ദില്ലി: പാക്കിസ്ഥാന്‍റെ കസ്റ്റഡിയില്‍ 209 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലായ് 5 വരെ ശ്രീലങ്കയുടെ കസ്റ്റഡിയില്‍ അഞ്ചുപേരും ഇറാന്‍റെ കസ്റ്റഡിയില്‍ രണ്ടു മത്സ്യത്തൊഴിലാളികളും ഉണ്ടെന്നും കേന്ദ്രസഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി വിശദീകരിക്കുന്നു. 

ഇന്ത്യന്‍  മത്സ്യത്തൊഴിലാളികളുടെ കാര്യം ഉയര്‍ന്നതലങ്ങളില്‍ നിരവധി തവണ ഉന്നയിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാനെയും ശ്രീലങ്കെയെയും ഇറാനെയും രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവരെ2004  മത്സ്യത്തൊഴിലാളികളെയും 380 ബോട്ടുകളും ശ്രീലങ്കന്‍ സര്‍ക്കാരും, 2080 ഇന്ത്യന്‍  മത്സ്യത്തൊഴിലാളികളെയും 57 ബോട്ടുകളും പാക്കിസ്ഥാന്‍ സര്‍ക്കാരും മോചിപ്പിച്ചതായും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.