പാരീസ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമ‍ർ പുതിനും ഉക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കിഴക്കൻ ഉക്രൈനിൽ നടക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താൻ ശ്രമിക്കുമെന്ന് ഇരുവരും ധാരണയിലെത്തി.

ഉക്രൈൻ സൈന്യവും റഷ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വിമതരും തമ്മിൽ വർഷങ്ങളായി ഏറ്റുമുട്ടൽ നടക്കുന്ന മേഖലയാണ് കിഴക്കൻ ഉക്രൈൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13000 പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 

ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെയും ജെർമൻ ചാൻസിലർ എയ്ഞ്ചലെ മെർക്കലിന്റെയും മധ്യസ്ഥതയിലാണ് പാരിസിൽ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇത് ആദ്യമായാണ് പുതിനും സെലൻസ്കിയും തമ്മിൽ കൂടികാഴ്ച നടത്തുന്നത്.