Asianet News MalayalamAsianet News Malayalam

കോയമ്പത്തൂർ അപകടത്തിൽ മരിച്ചവരെല്ലാം മലയാളികൾ: രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക്

അവിനാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്ന് പാലക്കാട് എസ്‍പി ശിവവിക്രം വ്യക്തമാക്കുന്നു. മരിച്ചവരെല്ലാം മലയാളികളാണ്. 48 പേരാണ് ബസ്സിലുണ്ടായിരുന്നത്. 

coimbatore ksrtc accident ministers to go tirupur to coordinate rescue efforts cm instructs
Author
Avinashi, First Published Feb 20, 2020, 9:41 AM IST

കോയമ്പത്തൂർ: അവിനാശിക്കടുത്ത് ഉണ്ടായ കെഎസ്ആർടിസി ബസ്സപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനും, മറ്റ് ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും രണ്ട് മന്ത്രിമാർ തിരുപ്പൂരിലേക്ക് പോകും. കൃഷിമന്ത്രി വി എസ് സുനിൽകുമാറും, ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമാണ് തിരുപ്പൂരിലെത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ എത്രയും പെട്ടെന്ന് മന്ത്രിമാരോട് പുറപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറാണ് തിരുപ്പൂർ ജില്ലാ ഭരണകൂടവുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പാലക്കാട് എസ് പി ശിവവിക്രം സ്ഥലത്തെത്തിയിട്ടുണ്ട്. 

അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വിളിക്കേണ്ട ഹെൽപ് ലൈൻ നമ്പറുകൾ ഇതാണ്:

പാലക്കാട് ഡിപിഒ-യുടെ ഹെൽപ് ലൈൻ നമ്പർ - 9447655223, 0491 2536688

കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പർ - 9497996977, 9497990090, 9497962891

കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ - 9495099910

തിരുപ്പൂര്‍ കളക്ടറേറ്റിലെ ഹെൽപ്പ്‍ലൈന്‍ നമ്പർ - 7708331194

അതേസമയം, മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. മുകളിൽ കാണിച്ച കേരളാ പൊലീസിന്‍റെ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാം. എല്ലാ സഹായങ്ങൾക്കും പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 

അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്‍മോർട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡിജിപിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നൽകിയതായി ഡിജിപിയുടെ ഓഫീസ് അറിയിക്കുന്നു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ഡിജിപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

മരിച്ചവരെല്ലാം മലയാളികളാണ്. 19 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 21 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ എല്ലാം അവിനാശി ജില്ലാ ആശുപത്രിയിലാണുള്ളത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ എല്ലാ നടപടിയുമെടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട് മരിച്ച ഒരാൾ പാലക്കാട് ജില്ലയിൽ നിന്നാണ്. മരിച്ച മറ്റുള്ളവർ തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്നാണ്. 48 പേർ ബസ്സിലുണ്ടായിരുന്നു എന്നും എസ് പി വ്യക്തമാക്കുന്നു. അഞ്ച് പേർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം, തിരുപ്പൂർ ജില്ലാ ഭരണകൂടം അറിയിക്കുന്ന വിവരമനുസരിച്ച്, 20 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്ദേഹം അറിയിക്കുന്ന മറ്റ് വിവരങ്ങൾ ഇങ്ങനെയാണ്: 

പുലർച്ചെ 3.25-നാണ് അപകടമുണ്ടായത്. ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് നിര തെറ്റിയ കണ്ടെയ്‍നർ ലോറി എതിർ ദിശയിൽ വന്ന കെഎസ്ആർടിസി ബസ്സുമായി ഇടിക്കുകയായിരുന്നു. ബസ്സിന്‍റെ വലതുവശത്താണ് കണ്ടെയ്‍നർ വന്ന് ഇടിച്ചത്. അതിനാൽ വലതുഭാഗത്ത് ഇരുന്നവർക്കാണ് ഏറ്റവും കൂടുതൽ പരിക്കേറ്റത്. 

21 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ എല്ലാവരും അവിനാശി സർക്കാരാശുപത്രിയിലാണുള്ളത്. രണ്ട് പേരുടെ മൃതദേഹം തിരുപ്പൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ്സിൽ സഞ്ചരിച്ച യാത്രക്കാരുടെ പട്ടിക എടുത്തിട്ടുണ്ട്. കെഎസ്ആർടിസിയുടെ പക്കൽ അഡ്രസും മൊബൈൽ നമ്പറും ഇല്ല. അത് ശേഖരിച്ച് വരികയാണ്. 

പാലക്കാട് ഡിപിഒ ഉടനടി ഒരു ഹെൽപ് ലൈൻ തുറക്കും. തിരുപ്പൂരിലേക്കും അവിനാശിയിലേക്കും നാട്ടിൽ നിന്ന് വിവരമന്വേഷിച്ച് വരുന്നവർക്കായി പാലക്കാട് നിന്ന് പ്രത്യേക പൊലീസ് സംഘം സഹായത്തിനായി എത്തിയിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിശദാംശങ്ങൾ നൽകാനും മറ്റ് എല്ലാ സഹായങ്ങളും ഈ പൊലീസ് സംഘം നൽകും. 

തത്സമയവിവരങ്ങൾ:

Follow Us:
Download App:
  • android
  • ios