തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് എത്തിയതോടെ ചാണ്ടി ഉമ്മൻ രാഷ്ടീയത്തിൽ വീണ്ടും സജീവമാകുന്നു. കോട്ടയം ജില്ലാ പ‌ഞ്ചായത്തിൽ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിസിസിക്ക് കത്ത് നൽകി. 

യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസെക്രട്ടറിയായി സജീവമായിരുന്ന ചാണ്ടി ഉമ്മൻ കഴിഞ്ഞ കുറേ നാളുകളായി തട്ടകം ദില്ലിയിലേക്ക് മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയപ്രചാരണസമിതിയിൽ അംഗമായി ദില്ലിയിലെത്തിയ അദ്ദേഹം പക്ഷേ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എന്നാൽ ചാണ്ടി ഉമ്മൻ വീണ്ടും സംസ്ഥാനരാഷ്ട്രീയത്തിൽ മടങ്ങിയെത്തുകയാണ്.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത് ചാണ്ടി ഉമ്മൻ അറസ്റ്റ് വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ഉമ്മൻചാണ്ടി രാഷ്ട്രീയപിൻഗാമിയായി ചാണ്ടി ഉമ്മനെ രംഗത്തിറക്കാനാണ് നീക്കം.