തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ സംസ്ഥാന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെപിസിസി നേതൃത്വത്തിന് വിമര്‍ശനം. കോന്നി, വട്ടിയൂര്‍കാവ് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോല്‍വികള്‍ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ കെപിസിസി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയത്. പ്രചരണത്തില്‍ അടക്കം നേതൃത്വം ഇടപെട്ടില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. കാര്യമായ പ്രചാരണം തോറ്റ രണ്ട് മണ്ഡലങ്ങളില്‍ നടന്നില്ലെന്ന് സമിതിയില്‍ പൊതുവില്‍ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളി.

അതേ സമയം കോണ്‍ഗ്രസ് സംസ്ഥാന പുന:സംഘടന ഉടന്‍വേണമെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ പാര്‍ട്ടി ഭാരവാഹികള്‍ ആകുന്ന സ്ഥിതി ഉണ്ടാകരുത് എന്നും പിജെ കുര്യന്‍ ചൂണ്ടിക്കാട്ടി. അതേ സമയം എറണാകുളത്തെ മോശം പ്രകടനത്തിന്‍റെ പേരില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയറെയും ഭരണസമിതിയെയും മാറ്റണമെന്ന് യോഗത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. ഇതിനെ വിഡി സതീശന്‍ എംഎല്‍എ പിന്തുണച്ചു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ വേണ്ടെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമായി. കൊച്ചി മേയറെ മാറ്റുവാനുള്ള തീരുമാനം എടുക്കാന്‍ യോഗം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തി. എന്‍എസിഎസിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കാന്‍ യോഗത്തില്‍ തീരുമാനമായി. വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ കെപിസിസി പദയാത്ര സംഘടിപ്പിക്കും. ഇത് സംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും.