ലണ്ടൻ: കറുത്ത വർഗക്കാരിയായ വനിതയെ ഇംഗ്ലണ്ടിലെ ക്രൈസ്‌തവ സഭ ബിഷപായി നിയമിച്ചു. റവ ഡോ റോസ് ഹഡ്‌സൺ വിൽകിനെയാണ് ബിഷപാക്കിയത്. ജമൈക്കയാണ് ഇവരുടെ സ്വദേശം.

ഡോവറിലെ പുതിയ ബിഷപായാണ് നിയമനം.  എല്ലാവരുടെയും മാറിയ ജീവിതത്തിൽ പ്രതീക്ഷയും സ്നേഹവും നീതിബോധവും നിലനിർത്താൻ പരിശ്രമിക്കുമെന്ന് പുതിയ ചുമതല പ്രഖ്യാപിക്കപ്പെട്ട ശേഷം അവർ പറഞ്ഞു.

ഈ പ്രഖ്യാപനം നടത്താൻ സാധിച്ചതിൽ അങ്ങേയറ്റത്തെ ചാരിതാർത്ഥ്യമുണ്ടെന്നാണ് കാന്റർബറി ആർച്ച്ബിഷപ് പറഞ്ഞത്. എലിസബത്ത് രാജ്ഞിയുടെ പുരോഹിത കൂടിയായ ഹഡ്സൺ വിൽകിൻ ഹാരി രാജകുമാരന്റെയും മേഘൻ മാർകിലിന്റെയും 2018 മെയ് മാസത്തിൽ നടന്ന വിവാഹ ചടങ്ങിൽ പ്രാർത്ഥനകൾക്ക് നേതൃത്വം കൊടുത്തിരുന്നു.

സഭയുടെ ഉന്നത സ്ഥാനത്തേക്ക് വനിതയും കറുത്തവർഗ്ഗക്കാരിയുമായ ഒരാളെ ഉയർത്തിയതിലൂടെ മികച്ച മാതൃകയാണ് ക്രൈസ്തവ സഭ മുന്നോട്ട് വച്ചതെന്ന് പ്രശംസിക്കപ്പെടുന്നു. 

ക്രൈസ്തവ പുരോഹിത ഗണത്തിൽ ഏഷ്യക്കാരുടെയും കറുത്തവർഗ്ഗക്കാരുടെയുമെല്ലാം എണ്ണം വളരെ കുറവാണ്. ഏതായാലും ഹഡ്‌സൺ വിൽകിന്റെ ബിഷപ് നിയമനം കൊണ്ട് മാത്രമായില്ലെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നുമാണ് കാന്റർബറി ആർച്ബിഷപായ ജസ്റ്റിൻ വെൽബി പറഞ്ഞത്.