Asianet News MalayalamAsianet News Malayalam

അന്ന് പദ്മകുമാര്‍, ഇന്ന് ജെനീഷ്‍കുമാര്‍; 1991 ആവര്‍ത്തിച്ച് കോന്നി

തെരഞ്ഞെടുപ്പുകളിലേറെയും യുഡിഎഫിലേക്ക് ചാഞ്ഞ കോന്നിയുടെ മണ്ണില്‍ ഇടതുരാഷ്ട്രീയം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്ന എല്‍ഡിഎഫ് വിശ്വാസം തെറ്റായില്ല.  23 വര്‍ഷത്തെ യുഡിഎഫ് കുത്തക ജെനീഷ് കുമാറിലൂടെ എല്‍ഡിഎഫ് തകര്‍ത്തു. 
 

1991 election result repeated konni by election
Author
Konni, First Published Oct 24, 2019, 5:21 PM IST

രംഗം 1

1991ലെ നിയമസഭാ തെരഞ്ഞെടുപ്പ്. യുഡിഎഫില്‍ നിന്ന് കോന്നി മണ്ഡലം തിരികെപ്പിടിക്കാന്‍ എല്‍ഡിഎഫ് എ പദ്‍മകുമാറിനെ രംഗത്തിറക്കി. അന്ന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു നിലവിലെ തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായ പദ്‍മകുമാര്‍.  എല്‍ഡിഎഫിന്‍റെ നീക്കം വെറുതെയായില്ല. പദ്‍മകുമാര്‍ കോന്നിയില്‍ നിന്ന് നിയമസഭയിലേക്കെത്തി.

രംഗം 2

2019ല്‍ കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിന് കളം മുറുകിയതോടെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് രംഗത്തിറക്കിയത് കെ യു ജെനീഷ്‍കുമാറിനെ. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ജെനീഷ്‍കുമാര്‍. തെരഞ്ഞെടുപ്പുകളിലേറെയും യുഡിഎഫിലേക്ക് ചാഞ്ഞ കോന്നിയുടെ മണ്ണില്‍ ഇടതുരാഷ്ട്രീയം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്ന എല്‍ഡിഎഫ് വിശ്വാസം തെറ്റായില്ല. . 23 വര്‍ഷത്തെ യുഡിഎഫ് കുത്തക ജെനീഷ് കുമാറിലൂടെ എല്‍ഡിഎഫ് തകര്‍ത്തു. 

ഇടത്തോട്ട് ചെരിഞ്ഞ് വലത്തോട്ട് തിരിഞ്ഞ കോന്നി

1965ല്‍ രൂപീകൃതമായതു മുതല്‍ കോന്നി ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞിട്ടുണ്ട്. 1967ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പിപിആര്‍എം പിള്ളയാണ് കോന്നിയില്‍ വിജയക്കൊടി പാറിച്ചത്. 1970ല്‍ കോണ്‍ഗ്രസിലേക്ക് ചാഞ്ഞ കോന്നിയെ പത്തുവര്‍ഷത്തിനപ്പുറം 1980ല്‍ സിപിഎമ്മിന്‍റെ വി എസ് ചന്ദ്രശേഖരന്‍ പിള്ള തിരിച്ചുപിടിച്ചു. 1987ല്‍ ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിക്കൊപ്പമായിരുന്നു കോന്നിയിലെ ജനവിധി. അങ്ങനെ ചിറ്റൂര്‍ ശശാങ്കന്‍ നായര്‍ എംഎല്‍എ ആയി. കൈവിട്ട സീറ്റ് തിരികെപ്പിടിക്കാന്‍ 1991ല്‍ സിപിഎം എ പദ്മകുമാറിനെ ഇറക്കി വിജയം കണ്ടു. എന്നാല്‍, 1996ല്‍ യുഡിഎഫ് അടൂര്‍പ്രകാശിനെ രംഗത്തിറക്കി. അന്നു മുതല്‍ ഇന്നുവരെ 23 വര്‍ഷം അടൂര്‍ പ്രകാശ് കോന്നിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് എംപി ആയതോടെയാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പത്തനംതിട്ട ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള നിയമസഭാ മണ്ഡലമാണ് കോന്നി. ഗവിയിലെ വനമേഖല മുതല്‍ ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള പഞ്ചായത്തുകള്‍ വരെ കോന്നി നിയമസഭാമണ്ഡലത്തിലാണ്. തൊഴിലാളികള്‍ക്കു പ്രാമുഖ്യമുള്ള മണ്ഡലമാണിത്. എക്കാലവും വ്യക്തമായ രാഷ്ട്രീയസ്വഭാവം പ്രകടിപ്പിച്ചിട്ടുള്ള കോന്നിയില്‍ ഇക്കുറി ജാതി സമുദായ സമവാക്യങ്ങളും രാഷ്ട്രീയ അടിയൊഴുക്കുകളും നിര്‍ണായകമാകുമെന്നായിരുന്നു സൂചന.

സമുദായ സമവാക്യങ്ങള്‍

ഈഴവ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോന്നി. തൊട്ടുപിന്നാലെയുള്ളത് നായര്‍, ക്രിസ്ത്യന്‍ വോട്ടുകളാണ്. വെള്ളാപ്പള്ളി നടേശന്‍റെ ബിഡിജെഎസ്  എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച്, എന്‍എസ്എസ് മുമ്പോട്ട് വച്ച ശരിദൂരം യുഡിഎഫിനുള്ള പിന്തുണ തന്നെയാണെന്ന് കരക്കമ്പിയും പരന്നു. പള്ളിത്തര്‍ക്കങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞ ഓര്‍ത്തഡോക്സ് സഭയെ കൂടെനിര്‍ത്തി വിജയം നേടാനായിരുന്നു എന്‍ഡിഎയുടെ ശ്രമം.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ അങ്കമാലി രൂപതയിൽ നിന്നുള്ള വൈദികനെ തന്നെ എൻഡിഎ രംഗത്തിറക്കിയിരുന്നു. ഇടതു വലതു മുന്നണികളില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ നേരിട്ടത് വലിയ അനീതിയാണെന്നാണ് പ്രചാരണത്തിനെത്തിയ ഫാദര്‍ വര്‍ഗീസ് വ്യക്തമാക്കിയത്. കോന്നിയുടെ ചുമതലയുള്ള എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മന്ത്രിസഭാ പ്രാതിനിധ്യമടക്കമുള്ള വാദ്ഗാനങ്ങളാണ് പ്രചാരണ വേദിയില്‍ യുഡിഎഫിന്‍റെ ഭാഗത്തുനിന്നുണ്ടായത്. 53 ദേവാലയങ്ങളും മുപ്പതിനായിരത്തോളം വോട്ടും ഉള്ള ഓര്‍ത്ത്ഡോക്സ് വിഭാഗത്തെ കൂടെ നിര്‍ത്താൻ യുഡിഎഫ് ആവുംവിധം ശ്രമിച്ചിരുന്നു.  രാഷ്ട്രീയ വോട്ടുകൾക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിബന്ധങ്ങളും കൂടിയാകുമ്പോൾ വലിയ ദോഷം വരില്ലെന്ന വിലയിരുത്തലിലായിരുന്നു യുഡിഎഫ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലത്തോടെ എല്ലാം തകിടം മറിഞ്ഞു. 

പതിനെട്ടടവും പതിനെട്ടാം പടിയും

രാഷ്ട്രീയത്തിനപ്പുറമായിരുന്നു കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം. മുമ്പെങ്ങുമില്ലാത്തവിധം സമുദായ രാഷ്ട്രീയം പ്രചരണായുധമായി. മതസാമുദായിക നേതൃത്വത്തിന്‍റെ പിന്തുണ ഉറപ്പിക്കാന്‍ മുന്നണികള്‍ പതിനെട്ടടവും പയറ്റി. ശബരിമലയും വിശ്വാസസംരക്ഷണവും തന്നെയാണ് യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികളെ വഞ്ചിച്ചെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് വോട്ടുകള്‍ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനായിരുന്നു  യുഡിഎഫിന്‍റെ ശ്രമം. ശരിദൂര നിലപാടുമായി എന്‍എസ്എസും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാണെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ്. 

എല്‍ഡിഎഫാകട്ടെ വിശ്വാസികള്‍ക്കൊപ്പമാണെന്ന് നയം വ്യക്തമാക്കിയാണ് ഇത്തവണ പ്രചാരണത്തിനിറങ്ങിയത്. വിവാദങ്ങളെ മാറ്റിനിര്‍ത്തി, ശബരിമലയില്‍ നടപ്പാക്കിയ വികസനങ്ങളിലൂന്നിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കോന്നിയില്‍ പ്രചാരണം നടത്തിയത്. എന്‍എസ്എസിന്‍റെ ശരിദൂരത്തെ പാടേതള്ളി ഇടതുനേതൃത്വം മൃദുസമീപനം ഒഴിവാക്കി. 

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ഇക്കുറി വിജയത്തിലേ അവസാനിക്കൂ എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.   ഓര്‍ത്തഡോക്സ് വോട്ടുകളില്‍ കണ്ണുംനട്ട്,പൂഴിക്കടകന്‍ തന്നെയാണ് എന്‍ഡിഎ കളത്തിലിറക്കിയത്. അങ്കമാലി രൂപതയിലെ ഫാദര്‍ വര്‍ഗീസാണ് എന്‍ഡിഎക്ക് വേണ്ടി പ്രചാരണത്തിനെത്തിയത്.

അടൂര്‍ പ്രകാശിന് പകരക്കാരന്‍ ആര്, തര്‍ക്കങ്ങള്‍...

