടാൻ അവർക്ക് സാധിക്കുമോ? അതിനെ സുരക്ഷിതമായ സൂക്ഷിക്കാൻ അവർക്ക് സാധിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് അന്നുയർന്നത്. ഈ പടക്കോപ്പുകൾ നാഷണൽ ആർമിയുടെ കയ്യിൽ നിന്ന് നഷ്ടമായി  താലിബാന്റെ കയ്യിലെത്തിയേക്കാം, അവ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരായിത്തന്നെ പ്രയോഗിക്കപ്പെട്ടേക്കാം  എന്ന ഭയത്തിലാണ് ഇന്ന്  മറ്റു ലോകരാഷ്ട്രങ്ങൾ. 

പടക്കോപ്പുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങി പലതിനും വേണ്ടി പലവട്ടം അഫ്‌ഗാനിസ്ഥാൻ ഇന്ത്യയെ സമീപിച്ചു കഴിഞ്ഞിട്ടുണ്ട് ഇതിനകം. നമ്മുടെ സൈന്യവും അഫ്‌ഗാനിസ്ഥാൻ നാഷണൽ ആർമിയുമായുള്ള ബന്ധം ഏറെ ഊഷ്മളമാണ്. ഇരു ഗവണ്മെന്റുകളും തമ്മിലുള്ള നയതന്ത്രബന്ധവും എന്നത്തേക്കാളും സൗഹൃദമായിട്ടാണ് നീങ്ങുന്നത്. അഫ്‌ഗാനി സൈന്യത്തിലെ കേഡറ്റുകളെയും സൈനിക ഓഫീസർമാരെയും നമ്മുടെ സൈന്യം പലവുരു പരിശീലിപ്പിച്ചു കഴിഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ ജനങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങളും ഏറെ മെച്ചപ്പെട്ടു കഴിഞ്ഞിരുന്നു. അവർ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്ന രാഷ്ട്രം എന്ന നിലയിലേക്ക് നമ്മൾ ഉയർന്നും കഴിഞ്ഞിരുന്നു. പക്ഷേ, എന്നിട്ടും അവർക്ക് കൂടുതൽ പടക്കോപ്പുകൾ നൽകുക എന്നത് നമുക്ക് സാധിക്കുന്ന ഒരു കാര്യമല്ലായിരുന്നു. കാരണം, അവരും താലിബാനും തമ്മിൽ കൈകോർക്കാനുള്ള ഒരു സാധ്യത നിലനിൽക്കുമ്പോൾ ഇത്തരത്തിൽ കൈമാറുന്ന ആയുധങ്ങൾ അമേരിക്കയുടെയും സഖ്യസേനയുടെയും നേർക്ക് പ്രയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

എന്നാൽ, അഫ്‌ഗാനിസ്ഥാനിലെ സൈന്യത്തിന് ഭീകരരോട് പോരാടാൻ മേൽപ്പറഞ്ഞത്ര മാരകമായ പടക്കോപ്പുകളുടെ ആവശ്യം ഇല്ല എന്നതാണ് സത്യം. അവർക്ക് അത്യാവശ്യമായി വേണ്ടത്, കൃത്യമായ സൈനിക ഉപദേശങ്ങളും, ഫലപ്രദമായ വ്യോമസേനാ പിന്തുണയും, കൃത്യമായ ലോജിസ്റ്റിക്‌സും മാത്രമാണ്. നഗരങ്ങളെ ലക്ഷ്യമിടുക എന്ന പരമ്പരാഗത തന്ത്രമല്ല താലിബാനും, ഇപ്പോൾ പിന്തുടരുന്നത്. പരമാവധി വിദൂര ഗ്രാമീണ കേന്ദ്രങ്ങൾ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് നഗരങ്ങളിലേക്കുള്ള 'സപ്ലൈ' തടയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ഇതിന്റെയൊക്കെ അവസാനം സംഭവിക്കുക പാവപ്പെട്ട ജനങ്ങൾക്ക് സ്വന്തം നാട്ടിൽ അഭയാർത്ഥികളാകേണ്ടി വരിക എന്നതാണ്. അവരുടെ വൻതോതിലുള്ള പലായനങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കും. അതുതന്നെ ഒരു വലിയ കെടുതിക്ക് കാരണമാകും. അങ്ങനെ നാലുപാടുനിന്നും സമ്മർദ്ദം വരുമ്പോൾ ഗവണ്മെന്റ് കേന്ദ്രങ്ങൾക്ക് താലിബാനോട് സന്ധി ചെയ്യുകയല്ലാതെ വേറെ മാർഗ്ഗമില്ലാതെയാവും. അതുതന്നെയാണ് അവരുടെയും ഉദ്ദേശ്യം.

9/11 ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്ക ചെയ്തത് 'ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം' എന്ന പേരിൽ ഒരു പ്രതികാര നടപടിക്ക്, കടുത്ത ഒരു സൈനിക ആക്ഷന് ഇറങ്ങിപ്പുറപ്പെടുകയാണ്. അവർ അതിനെ പിന്നീട വിളിച്ചത് Global War on Terrorism (GWOT) അഥവാ 'ഭീകരവാദത്തിനെതിരായ വിശ്വയുദ്ധം' എന്നാണ്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ മുഖ്യപ്രതി എന്ന് അമേരിക്ക സംശയിച്ച ഒസാമ ബിൻ ലാദനെ ഇല്ലാതാക്കി എന്നത് മാത്രമാണ് അമേരിക്കയ്ക്ക് ഈ ഓപ്പറേഷൻ കൊണ്ടുണ്ടായി എന്നവകാശപ്പെടാവുന്ന ഒരേയൊരു നേട്ടം. എന്നാൽ, അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക ഇപ്പോൾ ആവർത്തിക്കുന്നത് ഇറാഖിൽ അവർ പ്രവർത്തിച്ച അതേ തെറ്റുകളാണ്. ഒരു പ്രതിസന്ധിയിൽ നിന്ന് അത് തീരും മുമ്പേ ഇറങ്ങിപ്പോരുകയാണ് അവർ ചെയ്യുന്നത്. ഇറാഖിനെ ആക്രമിച്ച ശേഷം പിന്നീട അവിടേക്കുള്ള അമേരിക്കയുടെ ശ്രദ്ധ കുറഞ്ഞതോടെ ആ ഒഴിവിൽ കടന്നു കയറിയത് ഐസിസ് തീവ്രവാദികളാണ്. അവർക്ക് ഇന്നും ഇറാഖിൽ വ്യക്തമായ സ്വാധീനമുണ്ട്. സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ച് പോരാൻ ഇരുപതു കൊല്ലം ഒരു കുറഞ്ഞ കാലയളവല്ല എന്ന സംശയം പലർക്കും ഉണ്ടാകാം എങ്കിലും, ഇതുവരെയും, കഴിഞ്ഞ കുറെ മാസങ്ങൾ വിശേഷിച്ചും അവർ പ്രവർത്തിച്ചതിന്റെ ഫലപ്രാപ്തിയും ഒക്കെ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

തങ്ങളുടെ നയപരിപാടികളിൽ അമേരിക്കയ്ക്ക് ഈ വൈകിയ വേളയിൽ ഇനി ഒരു മാറ്റം നടത്താനുള്ള വകുപ്പില്ല. താലിബാനും അവരും തമ്മിലുള്ള,ധാരണകൾ അപൂർണ്ണമാണ്, എന്ന് മാത്രല്ല അവിശ്വസനീയവുമാണ്. ആ രാഷ്ട്രീയ ശൂന്യത അഫ്‌ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അഷ്‌ഫർ ഗനി സർക്കാരിനെക്കൊണ്ട് നികത്താൻ കഴിയും എന്നുതന്നെയാണ് പലരും കരുതുന്നത്. പക്ഷേ അത് തെറ്റാണ്. 120 ജില്ലകൾ  ഇന്ന് ആഭ്യന്തരകലാപത്തിന്റെ വക്കിലാണ്. പലതിലും താലിബാന്റെ നേരിട്ടുള്ള  ഭരണവുമാണ്. ഒരിക്കൽ താലിബാൻ അഫ്ഗാന്റെ സമ്പൂർണ ഭരണം ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ അത് എളുപ്പത്തിൽ നയിക്കുക ടെഹ്‌റാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അന്തർധാരയിലേക്കാവും. പാകിസ്താന്റെ മണ്ണിൽ അഫ്‌ഗാനിസ്ഥാനെ സഹായിക്കാൻ വേണ്ടി ഒരു അമേരിക്കൻ എയർ ബേസ് എന്നത് ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. അഫ്‌ഗാനിസ്ഥാൻ നാഷണൽ ആർമിക്ക് ഇങ്ങനെ ഒരു ബേസ് വഴി അമേരിക്കൻ വ്യോമസേനയുടെ പിന്തുണ കിട്ടിയാൽ അത് താലിബാനെതിരെയുള്ള പോരാട്ടത്തിന് ശക്തിപകർന്നേക്കാം. 

അഫ്‌ഗാനിസ്ഥാനിൽ നടന്ന മുൻകാല ഓപ്പറേഷനുകൾ, അത് സോവിയറ്റ് യൂണിയന്റെ ആയാലും, അമേരിക്കയുടേതായാലും തുടങ്ങുന്നത് പരമ്പരാഗതമായ രീതിയിലുള്ള ബൃഹദ് പദ്ധതികളുടെ രൂപത്തിലാണ് എങ്കിലും, താമസിയാതെ അനൗപചാരികമായി പ്രവർത്തന രീതികളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. എല്ലാ മേഖലകളെയും തുല്യമായി പരിചരിച്ചുകൊണ്ട്, സുദീർഘകാലത്തേക്ക് വലിയ യുദ്ധങ്ങൾ തുടരുക; പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്വാധീനം നിലനിർത്തുക, അന്താരാഷ്ട്ര സഹായത്തോടെ അവിടങ്ങളിൽ സാമൂഹിക സാമ്പത്തിക വളർച്ചയ്ക്കുവേണ്ടി ശ്രമിക്കുക എന്നതായിരുന്നു പിന്തുടരേണ്ടിയിരുന്ന രീതി. അതിനൊക്കെ ഇടയിലും അഫ്‌ഗാനിസ്ഥാനിലേക്ക്  സ്വന്തം സൈന്യത്തെ നിയോഗിക്കാതിരിക്കാൻ ഇന്ത്യ ഇതുവരെ കാണിച്ച അവധാനതയും ശ്രദ്ധേയമായ ഒരു തീരുമാനം തന്നെയാണ്.

(ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം)

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios