ഭാ​ഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്ന് യാസീൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം കൊല്ലം ആര്യങ്കാവിലെ ഭരണി ഏജൻസിയിൽ വിറ്റ ടിക്കറ്റിന്. തിരുവനന്തപുരത്തെ മുഹമ്മദ് യാസീൻ എന്ന ഏജന്റിന്റെ സബ് ഏജൻസിയാണിത്. ഭാ​ഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്ന് യാസീൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

X G 358753 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്നലെ വിറ്റ ടിക്കറ്റിനാകാം സമ്മാനം ലഭിച്ചതെന്ന് ഏജൻസി ജീവനക്കാരനായ വെങ്കിടേശൻ പറയുന്നു. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഓർമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ഫലം അറിയാം: ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. മുന്‍ വര്‍ഷം 36.84 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. 

രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങള്‍ വേറെയുമുണ്ട്.