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ കാര്യത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. 23 വര്‍ഷം താന്‍ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ തന്‍റെ നോമിനി തന്നെ മത്സരിക്കട്ടെ എന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ നിലപാട്. അങ്ങനെ റോബിന്‍ പീറ്ററിന്‍റെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇതിന് തടയിട്ടു. വാദപ്രതിവാദങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കുമൊടുവില്‍ ഡിസിസി തന്നെ വിജയിച്ചു. അങ്ങനെ പി മോഹന്‍രാജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി.

കെ സുരേന്ദ്രനെക്കാള്‍ നല്ലൊരു സ്ഥാനാര്‍ത്ഥിയെ കോന്നിയില്‍ കിട്ടാനില്ലെന്ന രീതിയിലായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍. വിശ്വാസസംരക്ഷണവും ശബരിമലയും എല്ലാം കൂടി ചേര്‍ക്കുമ്പോള്‍ സുരേന്ദ്രനോളം കോന്നിയിലെ ജനങ്ങളെ സ്വാധീനിക്കാന്‍ മറ്റൊരു നേതാവില്ലെന്ന് ബിജെപി വിലയിരുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വോട്ടുശതമനാവും ബിജെപി ക്യാമ്പിനെ ആത്മവിശ്വാസത്തിലാക്കിയിരുന്നു. പക്ഷേ, എല്ലാം വിഫലമായി. 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ഒരു പടി മുമ്പിലായിരുന്നു എല്‍ഡിഎഫ് . ഡിവൈഎഫ്ഐ നേതാവ് യു ജനീഷിനെ രംഗത്തിറക്കി മാറ്റത്തിനൊരു വോട്ട് എന്നാണ് കോന്നിക്കാരോട് എല്‍ഡിഎഫ് ആഹ്വാനം ചെയ്തത്.  പാലായിലുണ്ടായ മാറ്റത്തിന്‍റെ കാറ്റ് കോന്നിയിലേക്കും ആഞ്ഞുവീശുമെ എല്‍ഡിഎഫ് വിശ്വാസവും വെറുതെയായില്ല.

ശക്തി,ദൗര്‍ബ്ബല്യം

രണ്ടു പതിറ്റാണ്ടിലേറെയായി ഒപ്പം നില്‍ക്കുന്ന മണ്ഡലമാണ് കോന്നി എന്നത് യുഡിഎഫിന് ശക്തി പകര്‍ന്നിരുന്നു.അടൂര്‍ പ്രകാശിന്‍റെ വികസന നേട്ടങ്ങളും എന്‍എസ്എസിന്‍റെ ശരിദൂര നിലപാടും, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിബന്ധങ്ങളും കരുത്താകുമെന്നും യുഡിഎഫ് കണക്കുകൂട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനുണ്ടായിരുന്ന എതിര്‍പ്പിനെയും സംഘടനയ്ക്കുള്ളില്‍ ഇതേത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളെയും  യുഡിഎഫ് വേണ്ടവിധം തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്. 

അടൂര്‍ പ്രകാശ് മത്സരരംഗത്തില്ല എന്നതിനെ പ്ലസ് പോയിന്‍റായാണ് ആദ്യം മുതല്‍ എല്‍ഡിഎഫ് വിലയിരുത്തിയത്.  സ്ഥാനാര്‍ത്ഥിയായ ജനീഷ് കുമാര്‍ തെരഞ്ഞെടുപ്പില്‍ പുതുമുഖമാണ് എന്നതും പ്രദേശവാസിയാണ് എന്നതും എല്‍ഡിഎഫിന് തുണയായി. സഭാ തര്‍ക്കത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗവും ശരിദൂര നിലപാട് വെളിവാക്കിയതിലൂടെ എന്‍എസ്എസും  തങ്ങള്‍ക്ക് എതിരാണെന്ന വസ്തുത എല്‍ഡിഎഫ് തിരിച്ചറിഞ്ഞു. ഇതിനെ മറികടന്നുള്ള പ്രവര്‍ത്തനമികവ് കാഴ്ചവെക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു എന്നതാണ് സത്യം. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമായിരുന്നു എന്‍ഡിഎയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. കെ സുരേന്ദ്രന്‍റെ സ്ഥാനാര്‍ത്ഥിത്വവും വിജയഘടകമായി അവര്‍ കണക്കുകൂട്ടി. ഓര്‍ത്തഡോക്സ് വിഭാഗം എന്‍ഡിഎയോട് ചായ്‍വ് പ്രകടിപ്പിച്ചിരിക്കുന്നതും  ശുഭലക്ഷണമായി മുന്നണി വിലയിരുത്തി. എന്നാല്‍,  ശബരിമല എന്ന അതിവൈകാരികതയെ ജനം കൈവിട്ടു എന്ന തിരിച്ചറിവ് ബിജെപിക്കുണ്ടായത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷമാണ് എന്നു മാത്രം!!

Follow Us:
Download App:
  • android
  • ios