കൊല്ലം: വീട്ടില്‍ കളിക്കുന്നതിനിടെ കാണാതാവുകയും പിന്നീട് വീടിന് അടുത്തുള്ള ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ദേവനന്ദയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അനുശോചന പ്രവാഹം. ഇന്നലെ കുട്ടിയെ കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ ആ വിവരം സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് എത്തിയിരുന്നു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ളവര്‍ ഇന്നലെ ദേവനന്ദയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരുന്നു. 

എന്നാല്‍ പ്രതീക്ഷകള്‍ വിഫലമാക്കി ദേവനന്ദയുടെ മരണവാര്‍ത്ത എത്തിയതോടെ അവളെ കണ്ടെത്താനായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആവേശം നിശബ്ദതയ്ക്ക് വഴിമാറി. വാട്‍സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങി പ്രമുഖ സമൂഹമാധ്യങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നത് ദേവനന്ദയുടെ മുഖമാണ്. വളരെ വൈകാരികമായാണ് ആളുകളെല്ലാം ദേവനന്ദയുടെ മരണവാര്‍ത്തയോട് പ്രതികരിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അജു വര്‍ഗ്ഗീസും അടക്കമുള്ള പ്രമുഖചലച്ചിത്ര താരങ്ങളും ദേവനന്ദയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി.