കോഴിക്കോട്: കൊവിഡിനിടെ ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ടിക്കറ്റിന്റെ അവസാന നാലക്കങ്ങള്‍ തിരുത്തിയാണ് തട്ടിപ്പ്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ തിരുത്തിയ ലോട്ടറി ടിക്കറ്റുകള്‍ നല്‍കി ചില്ലറ വില്‍പ്പനക്കാരെ പറ്റിച്ചു. 3494 എന്ന നമ്പരില്‍ അവസാനിക്കുന്ന ടിക്കറ്റ് 8494 ആക്കിയും മറ്റൊരു ടിക്കറ്റിലെ 8498 എന്നത് 3498 ആയി തിരുത്തിയുമാണ് തട്ടിപ്പ് നടത്തിയത്.

മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ കബളിപ്പിക്കല്‍ ആവര്‍ത്തിക്കുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു.1000, 500 രൂപ സമ്മാന തുകകളുള്ള ടിക്കറ്റ് സ്‌കാന്‍ ചെയ്യാതെ ചില്ലറ വില്‍പനക്കാര്‍ തന്നെയാണ് മറ്റി നല്‍കുന്നത്. ഇതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.

സമ്മാനത്തുക നല്‍കി കഴിഞ്ഞ ഇത്തരം വ്യാജ ടിക്കറ്റുകള്‍ മൊത്ത വ്യാപാരികള്‍ക്ക് കൈമാറുമ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം ചില്ലറ വില്‍പ്പനക്കാര്‍ക്ക് മനസ്സിലാകുന്നത്. കൊവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് ലോട്ടറി വില്‍പ്പനക്കാരാണ്. വീണ്ടും ലോട്ടറി വില്‍പ്പന ആരംഭിച്ചെങ്കിലും മുന്‍മ്പ് വിറ്റു പോയിരുന്നതിന്റെ പകുതി പോലും ചെലവാകാത്ത സ്ഥിതിയാണ് ഇപ്പോള്‍. ഇതിനിടയിലാണ് നമ്പര്‍ തിരുത്തിയിള്ള തട്ടിപ്പും.