Asianet News MalayalamAsianet News Malayalam

പ്രകീർത്തിച്ചത് സോഷ്യലിസത്തെ, ചൈനയുടെ സാമ്പത്തിക പുരോഗതി മാതൃകാപരം: എസ്ആർപി

ചൈന വിഷയത്തിൽ പാറശാല ഏരിയ കമ്മിറ്റിയുടെ വിമർശനങ്ങൾ വിവാദമായതിന് പിന്നാലെ അതിനെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്ത് വന്നു

China economic growth is model to rest of the world says CPM PB member S Ramachandran Pillai
Author
Thiruvananthapuram, First Published Jan 16, 2022, 11:24 AM IST

ദില്ലി: താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചതെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയുടെ കാര്യത്തിൽ പാർട്ടിയിൽ ഒരു ഭിന്നതയുമില്ല. കോൺഗ്രസ് വിഷയം വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണ്. കോൺഗ്രസിലെ ഏകാധിപത്യത്തെക്കുറിച്ച് അവർ പ്രതികരിക്കണം. ചൈന കൈവരിച്ച സാമ്പത്തിക പുരോഗതി മാതൃകാപരമാണ്. അതിർത്തിയിലെ സംഘർഷ നീക്കത്തെ പാർട്ടി എതിർത്തിട്ടുണ്ട്. ചർച്ചയിലൂടെ പരിഹാരം കാണണമെന്നാണ് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചൈന വിഷയത്തിൽ പാറശാല ഏരിയ കമ്മിറ്റിയുടെ വിമർശനങ്ങൾ വിവാദമായതിന് പിന്നാലെ അതിനെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്ത് വന്നു. ചൈന ആധുനിക രീതിയിലെ പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നുവെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിലാണ് ചൈനക്കെതിരായ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

ചൈന ആഗോളവൽക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021 ൽ ചൈനയ്ക്ക് ദാരിദ്ര്യ നിർമാർജനം കൈവരിക്കാൻ കഴിഞ്ഞു. താലിബാനോടുള്ള ചൈനയുടെ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളിൽ മിനിമം നിലവാരം പുലർത്താൻ ചൈനക്ക് കഴിഞ്ഞുവെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കോട്ടയം ജില്ലാ സമ്മേളനത്തിൽ പിബി അംഗം എസ് രാമചന്ദ്രൻ പിള്ള നടത്തിയ ചൈന അനുകൂല പ്രസംഗം വിവാദമായിരുന്നു. പിന്നാലെ മുഖ്യമന്ത്രിയാണ് വിഷയത്തിൽ ചൈനയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ നടത്തിയത്. പാറശാല ഏരിയാ കമ്മിറ്റിയുടെ ചൈന വിരുദ്ധ വിമർശനങ്ങളും വിവാദത്തിൽ ഇടംപിടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios