തൃശ്ശൂരിൽ രാഷ്ട്രീയ മത്സരത്തിന് അല്ല ചില മുന്നണികൾ ശ്രമിക്കുന്നതെന്നും പൊളിറ്റിക്കൽ എത്തിക്സ് ഇല്ലാത്ത പല നടപടികളും തൃശ്ശൂരിൽ ഉണ്ടായി എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ പ്രതികരിച്ചു.

തൃശൂര്‍: വോട്ടിന് പണം നല്‍കിയെന്ന് ബിജെപിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തൃശൂരില്‍ പ്രതിഷേധവുമായി ഇടതും വലതും പാര്‍ട്ടികള്‍. ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാരായ രണ്ട് സ്ത്രീകളാണ് വോട്ടിന് ബിജെപി 500 രൂപ വീതം നല്‍കിയെന്ന പരാതിയുമായി രംഗത്ത് എത്തിയത്. ബിജെപി പ്രവര്‍ത്തകനായ സുഭാഷ് വീട്ടിലെത്തി പണം നല്‍കിയെന്നും, പണം വേണ്ടെന്ന് പറഞ്ഞ് മടക്കിയപ്പോള്‍ അത് വാങ്ങിയില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ബിജെപി നേതൃത്വം ഈ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ അറിയിച്ചു. ഇപ്പോഴിതാ പ്രതികരണവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരിക്കുകയാണ്.

തൃശ്ശൂരിൽ രാഷ്ട്രീയ മത്സരത്തിന് അല്ല ചില മുന്നണികൾ ശ്രമിക്കുന്നതെന്നും പൊളിറ്റിക്കൽ എത്തിക്സ് ഇല്ലാത്ത പല നടപടികളും തൃശ്ശൂരിൽ ഉണ്ടായി എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. തൃശ്ശൂരിലെ കോളനിയിൽ ബിജെപി പണം വിതരണം ചെയ്യുകയാണ്, ആദ്യം തന്നെ ബിജെപി ചെയ്ത പ്രവർത്തനം തനിക്ക് എതിരെ അപരനെ മത്സരിപ്പിക്കുകയായിരുന്നു, പണം വാങ്ങി വോട്ടു ചെയ്യുന്നവരാണ് തൃശ്ശൂരിലെ ജനങ്ങൾ എന്ന് കരുതരുത്, കോളനിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെ അപമാനിക്കുന്നതാണ് നടപടിയെന്നും വിഎസ് സുനില്‍ കുമാര്‍.

തൃശ്ശൂർ പാർലമെന്‍റ് മണ്ഡലത്തിലെ എല്ലാ മേഖലകളിലും യുഡിഎഫ് കാവൽ ഏർപ്പെടുത്തുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടിഎൻ പ്രതാപനും അറിയിച്ചു. പണമൊഴുക്ക് തടയുന്നതിൽ പൊലീസും തെരഞ്ഞെടുപ്പ് സ്ക്വാഡും പരാജയപ്പെട്ടു എന്നും പ്രതാപൻ പറഞ്ഞു. 

തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. വിഎസ് സുനില്‍ കുമാര്‍ ഇടതിന്‍റെ സ്ഥാനാര്‍ത്ഥിയും. 

Also Read:- തൃശൂരില്‍ ബിജെപി വോട്ടിന് പണം നല്‍കിയതായി ആക്ഷേപം; 500 രൂപ നല്‍കിയെന്ന് പരാതിക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo