കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു. 3750 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി ജെ വിനോദ് വിജയം കൊയ്തത്. കൗണ്ടിങ് സ്റ്റേഷന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി. 

എല്ലാ റൗണ്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 37891 വോട്ടുകളാണ് ലഭിച്ചത്. 34141 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13351 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 2572 വോട്ടുകളാണ് മനു റോയിയുടെ അപരൻ നേടിയത്. നോട്ടയ്ക്ക് 1309 വോട്ടുകള്‍ ലഭിച്ചു. 

കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്ന വിശേഷണമുള്ള എറണാകുളം മണ്ഡലം നിലനിര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.  2016ൽ ഹൈബി ഈഡൻ ഇരുപതിനായിരത്തിലധികം വോട്ടുകൾക്ക് ലഭിച്ച മണ്ഡലമാണ് ഇത്തവണത്ത മൂവായിരത്തിലേക്ക് ചുരുങ്ങിയത്.

നിർണായക നീക്കങ്ങൾക്കാണ് എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ സാക്ഷ്യം വഹിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടി ജെ വിനോദ് കോൺഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ടി ജെ വിനോദ് മുന്നേറ്റം തുടങ്ങിയിരുന്നു. എന്നാൽ, മൂവായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച ചേരാനല്ലൂരിൽ കിട്ടിയത് 710 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രം. ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ടുചോർച്ച പ്രകടമായതോടെ യുഡിഎഫ് ക്യാമ്പ് ആശങ്കയിലായി. തുടർന്നുവന്ന റൗണ്ടുകളിൽ നേരിയ ലീഡുമായി യുഡിഎഫ് മുന്നേറ്റം തുടരുകയായിരുന്നു. ഒടുവിൽ 3673 ന്റെ ഭൂരിപക്ഷവുമായി ടി ജെ വിനോദ് എറണാകുളം മണ്ഡലം നിലനിർത്തി. 

പോളിംഗ് ദിവസത്തെ കനത്ത മഴയും വെള്ളക്കെട്ടുമാണ് ഭൂരിപക്ഷം കുറയാനിടയാക്കിയതെന്നാണ് യുഡിഎഫ് ക്യാന്പിന്റെ വിശദീകരണം. ഇടത് സ്ഥാനാർത്ഥി മനുറോയിയുടെ അപരൻ കെഎം മനു 2544 വോട്ടുകൾ നേടിയതും ടി.ജെ.വിനോദിന്റെ വിജയത്തിൽ നിർണായകമായി. വെള്ളക്കെട്ടും മഴയും കാരണം ഇടതുക്യാമ്പ് പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ലെന്ന് ഇടത് സ്ഥാനാർത്ഥി മനുറോയ് പ്രതികരിച്ചു. എളമക്കരയിലും കലൂരിലും നേരിയ മുന്നേറ്റമുണ്ടാക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ മാത്രം മുന്നിലെത്തിയ എൻഡിഎയുടെ സി ജി രാജഗോപാലിന്  2016 ലെ വോട്ടുകൾ പോലും ഇത്തവണ കിട്ടിയില്ല. 1619 വോട്ടുകളാണ് ഇത്തവണ ബിജെപിക്ക് കുറഞ്ഞത്.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമാണ് വിജയിച്ച ടി ജെ വിനോദ്. 1982ൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെയാണ് ടിജെ വിനോദ് പൊതുരംഗത്ത് എത്തുന്നത്. കെഎസ്‌യുവിൽ ചേർന്ന് ഒരു ദശാബ്ദത്തിന് ശേഷം 2002 ൽ കൊച്ചിയുടെ ഡെപ്യൂട്ടി മേയറായി ടിജെ വിനോദ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി കോർപ്പറേഷൻ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട് ടിജെ വിനോദ്. ഇതിന് പുറമെ, ആർച്ചറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.