തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍ററെ അവസാന ബജറ്റില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയെ പരിപോഷിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍. കേന്ദ്ര വാണിജ്യ മന്ത്രാലയം 2018-ല്‍ നടത്തിയ റാങ്കിങില്‍ സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹനത്തില്‍ കേരളത്തിനാണ് ഒന്നാം റാങ്കെന്ന് അറിയിച്ചു കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള പദ്ധതികളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചത്.  2020-21-ൽ സ്റ്റാര്‍ട്ട് അപ്പ് മിഷനു വേണ്ടി 73.50  േകാടിരൂപ ബജറ്റില്‍ വകയിരുത്തി. അസാപ്പിന് (ASAP) 50 കോടി രൂപയും കെഎഫ്സിക്ക് 10  കോടി രൂപയും അനുവദിച്ചു. 

വിവിധ മേഖലകളിലായി 2300 സ്റ്റാര്‍ട്ട് അപ്പുകളാണ് സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മൂലധനത്തിന്‍റെ അഭാവമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി മൂന്ന് പ്രധാന തീരുമാനങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. 

  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പ്രമുഖ കോര്‍പ്പറേറ്റുകള്‍ അല്ലെങ്കില്‍ എന്നിവയില്‍ നിന്ന് വര്‍ക്ക് ഓര്‍ഡര്‍ ഉള്ളവര്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭ്യമാക്കും. വര്‍ക്ക് ഓര്‍ഡറിന്‍റെ 90 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിന് ഒരു സ്കീം പ്രഖ്യാപിച്ചു. പര്‍ച്ചെയ്സ് ഓര്‍ഡറുകളാണെങ്കില്‍ അവ ഡിസ്കൗണ്ട് ചെയ്ത് പണം നല്‍കും. ഐടി സെക്രട്ടറി ചെയര്‍മാനായുള്ള ഒരു വിദഗ്ധ കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കെഎഫസിയും(കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍) കെഎസ്ഐഡിസിയും കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ എക്രോസ് ദി കൗണ്ടര്‍ പണം ലഭ്യമാക്കും. ഇതുമൂലം എന്തെങ്കിലും നഷ്ടം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നികത്തി കൊടുക്കുന്നതാണ്.

 

  • സര്‍ക്കാരിന്‍റെ ഏതെങ്കിലും വകുപ്പിന് ആവശ്യമുള്ളതും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതുമായ നൂതന ഉല്‍പ്പന്ന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണ ഘട്ടത്തില്‍ ഒരു കോടി രൂപ വരെ ധനസഹായം ലഭ്യമാക്കും. ഇതിനായി 10 കോടി രൂപ കെഎഫ്സിക്ക് അനുവദിച്ചു. 2020-21ല്‍ 73.50കോടി രൂപ സ്റ്റാര്‍ട്ട് അപ്പ് മിഷനു വേണ്ടി വകയിരുത്തിയിട്ടുണ്ട്.

 

  • കര്‍ണാടകത്തെയും തമിഴ്നാടിനെയും അപേക്ഷിച്ച് കമ്പനികളുടെ സ്ഥാപനത്തിനും സംയോജനത്തിനും കേരളത്തില്‍ ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടി വരുന്നത് മൂലം പുതിയ കമ്പനികളുടെയെല്ലാം ഹെഡ് ക്വാര്‍ട്ടേഴ്സ് ബാംഗ്ലൂരിലും ചെന്നൈയിലും ആയിട്ടുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് പരിശേോധിച്ച് നിരക്കുകള്‍ യുക്തിസഹമാക്കുന്നതിന് ഫിനാന്‍സ് ബില്ലില്‍ ഉള്‍ക്കൊള്ളിക്കും.