കോട്ടയം: മത സമിതികളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സംയുക്ത ക്രിസ്ത്യൻ കൗൺസിൽ. ഇത്തരക്കാരെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കൗൺസിൽ.

മത സമിതികളിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ പാടില്ലെന്നാണ് സർവീസ് ചട്ടം. സർക്കാർ ജോലി ചെയ്യുന്നവർ മത ഭരണ സമിതിയിൽ പ്രവർത്തിക്കുന്നത് വിലക്കി ഹൈക്കോടതി വിധിയുമുണ്ട്. ഇത് ലംഘിച്ച് ക്രിസ്റ്റ്യൻ മത സ്ഥാപനങ്ങളിൽ നിരവധി പേർ ലാഭവും വരുമാനവും കൈപ്പറ്റി ഉന്നത സ്ഥാനങ്ങളിലുണ്ടെന്നാണ് സംയുക്ത ക്രിസ്റ്റ്യൻ കൗൺസിലിന്റെ ആരോപണം.

സർക്കാരിന്റെ പ്രത്യേക അനുമതി കൂടാതെയാണ് നിയമവിരുദ്ധമായി സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. അഴിമതി മറച്ച് പിടിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥരെ മറയാക്കി സഭകൾ പ്രവർത്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കാനാണ് സംയുക്ത ക്രിസ്ത്യൻ കൗൺസിലിന്റെ തീരുമാനം.