Asianet News MalayalamAsianet News Malayalam

'പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നത്'; ആന്‍റോ ആന്‍റണിക്കെതിരെ അനില്‍ ആന്‍റണി

ആന്‍റോ ആന്‍റണി മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ ആലോചിക്കുമെന്നും അനില്‍ ആന്‍റണി പറഞ്ഞു

'Pulwama reference shocking'; anil antony attacks anto antony
Author
First Published Mar 14, 2024, 4:06 PM IST

കൊച്ചി: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ആന്‍റോ ആന്‍റണിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്‍റണി രംഗത്ത്. ആന്‍റോ ആന്‍റണിയുടെ പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്ന് അനില്‍ ആന്‍റണി കൊച്ചിയില്‍ പറഞ്ഞു. പരാമര്‍ശത്തിലൂടെ ആന്‍റോ ആന്‍റണി ഇന്ത്യൻ സൈനികരെയാണ് അവഹേളിച്ചത്. ആന്‍റോ ആന്‍റണിയുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. പാകിസ്ഥാൻ കേന്ദ്ര മന്ത്രി അന്ന് അവരുടെ പാര്‍ലമെന്‍റില്‍ പറഞ്ഞത് പുല്‍വാമ അവരുടെ വിജയം എന്നാണ്.  തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത്.

ആന്‍റോ ആന്‍റണി മാപ്പ് പറയണം. ഇല്ലെങ്കിൽ നിയമനടപടികൾ ആലോചിക്കുമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ചില വിഭാഗക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ പലതും പറയുന്നത്. രാഹുൽ ഗാന്ധിയും ഇതുതന്നെയാണ് ചെയ്യുന്നത്. പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തിന്‍റേതാണ് അവസാന വാക്ക്. ഇത് നടപ്പാക്കില്ല എന്നു പറയുന്നവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പല മുഖ്യമന്ത്രിമാരും ഇങ്ങനെ പറയുന്നുണ്ടെന്നും അനില്‍ ആന്‍റണി പറഞ്ഞു.

കേരളത്തിലെ വനം - വന്യ ജീവി വിഷയത്തില്‍ പ്രശ്ന പരിഹാരമുണ്ടാകാത്തതിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുക്കേടാണ്. ഇതില്‍ കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല. അശാസ്ത്രീയമയാണ് കേരള സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നതെന്നും അനില്‍ ആന്‍റണി പറഞ്ഞു.

ഇതിനിടെ, പുല്‍വാമ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണി രംഗത്തെത്തി. പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്‍റോയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് എതിരാളികൾ.

പുൽവാമയിൽ പാകിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വൻ വിവാദമായതോടെയാണ് ആന്‍റോ ആന്‍റണി തിരുത്തിയത്. പരാമർശം ദേശീയതലത്തിൽ ബിജെപി ചർച്ചയാക്കി. സിപിഎമ്മും കൂടി കളത്തിലേക്ക് എത്തുമെന്ന് കണ്ടാണ് ആന്‍റോയുടെ തിരുത്ത്. കശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലികിന്‍റെ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തെന്ന് വിശദീകരണം. ആന്‍റോ ആന്‍റണിക്കെതിരെ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കും രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാൽ കോൺഗ്രസിന്‍റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞുവെയ്ക്കുന്നു.

ആന്‍റോ ആന്‍റണിയുടെ പുൽവാമ പരാമർശം കോൺഗ്രസിനെതിരെ ദേശീയതലത്തിൽ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആന്‍റോ ആന്‍റണിയെ തള്ളി രംഗത്ത് വന്നെങ്കിലും രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുക്കണമെന്ന ബിജെപി നിലപാടിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷമില്ല. കോൺഗ്രസ് - ബിജെപി നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് കളംമാറിയാൽ തെരഞ്ഞെടുപ്പ് ചർച്ചകളിൽ കാഴ്ചക്കാരാകേണ്ടിവരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.

'പാകിസ്ഥാന് ആക്രമണത്തിൽ പങ്കില്ലെന്ന് പറഞ്ഞിട്ടില്ല'; പുൽവാമ പരാമർശത്തിൽ വിശദീകരണവുമായി ആന്‍റോ ആന്‍റണി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

Latest Videos
Follow Us:
Download App:
  • android
  • ios