ദില്ലി: പ്രളയത്തിൽ അകപ്പെട്ട സഹോദരങ്ങൾക്കായി വീണ്ടും ഉണർന്നു പ്രവർത്തിക്കുകയാണ് ദില്ലിയിലെ മലയാളികൾ. ഇതിന്റെ ഭാ​ഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങി. പരമാവധി സാധനങ്ങൾ ശേഖരിച്ച് നാട്ടിലെത്തിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ദില്ലി എംയിസിലെ മെഡിക്കൽ വിദ്യാർ‍ത്ഥികളും നേഴ്സിംഗ് സമൂഹത്തിന്റെയും നേതൃത്വത്തിലാണ് ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിക്കുന്നത്. കഴിഞ്ഞ തവണത്തെ മഹാപ്രളയത്തിൽ 2000 ടണ്ണോളം ആവശ്യസാധനങ്ങൾ എംയിസിലെ മലയാളികളായ ജീവനക്കാർ എത്തിച്ചു നൽകിയിരുന്നു. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് ഇത്തവണ കൂടുതലായി ഇവർ ശേഖരിക്കുന്നത്. 

രാവിലെ ഏട്ടു മുതൽ വൈകുന്നേരം ആറ് വരെ സാധനങ്ങൾ നൽകാം. ഞാറാഴ്ച്ചയോടെ സാധനങ്ങൾ കേരളത്തിൽ എത്തിക്കാനാണ് ശ്രമം. എംയിസ് കൂടാതെ സുപ്രീംകോടതി അഭിഭാഷകരുടെ നേത്യത്വത്തിലും ശേഖരണകേന്ദ്രങ്ങൾ പ്രവർ‍ത്തിക്കുന്നുണ്ട്. കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്കായോ ഡ്രാഫ്റ്റായോ പണം നേരിട്ട് സ്വീകരിക്കും.