Asianet News MalayalamAsianet News Malayalam

ആശ്വാസം! ബില്ലുകള്‍ പാസാക്കാൻ ട്രഷറികള്‍ക്ക് നിര്‍ദേശം, മാറുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലെ ബില്ലുകള്‍

1303 കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

Relief! Treasuries have been instructed to pass bills, the changes will be December and January bills
Author
First Published Mar 14, 2024, 4:25 PM IST

തിരുവനന്തപുരം: ബില്ലുകള്‍ പാസാക്കാൻ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള നിര്‍ദേശമാണ് ധനവകുപ്പ് നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ബില്ലുകള്‍ മാറാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലെ എല്ലാ ബില്ലുകളും മാറാനുള്ള പുതിയ നിര്‍ദേശം കരാറുകാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ ആശ്വാസകരമാകും. 1303 കോടി രൂപയുടെ ബില്ലുകള്‍ മാറി നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

തദ്ദേശ സ്ഥാപന ബില്ലുകൾക്കടക്കം മുൻഗണനാ ക്രമത്തിൽ തുക വിതരണം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ ഉള്‍പ്പെടെ മാറാത്തതും പ്രതിസന്ധിക്കിടയാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെതുടര്‍ന്ന് ബില്ലുകള്‍ മാറി നല്‍കിയിരുന്നില്ല. അതേസമയം,സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനമന്ത്രി പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക്‌ 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ്‌ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. 

കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രുപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നു. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽനിന്നാണ്‌ ലഭിക്കേണ്ടത്‌. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന്‌ 284 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്‌. ഇതുവരെ 178 കോടി മാത്രമാണ്‌ അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക്‌ ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ്‌ ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നു- മന്ത്രി അറിയിച്ചു.

'പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നത്'; ആന്‍റോ ആന്‍റണിക്കെതിരെ അനില്‍ ആന്‍റണി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

 

Follow Us:
Download App:
  • android
  • ios